2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Spread the love

2025 ലെ ദേശീയ അധ്യാപക പുരസ്കാരത്തിൽ കേരളത്തിന് ഇരട്ടനേട്ടം

 

konnivartha.com: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് അധ്യാപകർ പുരസ്കാര പട്ടികയിൽ ഇടം നേടി. തിരുവനന്തപുരം കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കിഷോർകുമാർ എം.എസ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്ടി) സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ. മനോജ് ബി.എസ് എന്നിവരാണ് മലയാളികളായ പുരസ്കാര ജേതാക്കൾ.

വിദ്യാഭ്യാസത്തോടുള്ള ലിംഗപരമായ സംവേദനക്ഷമതയുള്ള സമീപനത്തിനാണ് കിഷോർകുമാറിന് അംഗീകാരം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസത്തിൽ ഊന്നി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഈ പ്രവർത്തനങ്ങളിലൂടെ പെൺകുട്ടികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

കുടുംബങ്ങളുമായി ഇടപഴകുന്നതിനും വിശ്വാസം വളർത്തുന്നതിനുമായി അദ്ദേഹം വിദൂര ഗ്രാമങ്ങൾ സന്ദർശിക്കും. ആകാശവാണിയിൽ അദ്ദേഹം നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണായി പ്രവർത്തിച്ചിട്ടുണ്ട്. നൂതന രീതികളെക്കുറിച്ചും ക്ലാസ് മുറിയിൽ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും അധ്യാപകരെ പരിശീലിപ്പിക്കുന്നതിലും ശ്രീ. കിഷോർകുമാർ ഊന്നൽ നൽകി. ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ച്ചും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വെച്ചു. പൊതു സമൂഹ പങ്കാളിത്തതിലൂടെ സ്കൂൾ സൗകര്യങ്ങളും ശുചിത്വവും മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ വിജയം കൈവരിച്ചു. തന്റെ അചഞ്ചലമായ സമർപ്പണത്തിന്, കിഷോർകുമാറിന് രാജ്യം ഡോ. രാധാകൃഷ്ണൻ മികച്ച അധ്യാപക പുരസ്കാരം നൽകി ആദരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ അധ്യാപക പുരസ്കാരം നേടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്ടി) സീനിയർ പ്രൊഫസർ പ്രൊഫ. മനോജ് ബി.എസ് വിദ്യാർത്ഥികൾക്ക് ഉയർന്ന സ്വാധീനമുള്ള അനുഭവ പഠനം സാധ്യമാക്കുന്ന ഡീപ് ടീച്ചിംഗ് ഉൾപ്പെടെ നിരവധി അധ്യാപന നൂതനാശയങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെക്നോളജി-ഇന്റഗ്രേറ്റഡ് ടീച്ചിംഗ്, മെന്റീ-സെൻട്രിക് മെന്ററിംഗ് (എംസിഎം), മൾട്ടി-ട്രാക്ക് മോഡുലാർ ടീച്ചിംഗ് (എംടി 2) എന്നിവ അദ്ദേഹത്തിന്റെ ഡീപ് ടീച്ചിംഗ് രീതി സംയോജിപ്പിക്കുന്നു. ഒരു അക്കാദമിക് കോഴ്സിനുള്ളിൽ വിവിധ ആക്ടിവിറ്റി ട്രാക്കുകൾ സൃഷ്ടിച്ചുകൊണ്ട് മൾട്ടി-മോഡൽ ലേണിംഗ് പ്രാപ്തമാക്കാൻ എംടി 2 സഹായിക്കുന്നു. കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ, എഐ, സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾ, ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസുകൾ, വയർലെസ് അഡ് ഹോക്ക് ആൻഡ് മെഷ് നെറ്റ്‌വർക്കുകൾ, സങ്കീർണ്ണമായ നെറ്റ്‌വർക്കുകൾ എന്നിവ അദ്ദേഹത്തിന്റെ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു. പാഠപുസ്തകങ്ങൾ, ജേണൽ പ്രസിദ്ധീകരണങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസ് പ്രസിദ്ധീകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പിയർ-റിവ്യൂഡ് പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിച്ചുണ്ട്. 7300-ലധികം സൈറ്റേഷനുകൾ, 33 എച്ച്-ഇൻഡക്സ്, 91-ഐ-10 സൂചിക എന്നിവയുമായി അദ്ദേഹത്തിന്റെ ഗവേഷണം വ്യാപകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ദേശീയ അധ്യാപക പുരസ്കാര നിറവിൽ ലക്ഷദ്വീപിലെ അധ്യാപകനും ലക്ഷദ്വീപ് മൂല അന്ത്രോത്തിലെ ഗവ. ജൂനിയർ ബേസിക് സ്കൂൾ പ്രധാനാധ്യാപകൻ ഇബ്രാഹിം എസ്. വിദ്യാർത്ഥികളുടെ സാമൂഹിക, വൈകാരിക, അക്കാദമിക് ക്ഷേമം പരിപോഷിപ്പിക്കുന്നതിനായി തന്റെ കരിയർ സമർപ്പിച്ചു. വ്യക്തിഗത ഇടപെടലിലൂടെ, വിദ്യാർത്ഥികളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ അദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

വീടുകൾ സന്ദർശിക്കാനും വിശ്വാസം വളർത്തിയെടുക്കാനും അചഞ്ചലമായ പിന്തുണ നൽകാനുമുള്ള ശ്രമങ്ങൾ വിദ്യാർത്ഥികളെ വിജയകരമായി സ്കൂളിലേക്ക് തിരികെ കൊണ്ടുവന്നു, ഇത് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനും അർത്ഥവത്തായ ജീവിതം കെട്ടിപ്പടുക്കാനും അവരെ പ്രാപ്തരാക്കി. പെരുമാറ്റപരവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ മറികടക്കാൻ കുട്ടികളെ സഹായിക്കുന്നതിന് അദ്ദേഹം വ്യത്യസ്ത തന്ത്രങ്ങൾ ഉപയോഗിക്കുന്നു. വ്യക്തിഗത മാർഗനിർദേശങ്ങൾക്കപ്പുറം, പരിപോഷിപ്പിക്കുന്ന ഒരു സ്കൂൾ ആവാസവ്യവസ്ഥ അദ്ദേഹം സൃഷ്ടിച്ചു. ഒരു ഹരിത വായനശാല , കളി കോണുകൾ, “ഒരു വിദ്യാർത്ഥിക്ക് ഒരു ചെടി” പദ്ധതി എന്നിവയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സംരംഭങ്ങൾ ആരോഗ്യം, സർഗ്ഗാത്മകത, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. “തിഥി ഭോജൻ” പോലുള്ള സംരംഭങ്ങളിലൂടെയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ബോർഡിലൂടെയും ശ്രീ. ഇബ്രാഹിം സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്തി. ഇത് സമഗ്ര വിദ്യാഭ്യാസത്തോടും തന്റെ സ്കൂൾ സമൂഹത്തിന്റെ കൂട്ടായ മനോഭാവത്തോടുമുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു. സാമൂഹിക ഇടപെടൽ, സാമൂഹിക-വൈകാരിക പഠനം എന്നീ മേഖലകളിലെ പ്രവർത്തനത്തിനാണ് ഇബ്രാഹിമിന് അംഗീകാരം.

error: Content is protected !!