പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/09/2025 )

Spread the love

ജില്ലാ ടിബി സെന്റര്‍ നിര്‍മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍)

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടിബി സെന്ററിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.17 കോടി രൂപയിലാണ് നവീകരണം.  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിര ദേവി, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ കെ ജെ റീന, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


അഭിമുഖം

മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖേനെ  നടപ്പാക്കുന്ന മൊബൈല്‍  സര്‍ജറി യൂണിറ്റ്  പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി എം.എസ്.യു പി.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ  11ന് അഭിമുഖം.
യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, വെറ്ററിനറി സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം.
ഫോണ്‍ :  0468 2322762.


വെറ്ററിനറി സര്‍ജന്‍ അഭിമുഖം സെപ്റ്റംബര്‍ എട്ടിന്  

മൃഗസംരക്ഷണവകുപ്പ്  ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു.   ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ എട്ടിന് പകല്‍ 12 നാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്,  കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.


സൗജന്യപരിശീലനം

പത്തനംതിട്ട എസ് ബി ഐ  ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് , സ്റ്റിച്ചിങ്, നൈറ്റി സ്റ്റിച്ചിങ് പരിശീലനം  സെപ്റ്റംബര്‍ 15 രാവിലെ 10 മുതല്‍ തുടങ്ങുന്നു.  18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം.
ഫോണ്‍ : 8330010232, 04682992293, 0468 2270243.


കര്‍ഷകര്‍ക്ക് പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ 17  മുതല്‍ 25 വരെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി,  സമയം എന്ന ക്രമത്തില്‍
ഇറച്ചികോഴി വളര്‍ത്തല്‍, സെപ്റ്റംബര്‍ 17, 18 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
എരുമ വളര്‍ത്തല്‍, സെപ്റ്റംബര്‍ 24, 25 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
ഫോണ്‍ : 0469 2965535.

അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുളള  പ്രവേശനം ആരംഭിച്ചു.
ഫോണ്‍ : 0469 2961525, 8281905525.


ദര്‍ഘാസ്

കോയിപ്രം ശിശു വികസന പദ്ധതി ഓഫീസിലെ 2011 മോഡല്‍ മഹീന്ദ്ര ബൊലെറോ വാഹനം ലേലം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 9961103039.

യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടെതായ ഇടം കണ്ടെത്തിയവര്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected]ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബര്‍ 30. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം.  ഫോണ്‍ 0471 2308630

 

ജസ്റ്റിസ് പി ഡി രാജന് സംസ്ഥാന സര്‍ക്കാരിന്റെ അന്ത്യോപചാരം

അന്തരിച്ച റിട്ട. ജസ്റ്റിസ് പി ഡി രാജന് സംസ്ഥാന സര്‍ക്കാരിന്റെ അന്ത്യാഞ്ജലി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ ഡോ. കെ വത്സലകുമാരിയേയും കുടുംബാംഗങ്ങളെയും മന്ത്രി അനുശോചനം അറിയിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി എഡിഎം ബി ജ്യോതി പുഷ്പചക്രം സമര്‍പ്പിച്ചു.

പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. 2013 മുതല്‍ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. 1995ല്‍ ആലപ്പുഴ എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. 2009ല്‍ നിയമസഭാ സെക്രട്ടറിയായി. 2012ല്‍ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. എന്‍ആര്‍ഐ കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു.

നീര്‍വിളാകം കാര്‍ഷിക സംഭരണ വിപണന കേന്ദ്രം ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍)

ആറന്മുള ഗ്രാമ പഞ്ചായത്തിലെ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി നിര്‍മിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) ഉച്ചയ്ക്ക് 2.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും.

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം വിനിയോഗിച്ചാണ് കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നിര്‍മിച്ചത്. കര്‍ഷകരുടെ ഉല്‍പന്നം സംഭരിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാനാകും.

ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ്മോന്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി റ്റോജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ലാബീഗം, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ പി. ബി. സതീഷ്‌കുമാര്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗം എസ്. മുരളീകൃഷ്ണന്‍, രാഷ്ട്രീയ സാമൂഹിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബശ്രീ നേതൃത്വത്തിലുള്ള ഓണം വിപണിയും കേരളാ ദിനേശ് സഹകരണ സംഘം വക ഓണകലവറയും കാര്‍ഷിക സംഭരണ വിപണന കേന്ദ്രത്തിലുണ്ടാകും.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

അടൂര്‍ നഗരസഭയിലെ 18 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വിച്ച് ഓണ്‍ ചെയ്തു. ഗുരുമന്ദിരം, പ്ലാവിളത്തറ, ചേന്തുകുളം, ഊട്ടിമുക്ക്, ആനന്ദപ്പള്ളി, അട്ടകുളം, വലിയകുളം കാഞ്ഞിരവേലില്‍, പാര്‍ഥസാരഥി കുളം, ഹോളി ഏഞ്ചല്‍സ് റീത്തുപള്ളി, എഎംജെ ഓഡിറ്റോറിയം ജംഗ്ഷന്‍ കണ്ണങ്കോട്, പിഡബ്ല്യുഡി ഓഫീസ് ജംഗ്ഷന്‍, ടിബി ജംഗ്ഷന്‍, കോട്ടമുകള്‍, മിനി ഇന്‍ഡസ്ട്രീസ് പരുത്തിപ്പാറ, അയ്യപ്പന്‍പാറക്ഷേത്രം ജംഗ്ഷന്‍, കടുവങ്കല്‍ പടി, നെല്ലിമൂട്ടില്‍ പടി, മൂന്നാളം കോട്ടക്കത്തറ എന്നിവിടങ്ങളിലാണ് എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ലൈറ്റ് സ്ഥാപിച്ചത്. അടൂര്‍ നഗരസഭ ചെയര്‍പേര്‍സന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഡി സജി, ദിവ്യാ റജി മുഹമ്മദ്, ജി പ്രസാദ്, അനിതാ ദേവി, രമേശ് വരിക്കോലില്‍, അപ്സര സനല്‍, രജനി രമേശ്, ബീന ബാബു, ബിന്ദു കുമാരി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!