ഇ സമൃദ്ധ’ ക്ഷീരകര്‍ഷകര്‍ക്ക് സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി

Spread the love

konnivartha.com: മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ഇ സമൃദ്ധയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ ഓള്‍ സെയിന്റ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ പശുക്കളുടെ എല്ലാ വിവരങ്ങളും അറിയാനാകും. ഇ സമൃദ്ധയിലൂടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡാണ് ലഭ്യമാക്കുന്നത്. പശുക്കള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കുന്നതിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുവനാകും. പാലുല്‍പാദനത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമായതിനാല്‍ ആഭ്യന്തര ഉല്‍പാദനം മികച്ച രീതിയില്‍ നടക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലൂടെ പ്രതിദിനം 2000 ലിറ്ററിനു പുറത്താണ് പാലുല്‍പാദനം. പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

വിവിധ പദ്ധതികളിലൂടെ ക്ഷീരകര്‍ഷകരുടെ ഉന്നമനമാണു വകുപ്പിന്റെ ലക്ഷ്യം. അപകടങ്ങളില്‍ പെട്ട് മരിക്കുന്ന ക്ഷീര കര്‍ഷകന് 7 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതികള്‍ വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അതിദാരിദ്ര്യ പട്ടികയിലുള്‍പെട്ടവര്‍ക്ക് വകുപ്പ് സബ്സിഡിയോടെ ഒരു ലക്ഷം രൂപ നല്‍കും. ക്ഷീരകര്‍ഷകര്‍ക്ക് 85 ശതമാനം പണം ക്ഷീര സംഘങ്ങള്‍ വഴിയാണു വിതരണം ചെയ്യുന്നത്. ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പ്, വിവാഹ ധനസഹായം, ഓണം മധുരം പദ്ധതിയിലൂടെ 500 രൂപ വീതം നല്‍കുന്നു. ചൂടുകൂടി മരണപ്പെട്ട ഇന്‍ഷുറന്‍സ് ഇല്ലാത്ത പശുക്കള്‍ക്ക് 37,500 രൂപ കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയിരുന്നു. നിലവില്‍ ഇടത്തരം പശുക്കള്‍ക്ക് 20,000 രൂപയും ചെറിയ പശുക്കള്‍ക്ക് 10000 രൂപയും നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ആദ്യ ഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പശുക്കളുടെ വന്ധ്യത മാറ്റാനുള്ള ചികിത്സ കേന്ദ്രങ്ങള്‍ കോഴിക്കോട്, വൈക്കം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മൃഗചികിത്സയുമായി ബന്ധപെട്ട് 1962 ഹെല്‍പ് ലൈനിലൂടെ ഡോക്ടറുടെ സേവനവും ആവശ്യമുള്ള മരുന്നുകളും വീട്ടുമുറ്റത്ത് എത്തിക്കുന്നു. വൈകിട്ട് നാല് മുതല്‍ രാത്രി 12 വരെ ഈ സേവനം ലഭ്യമാണ്. ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തുന്നതിനുള്ള ആംബുലന്‍സ് സൗകര്യവും വകുപ്പ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നതായും മന്ത്രി പറഞ്ഞു. ഇ-സമൃദ്ധ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു

സമാനതകളില്ലാത്ത വികസനമാണ് അടൂര്‍ മണ്ഡലത്തില്‍ നടക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന മൃഗസംരംക്ഷണ വകുപ്പ് ആധുനിക സംവിധാനത്തിലേക്ക് ഉയര്‍ന്നു.

സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കിലൂടെ മൃഗ ചികിത്സ വേഗത്തിലായതായും അധ്യക്ഷവഹിച്ചു അദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.മഹേഷ് കുമാര്‍ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി റെജില്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

കന്നുകാലികളുടെ ജിഐഎസ് മാപ്പിംഗും ആര്‍എഫ്ഐഡി ടാഗിംഗും നടത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍കെഐ) 7.525 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ഇ-സമൃദ്ധ (ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം). മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കുക, സൈബര്‍ സംവിധാനത്തിലൂടെ മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഉരുക്കള്‍ക്ക് ആര്‍എഫ്ഐഡി ടാഗിംഗ് നടപ്പാക്കി. സോഫ്റ്റ്‌വെയര്‍ മൊഡ്യൂളുകളുടെ ഭാഗമായി അനിമല്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി.

 

പത്തനംതിട്ട ജില്ലയിലെ എല്ലാ മൃഗചികിത്സ കേന്ദ്രങ്ങളിലും മറ്റു ജില്ലകളിലെ സ്ഥാപനങ്ങളിലും ഉള്‍പ്പടെ 130 കേന്ദ്രങ്ങളില്‍ ഇ സമൃദ്ധ അനിമല്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി സംസ്ഥാന വ്യാപകമായി നടപ്പാക്കും. പത്തനംതിട്ട ജില്ലയില്‍ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കും പദ്ധതി നടത്തിപ്പിനാവശ്യമായ ഹാര്‍ഡ്‌വെയര്‍ വാങ്ങി. പദ്ധതിയുടെ ഭാഗമായി ലബോറട്ടറി മാനേജ്മെന്റ് സിസ്റ്റം, നവീകരിച്ച പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ നടത്തിപ്പിന് സോഫ്‌വെയര്‍ ആപ്ലിക്കേഷന്‍ എന്നിവ ഒക്‌ടോബറില്‍ സജ്ജമാകും. ഇ സ്റ്റോക്ക് മാനേജ്‌മെന്റ് സിസ്റ്റം അടുത്ത ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും.

‘സൈബര്‍യുഗം- മാറുന്ന മൃഗസംരക്ഷണ മേഖല’ വിഷയത്തില്‍ എഎച്ച്ഡി റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ബി. അജിത്ത് ബാബു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സിഡിഐപിആര്‍ഡി ഡയറക്ടര്‍ ഡോ. അജിത് കുമാര്‍, കെഎല്‍ഡിബി അസിസ്റ്റന്റ് മാനേജര്‍ ഡോ.അവിനാശ് കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ് മോന്‍, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്‍, അംഗങ്ങളായ ശോഭ തോമസ് എം സലിം, ഡി.സജി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത, മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എസ്.സന്തോഷ്, അടൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നന്‍, ഫാ:പോള്‍ നിലയ്ക്കല്‍, രാഷ്ട്രീയ പ്രതിനിധികളായ അഡ്വ.വര്‍ഗീസ് മാമ്മന്‍, ബി.ഷാഹുല്‍ ഹമദ്, കെ.എസ് ശിവകുമാര്‍, രാജന്‍ സുലൈമാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: മിനിസ്റ്റര്‍ ചിഞ്ചു1:- സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂര്‍ ഓള്‍ സെയിന്റ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കുന്നു.

error: Content is protected !!