
കക്കി – ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും
മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും.
ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാതല ഓണഘോഷം മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും
സംസ്ഥാന ടുറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പത്തനംതിട്ട നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലെ ഓണഘോഷ പരിപാടികള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വരെ സംഘടിപ്പിക്കും. പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ ശനിയാഴ്ച(ഓഗസ്റ്റ് 30) വൈകിട്ട് 5.30 ന് ജില്ലാതല ഓണഘോഷത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ടൗണ്‍ സ്‌ക്വയറില്‍ എത്തിചേരുന്നതോടെയാണ് ഉദ്ഘാടനപരിപാടി ആരംഭിക്കുന്നത്.
നിയമസഭാഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദ്, എഡിഎം ബി ജ്യോതി, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍ കുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ആര്‍ ജയറാണി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതല ഓണഘോഷ പരിപാടി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടാകും.
റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ശനിയാഴ്ച്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ശനിയാഴ്ച്ച (ഓഗസ്റ്റ് 30) രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.
ആരോഗ്യ കേരള പദ്ധതിയിലുള്‍പെടുത്തി 2.12 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചത്. ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നല്‍കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മായം കലര്‍ന്ന പാലിന്റെ വിപണനം;നടപടികളുമായി ക്ഷീരവികസന വകുപ്പ്
ഓണക്കാല പാല്‍ വിപണിയില്‍ മായം കലര്‍ന്ന പാലിന്റെ വിപണനം ഉണ്ടാകാതിരിക്കുന്നതിന് ശക്തമായ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുതലായതിനാല്‍ ഓണ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടേയും അളവും കൂടുതലായിരിക്കും. ഇത് വ്യാജ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇടയാക്കുമെന്നുള്ള സാധ്യത മുന്നില്‍ കണ്ടാണ് വകുപ്പിന്റെ മുന്‍കരുതല്‍.
പൊതുജനങ്ങളേയും ചെറുകിട കച്ചവടക്കാരേയും വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ ബോധവാന്‍മാരാക്കുക, ഓണ വിപണിയെ വ്യാജ ഉല്‍പന്നങ്ങളില്‍ നിന്ന് മുക്തമാക്കുക, പ്രാദേശിക ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവുക എന്നിവയാണ് പാല്‍പരിശോധനാ യജ്ഞത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 3 വരെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.
ജില്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടൂര്‍ അമ്മകണ്ടകര ഗുണനിയന്ത്രണ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനിത ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ ഒ.ബി മഞ്ജു, ക്ഷീര സംരംഭകത്വ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ പി.ഇ ഡോളസ് എന്നിവര്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും വിപണിയില്‍ ലഭ്യമായ പാല്‍ പരിശോധനയ്ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിയ്ക്കാം. സൗജന്യമായി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ സാമ്പിളുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താം. സാമ്പിളുകള്‍ എത്തിയ്ക്കുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും അല്ലാത്തവ 200 മി. ലി ല്‍ കുറയാതെയുമാണ് എത്തിയ്‌ക്കേണ്ടത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് 12 വരെയും പ്രവര്‍ത്തിക്കും.
കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 10ന്
കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 10 രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലര്‍ക്ക് ( എസ്.ടി വിഭാഗക്കാര്‍ക്കുളള പ്രത്യേക നിയമനം) ( കാറ്റഗറി നമ്പര്‍ 554/2019 ) തസ്തികയിലേക്ക് 2022 ജൂണ്‍ 27ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂണ്‍ 27 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ പട്ടികജാതി വികസന വകുപ്പിലെ കുക്ക് ( ഒന്നാം എന്‍സിഎ -പട്ടികജാതി) ( കാറ്റഗറി നമ്പര്‍ 715/2021 ) തസ്തികയിലേക്ക് 2024 ഏപ്രില്‍ 23ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ഇ-സമൃദ്ധ: സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും
മൃഗസംരക്ഷണ വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇ-സമൃദ്ധയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴച്ച (ഓഗസ്റ്റ് 30) രാവിലെ 10 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വെറ്ററിനറി ആശുപത്രിയിലും ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം പൂര്‍ണതോതില്‍ സജ്ജമായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തും. കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പ് സമര്‍പ്പണം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇ-സമൃദ്ധ വെബ്‌സൈറ്റ് ഉദ്ഘാടനം ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. മഹേഷ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കുക, സൈബര്‍ സംവിധാനത്തിലൂടെ മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-സമൃദ്ധ പദ്ധതി (ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം) നടപ്പാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി റെജില്‍ പദ്ധതി വിശദീകരിക്കും. ‘സൈബര്‍യുഗം- മാറുന്ന മൃഗസംരക്ഷണ മേഖല’ വിഷയത്തില്‍ എഎച്ച്ഡി റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ബി. അജിത്ത് ബാബു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സിഡിഐപിആര്‍ഡി ഡയറക്ടര്‍ ഡോ. അജിത് കുമാര്‍, കെഎല്‍ഡിബി അസിസ്റ്റന്റ് മാനേജര്‍ ഡോ.അവിനാശ് കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. രജിസ്ട്രേഷന്‍ രാവിലെ 8.30 ന് ആരംഭിക്കും.
താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
അമീബിക് മസ്തിഷ്‌കജ്വരം; പത്തനംതിട്ട ജില്ലയില്‍ ജാഗ്രത :ശനി, ഞായര്‍ ജലമാണ് ജീവന്‍ ക്യാമ്പയിന്‍
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ‘ജലമാണ് ജീവന്‍’ ജനകീയ ക്യാമ്പയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 30, 31) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.
ജില്ലയിലെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ചുറപ്പു വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരവും പരിശോധനയിലൂടെ ഉറപ്പുവരുത്തും.
പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജലസ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
ഇതോടൊപ്പം ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ഓണാവധിക്കു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനങ്ങളും ബോധവല്‍കരണവും നല്‍കും.
അമീബിക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നതും മുങ്ങുന്നതും എന്നിവ ഒഴിവാക്കുക. നീന്തുമ്പോഴോ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളി ലോ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക. ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക. ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ചെളി കലക്കുന്നതും അടിത്തട്ട് കുഴിക്കുന്നതും ഒഴിവാക്കുക.
ന്മ നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത് ശരിയായ രീതിയില്‍ പരിപാലിക്കണം.
സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക. തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക. പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്നുമാസം കൂടുമ്പോള്‍ നല്ലതു പോലെ തേച്ച് വൃത്തിയാക്കണം.
രോഗം പകരില്ല മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് രോഗം പകരില്ല. രോഗലക്ഷണമുള്ളവര്‍ പരിശോധയ്ക്ക് എത്തുമ്പോള്‍ സമീപകാലത്ത് കുളത്തിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങി മൂക്കില്‍ വെള്ളം കയറാനിടയായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് ഡി.എം.ഒ പറഞ്ഞു