പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/08/2025 )

Spread the love

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ജില്ലാ വികസന സമിതി യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കു പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പൊതുമരാമത്തും നഗരസഭയും സംയുക്ത പരിശോധന നടത്തണമെന്ന് അഡ്വ മാത്യു ടി തോമസ് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചയിടങ്ങളില്‍ പ്രവര്‍ത്തി വേഗത്തിലാക്കണം. പെരിങ്ങര പഞ്ചായത്തിലെ മുന്നൊന്നില്‍ പടിതോട്ടിലെ പെരിഞ്ചാന്‍തറ, ആലുംമൂട്ടില്‍പടി എന്നിവിടങ്ങളിലെ സര്‍വെ നടപടി പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു. നിരണം, കുന്നന്താനം ഗ്രാമപഞ്ചായത്ത് കെട്ടിടം, പുളിക്കീഴ് പൊലിസ് സ്റ്റേഷന്‍, തിരുവല്ല സര്‍ക്കാര്‍ ആശുപത്രി പുതിയ ഒപി കെട്ടിടം, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ എംഎല്‍എ യോഗത്തില്‍ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം, പുതുമണ്‍ സംബന്ധിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം വിലയിരുത്തി.

മാലിന്യമുക്ത നവ കേരളം, അതിദാരിദ്ര നിര്‍മാര്‍ജനം എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി.എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഡിപ്ലോമ റഗുലര്‍ അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 1 മുതല്‍ 15 വരെ ഡിപ്ലോമ റഗുലര്‍ അഡ്മിഷന്‍ നടക്കും. സമയം രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. വെബ്സൈറ്റ് : www.polyadmission.org , ഫോണ്‍ : 04735 266671.

 

ക്വട്ടേഷന്‍

ജില്ലാ മെഡിക്കല്‍ ഓഫീസിലെ വാഹനം ലേലം ക്വട്ടേഷന്‍ ചെയ്ത് വില്‍പ്പന നടത്തിയ ശേഷം 5 വര്‍ഷത്തേക്കു തിരികെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഉപയോഗത്തിനു വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 3 രാവിലെ 11 വരെ. ഫോണ്‍ : 0468 2222642. ഇ-മെയില്‍ : [email protected]

 

നോമിനേഷന്‍ ക്ഷണിച്ചു

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുളള വ്യക്തികള്‍, സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുളള സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് 16 വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 15. വെബ് സൈറ്റ് : www.swdkerala.gov.in ഫോണ്‍ : 0468 2325168.

 

ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തും

ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30 മുതല്‍ മിന്നല്‍ പരിശോധന നടത്തും. എല്ലാ ദിവസവും സ്‌ക്വാഡുകള്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്‍പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ചുവടെയുളള നമ്പരുകളില്‍ പരാതി അറിയിക്കാം .

കോഴഞ്ചേരി താലൂക്ക്: 8281698030
റാന്നി താലൂക്ക്: 8281698033, അടൂര്‍ താലൂക്ക്: 8281698031,
മല്ലപ്പള്ളി താലൂക്ക്: 8281698034, തിരുവല്ലതാലൂക്ക്: 8281698032,
കോന്നി താലൂക്ക്: 9400064083, ഫ്‌ളയിങ് സ്‌ക്വാഡ്: 9188525703,
കണ്‍ട്രോളര്‍ റൂം: 0468-2341213, 0468-2322853

 

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 562/2021) തസ്തികയിലേക്ക് 2023 ജൂലൈ 6ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

ഗ്രാമീണ കലാകാരന്മാരുടെ ഏകദിന ശില്പശാല

ഗ്രാമീണ കലാകേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ ഭാരവാഹികള്‍ക്കുള്ള പരിശീലന പരിപാടി ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ.ജി ശങ്കര്‍ നിര്‍വഹിച്ചു. ഗുരുകുലം വൈസ് ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. പൈതൃക കരകൗശല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്മാര്‍ക്ക് ഉല്‍പന്നങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിര്‍മ്മിക്കുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് വിപണന സാധ്യതകള്‍ തേടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിന്റെ തുടക്കമായാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. മുന്‍ കെഎസ്ഐഡി ഡയറക്ടര്‍ ഗിരീഷ് പാലവിള, ഡിസിഎച്ച് അംഗീകൃത ഡിസൈനര്‍ അനന്തു സുധീര്‍ പരിശീലനത്തിന് നേതൃത്വം നല്കി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ് പ്രിയദര്‍ശനന്‍, ഭരണസമിതി അംഗങ്ങളായ ജി. വിജയന്‍, കെ.പി. അശോകന്‍, ശ്രീജ വിമല്‍, ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍ പി.ആര്‍ ദീപ്തി എന്നിവര്‍ പങ്കെടുത്തു.

 

കോന്നി കയര്‍ഫെഡ്ഷോറൂം ഉത്രാടത്തിനും തുറക്കും

പൊന്നോണ വിപണനമേളയോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ്ഷോറൂം അവധിദിനങ്ങള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 4ന് വൈകിട്ട് 9 വരെ തുറന്നു പ്രവര്‍ത്തിക്കും. മെത്തയ്ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയു ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവനും 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ്കൂപ്പണുകളും ലഭിക്കും.
സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍.സി 3 ഡോര്‍മാറ്റ് എന്നിവയും സൂരജ്, സൂരജ്ഗോള്‍ഡ്, ഓര്‍ത്തോലെക്സ് മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം. ഡബിള്‍ കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാജീവനക്കാര്‍, സഹകരണജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശരഹിതവായ്പയും ലഭിക്കും. സെപ്റ്റംബര്‍ 15 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍: 9447861345, 9447958445

 

 

സ്പോട്ട് അഡ്മിഷന്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബര്‍ 8ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. വെബ്സൈറ്റ്: www.polyadmission.org ഫോണ്‍ : 04734 231776.

 

 

സാധ്യതാ പട്ടിക

ജില്ലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയുടെ സാധ്യതാ പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

കോഴഞ്ചേരി താലൂക്ക് ഓണം ഫെയര്‍ മന്ത്രി വീണാ ജോര്‍ജ് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴഞ്ചേരി താലൂക്ക് ഓണം ഫെയര്‍ ഞായറാഴ്ച്ച (ഓഗസ്റ്റ് 31) രാവിലെ 10.30 ന് ആറന്മുള കച്ചേരിപ്പടിയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ്മോന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജയകുമാര്‍ ആദ്യവില്‍പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജി മുഖ്യപ്രഭാഷണവും നടത്തും. സെപ്റ്റംബര്‍ 4 വരെയാണ് ഓണം ഫെയര്‍. ഉല്‍പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. ന്യായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം അനില എസ് നായര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ഷാജു, ജില്ല സപ്ലൈകോ ഡിപ്പോ മാനേജര്‍ എന്‍.രാധേഷ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോന്നി താലൂക്ക് ഓണം ഫെയര്‍ ഉദ്ഘാടനം ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിക്കും

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോന്നി താലൂക്ക് ഓണം ഫെയര്‍ ഞായറാഴ്ച്ച(ഓഗസ്റ്റ് 31) രാവിലെ 11.30 ന് കോന്നി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി ബാബു അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ആദ്യവില്‍പന നടത്തും. സെപ്റ്റംബര്‍ 4 വരെയാണ് ഓണം ഫെയര്‍. ഉല്‍പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വിലക്കുറവില്‍ ലഭിക്കും. ന്യായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ പിള്ള, ജില്ല സപ്ലൈകോ ഡിപ്പോ മാനേജര്‍ എന്‍.രാധേഷ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്;ഷട്ടറുകള്‍ തുറക്കും

മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലായ 190 മീറ്റര്‍ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ അറിയിച്ചു

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ്

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരസ്‌കാരച്ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ. മിനി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, ഡിപിഎം ഡോ. അഖില, മുന്‍ എസ്എംഒ ഡോ.ജി.എല്‍ മഞ്ജു, ഡോ. ശ്രീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ല ബീഗം, ജില്ലാ ഡിവിഷന്‍ മെമ്പര്‍ സാറാ തോമസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആശുപത്രിയിലെ മികച്ച ശുചിത്വവും, ഇന്‍ഫെക്ഷന്‍ കണ്‍ട്രോളും മാലിന്യ സംസ്‌കരണവും അടിസ്ഥാന സൗകര്യങ്ങളും രോഗികള്‍ക്കുള്ള മികച്ച പരിചരണവും മൂലമാണ് ഈ അംഗീകാരം ലഭിച്ചത്. 92.78 ശതമാനം മാര്‍ക്കോടുകൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 1.50 ലക്ഷം രൂപയും നേടി. ഇതിനോടൊപ്പം കായകല്പ് റീല്‍ മത്സരത്തില്‍ കമന്‍ഡേഷന്‍ അവാര്‍ഡും ലഭിച്ചു.

error: Content is protected !!