പള്ളിക്കല്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് ആയുഷ് കായകല്‍പ അവാര്‍ഡ്

Spread the love

 

konnivartha.com: പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷനും കേരള ആയുഷ് കായകല്‍പ അവാര്‍ഡും ലഭിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച പുരസ്‌കാരദാനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ്, ഹോമിയോപ്പതിവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബിജുകുമാര്‍, സ്‌റ്റേറ്റ് ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ.ആര്‍. രജികുമാര്‍ എന്നിവരടങ്ങിയ സംഘം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ആയുഷ് ഹോമിയോപ്പതിക് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സിസ്റ്റം 2.0 മുഖേന ഒ.പി രജിസ്ട്രേഷന്‍, രോഗി പരിശോധന, ലാബ് പരിശോധന, മരുന്ന് വിതരണം എന്നീ സേവനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനമാണ് പള്ളിക്കല്‍ സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്‌പെന്‍സറി.

 

2024 ജനുവരി ഒന്ന് മുതല്‍ ക്യു ആര്‍ കോഡ് മുഖേന ഒപി രജിസ്ട്രേഷന്‍, ലാബ് പരിശോധന എന്നീ സേവനങ്ങള്‍ക്ക് ലഭ്യമാക്കി. ബി പിഎല്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമാണ്. ഹരിതകേരളം മിഷന്‍ പുരസ്‌കാരം, കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള സ്ഥിരം രജിസ്ട്രേഷന്‍, മാതൃകാ ഡിസ്‌പെന്‍സറി പദവിയില്‍ നിന്നും ആരോഗ്യസ്വാസ്ഥ്യകേന്ദ്രമായി (ആയുഷ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍) ഉയര്‍ത്തല്‍, യോഗഹാള്‍ നിര്‍മിച്ച ്പ്രവര്‍ത്തനസജ്ജമാക്കല്‍, ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണത്തിന് സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇമേജുമായി കരാറിലേര്‍പ്പടല്‍ എന്നിങ്ങനെ നിരവധി നാഴികക്കല്ലുകള്‍ പിന്നിടുവാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.

സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍, മുഴുവന്‍ സമയ ശുദ്ധജല ലഭ്യത, ഇന്റര്‍നെറ്റ് സൗകര്യം ഭിന്നശേഷീസൗഹൃദ ശൗചാലയം, കെട്ടിടത്തിനുള്ളിലും പുറത്തുമുള്ള അഗ്നിശമന സൗകര്യം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍, അവശ്യമരുന്നുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാന ലാബ് പരിശോധനകളുടെയും ലഭ്യത, കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ / ഡിസ്പെന്‍സര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കുറഞ്ഞത് ജി. എന്‍.എം യോഗ്യതയുള്ള നേഴ്സ്), യോഗ ഇന്‍സ്ട്രക്ടര്‍ എന്നീ ആതുരസേവകരുടെ ലഭ്യത, രോഗിപരിചരണത്തിന്റെ ഗുണനിലവാരം, രോഗികള്‍ക്കു ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, ചികിത്സാരേഖകള്‍ ലഭ്യമാക്കല്‍, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങള്‍, പരിശീലന പരിപാടികള്‍, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും, അണുബാധ നിയന്ത്രണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തിയശേഷം ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും രോഗികളുടെ അവകാശങ്ങളെക്കുറിച്ചും സ്ഥാപനത്തിലെത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം കൂടി പരിഗണിച്ചാണ് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചത്.

error: Content is protected !!