നന്മയുടെ പാത തെളിയിച്ച് സുഗതൻ മാഷ്

Spread the love

 

konnivartha.com: 12 വർഷങ്ങൾക്കു മുമ്പ് താൻ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ പ്രായാധിക്യത്താൽ നടക്കാൻ പോലും കഴിയാത്ത ഒരു മുത്തശ്ശി പടികൾ ഇറങ്ങി ക്ലാസിന്റെ വാതിലിൽ വന്ന് “അനന്തുവിന്റെ ക്ലാസ്സ് അല്ലേ എന്ന് ചോദിച്ചു.” അതെ… എന്ന് ആ അധ്യാപകൻ മറുപടി നൽകി. അനന്തുവിന്റെ മുത്തശ്ശി ആണ് ഞാൻ എന്നും.. അവൻ രാവിലെ ഒന്നും കഴിച്ചില്ല ഇത് അവന് കൊടുക്കണേ സാർ എന്ന് പറഞ്ഞുകൊണ്ട് ഒരു കവർ ബ്രഡ് ആ അധ്യാപകന്റെ നേരെ നീട്ടി… അദ്ദേഹത്തിന് എന്തോ അസ്വഭാവികത തോന്നി.

 

അവശയായ മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും ആ അധ്യാപകൻ ചോദിച്ചറിഞ്ഞു. തന്റെ കൊച്ചുമകനാണ് അനന്തു എന്നും അവന്റെ അമ്മ മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നും അതുകാരണം ഞങ്ങളെ ഉപേക്ഷിച്ച് ഇവന്റെ അച്ഛൻ വീട് വിട്ടു പോയെന്നും മറ്റുമുള്ള വേദനിക്കുന്ന കഥ കേട്ടപ്പോൾ ആ അധ്യാപകന്റെ മനസ്സൊന്നു പിടഞ്ഞു… അന്ന് രാത്രിയിൽ അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല… തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിക്കും ഓരോ കഥകൾ ഉണ്ടെന്നും ചില കുട്ടികളുടെ കഥ വളരെ വേദനിക്കുന്നതാണെന്നും ഉള്ള ചിന്ത അദ്ദേഹത്തെ അലട്ടി…. ഇത്തരത്തിലുള്ള കുട്ടികളെ കണ്ടുപിടിച്ച് അവരെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ചിന്ത അദ്ദേഹത്തിനു തോന്നി…. പിന്നെ ഒട്ടും താമസിച്ചില്ല അദ്ദേഹം തന്റെ സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും സഹായത്തോടുകൂടി സ്കൂളിൽ ഒരു പദ്ധതി നടപ്പാക്കി

 

. തന്റെ സ്കൂളിലെ 2000 ൽ പരം കുട്ടികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മാതാപിതാക്കൾ നഷ്ടപ്പെട്ട, മാരക രോഗത്തിന് അടിപ്പെട്ട, അത്തരത്തിൽ വേദന അനുഭവിക്കുന്ന 10 കുട്ടികളെ വ്യക്തമായ മാനദണ്ഡങ്ങളോടെ ഓരോ വർഷവും കണ്ടെത്തി ലിസ്റ്റ് ചെയ്ത് ഓരോ കുട്ടിക്കും പ്രതിമാസം 1000 രൂപ നിരക്കിൽ നൽകുന്ന സ്കോളർഷിപ്പ് പദ്ധതി.” കാരുണ്യ സ്പർശം സ്കോളർഷിപ്പ് ” എന്ന് പേരിട്ട പദ്ധതി പിന്നീട് ഡോക്ടർ എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി എന്ന പേരിൽ കഴിഞ്ഞ വർഷം വരെ ഏകദേശം 6 ലക്ഷത്തി എഴുപതിനായിരം രൂപ വിതരണം ചെയ്തു…… ഈ വർഷത്തെ ദേശീയ അധ്യാപക ദിനത്തിൽ ഇവിടെ കുറിക്കുന്നത് ഈ കഥയിലെ കഥാപാത്രമായ അധ്യാപകനെ കുറിച്ചാണ്….

ആലപ്പുഴ ജില്ലയിൽ തല ഉയർത്തി നിൽക്കുന്ന വിദ്യാലയ മുത്തശ്ശിയായ വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപകനാണ് എൽ സുഗതൻ….. എപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ഒരു അധ്യാപകൻ നല്ല സാമൂഹിക പ്രവർത്തകൻ ആകണം, നല്ലയൊരു പരിശീലകൻ ആകണം , നല്ല ഒരു രക്ഷിതാവാകണം, ഒരു കലാകാരൻ ആകണം, പ്രതികരണശേഷിയുള്ള ആളാകണം, മറ്റുള്ളവർക്ക് മാതൃകയാകണം, സഹജീവി സ്നേഹത്തോടൊപ്പം മറ്റുള്ളവരെ കൈപിടിച്ചുയർത്തുന്നവൻ ആകണം. ഈ വിശേഷണങ്ങളെല്ലാം ഉള്ള ഒരു മാഷാണ് ഇദ്ദേഹം. കേവലം പുസ്തകത്താളുകളിൽ നിന്നപ്പുറം തന്റെ കുട്ടികൾക്ക് വേണ്ടിയും സമൂഹത്തിനുവേണ്ടിയും എന്തെല്ലാം ചെയ്യാമോ അതിനും അപ്പുറം തന്റെ അധ്യാപന ജീവിതത്തിൽ ചെയ്തു കാണിച്ച ഒരു അധ്യാപകൻ.

2000 ആണ്ടിൽ ജൂൺ 26 ന് പ്രൈമറി വിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം നേതൃത്വം കൊടുത്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും വേറിട്ടതും വിദ്യാഭ്യാസ മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. ഏതാണ്ട് 250 പരം പ്രവർത്തനങ്ങളാണ് സ്കൂളിലും സമൂഹത്തിലുമായി ഇദ്ദേഹം നടത്തിയിട്ടുള്ളത്. ഇന്ന് കുട്ടികൾ നേരിടുന്ന വ്യക്തിപരവും സാമൂഹ്യപരവും വിദ്യാഭ്യാസപരവും ആയിട്ടുള്ള നിരവധി വിഷയങ്ങളിൽ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. പല ഇടപെടലുകളിലും പരിഹാരമുണ്ടായത് ഇദ്ദേഹത്തിന്റെ നിരന്തരമായുള്ള തുടർ പ്രവർത്തനങ്ങളാണ്. ഏതൊരു ആശയവും ആദ്യം തന്റെ സ്കൂളിൽ നടപ്പിലാക്കിയതിനു ശേഷം സമൂഹത്തിലെയും സംസ്ഥാനത്തെയും മറ്റു സ്കൂളുകളിലും നടപ്പാക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തിഎന്നതാണ് യാഥാർഥ്യം. വെറും പത്രത്താളുകളിൽ സ്ഥാനം പിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ അല്ല അതെന്ന് അദ്ദേഹത്തിന് അടുത്തറിയാവുന്ന ഏവർക്കും അറിയാം. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങൾക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജനം ഉണ്ടായിട്ടുള്ളവയാണ്.

അധ്യാപന ജീവിതം 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ
അദ്ദേഹം നേതൃത്വം കൊടുത്തിട്ടുള്ള പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറിക്കെതിരെ യുള്ള പോരാട്ടം

ഒരു ദിവസം സ്കൂളിൽ വച്ചാണ് ഇതിന് ആസപ്ദമായ സംഭവം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിനായി 10 കവറുകളിൽ പച്ചക്കറി വെച്ചിരിക്കുന്നത് കണ്ടു. അതും പുറത്തെ മാർക്കറ്റുകളിൽ നിന്നും ലഭിച്ചത്. നമ്മുടെ വീടുകളിൽ ഇത്തരം പച്ചക്കറികൾ വാങ്ങിക്കുമ്പോൾ ഒരു മണിക്കൂർ സമയം ഉപ്പുവെള്ളത്തിലോ മഞ്ഞൾ വെള്ളത്തിലോ കഴുകിയാണ് ഉപയോഗിക്കാറ്. എന്നാൽ നമ്മുടെ കേരളത്തിലെ സ്കൂളുകളിൽ ഇത് സ്കൂൾ പാചക തൊഴിലാളികൾ കഴുകിയെന്നു വരുത്തി തീർത്ത് പാചകം ചെയ്യുകയാണ് പതിവ്. (അന്നത്തെ നേച്ചർ ക്ലബ്ബിന്റെ കൺവീനർ കൂടിയായ സുഗതൻ മാഷ് സ്കൂൾ ഉച്ചഭക്ഷണത്തിലുള്ള പച്ചക്കറികൾ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. )

എന്നാൽ അന്യസംസ്ഥാനത്തുനിന്ന് വരുന്ന പച്ചക്കറികൾ സ്ഥിരമായി കഴിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ബാലാവകാശ കമ്മീഷനും അദ്ദേഹം പരാതികൾ അയച്ചു. ഒപ്പം ചില നിർദ്ദേശങ്ങൾ കൂടി അദ്ദേഹം വയ്ക്കുകയുണ്ടായി. പുറത്തുനിന്നുള്ള പച്ചക്കറി പരമാവധി ഒഴിവാക്കണമെന്നും പകരമായി നാട്ടുമ്പുറത്തു നിന്നും ലഭിക്കുന്ന നാടൻ പച്ചക്കറികളും കാർഷിക വിഭവങ്ങൾ ഉപയോഗിച്ച് കുഞ്ഞുങ്ങൾക്ക് ഭക്ഷണം തയ്യാറാക്കണമെന്നും നിർദേശിച്ചു. അധികൃതർ ഈ പരാതി പരിഗണിക്കുകയും ഹോർട്ടികോർപ്പിൽ നിന്നും പരമാവധി നാടൻ പച്ചക്കറികൾ സ്കൂളുകൾ വാങ്ങണമെന്നും ഉത്തരവിറക്കി. എന്നാൽ ഈ ഉത്തരവുകളൊന്നും അധികനാൾ നീണ്ടുനിന്നില്ല. വീണ്ടും അദ്ദേഹം പരാതികളുമായി അധികൃതരെ സമീപിച്ചു. സ്കൂളിലെ ഉച്ചഭക്ഷണത്തിലുള്ള പച്ചക്കറികൾ സ്കൂളിൽ നിന്നു തന്നെ കൃഷി ചെയ്ത് കണ്ടെത്തണമെന്ന ഉത്തരവുമായി വീണ്ടും സർക്കാർ മുന്നോട്ടുവന്നു. അതിനായി ഫണ്ടും അനുവദിച്ചു. എന്നാൽ ഇതിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളിലെ മൂന്ന് വെക്കേഷൻ കഴിഞ്ഞു വരുമ്പോൾ അവിടെ പിന്നെ ഒന്നും കാണാത്ത സ്ഥിതിയാണ്. ആയതിനാൽ സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനം കുടുംബശ്രീക്കോ തൊഴിലുറപ്പ് പദ്ധതിക്കോ കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും പരാതികൾ അയച്ചു. എന്നാൽ അതൊന്നും ഫലവത്തായില്ല. ഈ വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വിഷം തീണ്ടിയ പച്ചക്കറികൾ പരമാവധി ഒഴിവാക്കിയുള്ള പുതിയ ഭക്ഷണമെനു ഇദ്ദേഹത്തിന് ഏറെ ആശ്വാസമായിരിക്കുകയാണ്.

പാഠ്യപ്രവർത്തനങ്ങൾക്ക് മുഖ്യ സ്ഥാനം

ആരോഗ്യമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കുന്ന ലക്ഷ്യത്തോടൊപ്പം
പാഠ്യ പ്രവർത്തനങ്ങളും വളരെ പ്രാധാന്യത്തോടെ ആണ് അദ്ദേഹം ചെയ്തു വരുന്നത്. എല്ലാ പീരീയിഡുകളിലുംതന്റെ ആദ്യത്തെ അഞ്ച് നിമിഷങ്ങൾ  അന്നത്തെ ദിനത്തിന്റെ പ്രത്യേകതയോ മറ്റ് ജീവിത മൂല്യങ്ങളോ പ്രതിപാദിച്ചിരിക്കും. അത് മാഷിന് മസ്റ്റാണ്. അവിടെയാണ് കുട്ടികൾക്ക് ഇദ്ദേഹം വേറിട്ട മാഷ് ആകുന്നത്. ഒരു ഗണിതശാസ്ത്ര അധ്യാപകനായ ഇദ്ദേഹം ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗണിത പഠനത്തോടൊപ്പം
പസിലിലൂടെയും ഗെയിമിലൂടെയും ഉള്ള പഠനത്തിന് മുൻതൂക്കം കൊടുക്കുന്നതിനാൽ തന്നെ കുട്ടികൾക്ക് ഏറെ പ്രിയങ്കരനാണ് . പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഗണിത മോഡലുകൾ ഉണ്ടാക്കുകയും കുട്ടികളെക്കൊണ്ട് അത് നിർമ്മിക്കുകയും ചെയ്യുന്നത് കുട്ടികളിൽ കൂടുതൽ ക്രിയാത്മകത വളർത്തുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജീവിത ചരിത്രത്തെ ആസ്പദമാക്കി നിർമിച്ച” ശ്രീനിവാസ രാമാനുജൻ “എന്ന ഡോക്യുമെന്ററിക്ക്  കുട്ടികളുടെ സംസ്ഥാന ചലച്ചിത്രമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒരു പരിശീലകൻ കൂടിയായ ഇദ്ദേഹം സ്‌കൂളുകളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്‌ളാസും പേരെന്റിങ് ക്‌ളാസും എടുത്തു വരുന്നു.

കുരുവിക്കൊരു തുള്ളി പദ്ധതി

സുഗതൻ മാഷിന്റെ വീട്ടിലെ മതിലുകളിൽ വെച്ചിരിക്കുന്ന ചട്ടികൾ
ഒരു മാതൃകയാണ്. സഹജീവി സ്നേഹത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും നേർ സാക്ഷ്യങ്ങൾ. തന്റെ കുട്ടികളെ കൊണ്ടാണ് പക്ഷികൾക്ക് വേണ്ടിയുള്ള ഈ പാനപാത്രം പരിചരിക്കപ്പെടുന്നത്. വിശന്നു വലയുന്ന പക്ഷികൾക്ക് കുടിവെള്ളം കൊടുക്കുന്നതല്ല ഇതിലെ പ്രാധാന്യം. മറിച്ച് കൊച്ചുകുട്ടികളിൽ ഇത്തരം സ്വഭാവങ്ങൾ,ശീലങ്ങൾ വളർത്തിയെടുത്തു കഴിഞ്ഞാൽ അവർ ഭാവിയിൽ സഹജീവി സ്നേഹമുള്ള മനുഷ്യത്വമുള്ള വ്യക്തിത്വങ്ങളായി മാറും എന്നുള്ളതാണ്. അതിലൂടെ അവർ ക്രിമിനൽ സ്വഭാവമില്ലാത്തവരായി വളരും എന്ന ആശയമാണ് ഇതിന് പിന്നിലുള്ളത്.

 

സ്കൂൾ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തിയെടുക്കുന്നതിനായി പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടി ആയിട്ടുള്ള ഇദ്ദേഹം ഈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വന്തം സ്കൂളിൽ നടപ്പാക്കിയ പദ്ധതി സംസ്ഥാനത്തെ മറ്റ് പ്രൈമറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പരോക്ഷമായ സഹകരണത്തോടെ കേരളത്തിലെ ഭൂരിഭാഗം പ്രൈമറി സ്കൂളിലും ഈ പദ്ധതി നടപ്പാക്കിയി വരുന്നു.

ഇക്കോ സ്റ്റോൺ പ്രോജക്ട്

ഒരു ദിവസം ഒരു വീട്ടിൽ എത്തുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം കുട്ടികളോട് ചോദിച്ചു മനസ്സിലാക്കിയതിനു ശേഷമാണ് പ്ലാസ്റ്റിക്കിന്റെ ആധിക്യം നമ്മുടെ പ്രപഞ്ചത്തിന് ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഇദ്ദേഹം കുട്ടികളോട് സംവദിച്ചത്.

നമ്മുടെ പൊതു സമൂഹത്തിൽ ഏറ്റവും വലിയ ഒരു പാരിസ്ഥിതിക പ്രശ്നമായി മാറിയിരിക്കുകയാണ് മനുഷ്യസമൂഹം ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകൾ. ഏഴുവർഷം കഴിയുമ്പോൾ കടലിലെ മത്സ്യങ്ങളെ ക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുകൾ ആകും എന്നുള്ള പഠന റിപ്പോർട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. “അതുപോലെതന്നെ ഭൂമിയിൽ വർഷങ്ങളോളം അലിയാതെ കിടക്കുന്ന പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ വരും തലമുറയെ പറഞ്ഞു മനസ്സിലാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് ” മാഷ് പറഞ്ഞു. “ഇല്ലെങ്കിൽ നമ്മുടെ ഭാവി തലമുറക്ക് പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ട് ജീവിക്കാൻ ഒക്കാത്ത സ്ഥിതി വരും.”

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ അമർത്തി നിറച്ച് ബ്രിക്സുകൾ ആയി ഉപയോഗിച്ച് മരങ്ങൾക്ക് ചുവട്ടിൽ ഇരിപ്പിടം കെട്ടുന്ന പദ്ധതിയാണ് “ഇക്കോ സ്റ്റോൺ പ്രോജക്ട്”. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ വച്ച് അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന രേണു വി രാജൻ ആണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് കേരളത്തിലെ പല സ്കൂളുകളും ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കിയിരുന്നു. ഒരു പ്രത്യക്ഷ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം കൂടിയാണ് ഇത്.

നടപ്പാതയും സുരക്ഷാ വേലിയും

വളരെ തിരക്കേറിയ കായംകുളം പുനലൂർ റോഡിന്റെ വശത്തായിട്ടാണ് ഇദ്ദേഹത്തിന്റെ സ്കൂൾ. രാവിലെയും വൈകുന്നേരവും ഉള്ള കുട്ടികളുടെ തിക്കുംതിരക്കും ഇദ്ദേഹത്തിന്റെ ചിന്തകളെ ഉണർത്തി. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരന് ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് പരാ തി അയക്കുകയും കേവലം ആറുമാസത്തിനുള്ളിൽ സ്കൂളിന് മുൻവശം സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കുന്നതിനായി 8 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് ഈ പദ്ധതി തന്റെ വീടിന്റെ സമീപമുള്ള ഭരണിക്കാവ് ജെ എം ഹൈസ്കൂളിന് മുൻവശത്തും കുട്ടികൾക്കായി സുരക്ഷിതപാതയ്ക്ക് വേണ്ടി ഇടപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനത്തെ സ്കൂളുകളുടെ സമീപവും ഇത്തരം നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതി പ്രകാരം സംസ്ഥാനത്തുടനീളം നിർമാണ പ്രവർത്തികൾ നടന്നുവരുന്നു എന്ന് മന്ത്രിയുടെ മറുപടിയും സുഗതൻ മാഷിന്റെ പക്കലുണ്ട്.

പ്രതിഭാ മരപ്പട്ടം അവാർഡ് പദ്ധതി

സംസ്ഥാനത്തെ 18 വയസ്സിൽ താഴെയുള്ള വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. കഴിഞ്ഞ കോവിഡ് കാലത്ത് കുട്ടികൾ അനുഭവിച്ച മാനസിക സംഘർഷത്തെ എങ്ങനെ ലഘൂകരിക്കാം എന്ന ആശയമാണ് ഇതിന് കാരണമായത്. തുടക്കത്തിൽ കുട്ടികളുടെ വീടുകളിൽ ചെന്നായിരുന്നു അവാർഡ് നൽകിയിരുന്നത്. ഒരു വൃക്ഷത്തൈ തന്റെ വീട്ടുമുറ്റത്ത് നട്ട് പരിപാലിക്കുന്നതോടൊപ്പം ഒരു ഒരു മരം പ്രകൃതിക്ക് എന്തെല്ലാം സംഭാവനകൾ ആണോ നൽകുന്നത് അതേപോലെ ആയിത്തീരണമെന്ന് സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഓരോ ചടങ്ങുകളും വളരെ ഗംഭീരമായ തരത്തിൽ തന്നെയാണ് നടന്നിട്ടുള്ളത്. കളക്ടർമാർ, മന്ത്രിമാർ ഗവർണർ തുടങ്ങിയ അതിഥികളാണ് മിക്ക അവാർഡുകളും നൽകിയിട്ടുള്ളത്. ഇതിനാലകം 18 വിദ്യാർത്ഥികൾക്ക് പ്രതിഭാമരപ്പട്ടം അവാർഡ് നൽകിയിട്ടുണ്ട്.

നോബേൽ ഫോർമാത്‍സ് ഇന്റർനാഷണൽ സൈൻ ക്യാമ്പയിൻ

ഒരു ദിവസം ക്ലാസിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കുട്ടി ചോദിച്ച സംശയമാണ് ഇത്തരമൊരു മുന്നേറ്റത്തിന് വഴിയായത്. ലോകത്തിലെ ഏറ്റവും വലിയ അവാർഡ് പദ്ധതിയായ നോബേൽ പുരസ്കാരം എന്തുകൊണ്ടാണ് ഗണിതശാസ്ത്രത്തിന് മാത്രം ഇല്ലാത്തതെന്നായിരുന്നു കുട്ടിയുടെ ചോദ്യം. സുഗതൻ മാഷ് ആലോചിച്ചപ്പോൾ അത് ശരിയായിരുന്നു. ഈ ഭൂലോകത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്നത് ഗണിതശാസ്ത്രത്തിലൂടെയാണ്. പിന്നെ എന്താണ് അതിനുമാത്രം നോബേൽ സമ്മാനം നൽകാത്തത് എന്ന് ചിന്ത അദ്ദേഹം തന്റെ സഹപ്രവർത്തകരുമായി പങ്കുവെച്ചു.

 

തന്റെ ഈ സന്ദേഹം ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റും വിദ്യാഭ്യാസ വിചിന്തകനുമായ ഡോക്ടർ ജിതേഷ്ജിയുമായി പങ്കുവച്ചു. പിന്നീട് ഇതൊരു മൂവ്മെന്റായി മാറുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു സൈൻ ക്യാമ്പയിൻ പ്രവർത്തനം ആരംഭിച്ചു. ജിതേഷ്ജിയെ സൈൻ ക്യാമ്പയിൻ ചെയർമാനായും ഇന്റർനാഷണൽ കോർഡിനേറ്ററായി സുഗതൻ മാഷിനെ തീരുമാനിച്ചു. തുടർന്ന് ഈ മുന്നേറ്റത്തിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയും ലഭിച്ചു. ഇതിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ ടി പി ശ്രീനിവാസനെ കമ്മിറ്റി തിരഞ്ഞെടുത്തു. ഡോക്ടർ ഇക്ബാൽ, ഡോക്ടർ അരുൺ ജി കുറുപ്പ്, ഡോക്ടർ അശോക് കുമാർ, തുടങ്ങിയവർ ഇതിന്റെ മുഖ്യധാരയിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യ ഗവൺമെന്റിനും നോബൽ കമ്മിറ്റിക്കും ഇതിനെ സംബന്ധിച്ചുള്ള കത്തിടപാടുകൾ നടത്തിവരുന്നു. അടുത്തകൊല്ലം എങ്കിലും ഗണിത ശാസ്ത്രത്തിലും നൊബേൽ സമ്മാനം നൽകും എന്ന് പ്രതീക്ഷയോടെ.

കുട്ടികളുടെ സന്തോഷം കവർന്നെടുക്കുന്നതിനെതിരെ

ഈ കഴിഞ്ഞ പാഠപുസ്തക പരിഷ്കരണ ചർച്ചയുമായി ബന്ധപ്പെട്ട് സുഗതൻ മാഷും തന്റേതായിട്ടുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നതിനും അത് സർക്കാരിലേക്ക് നൽകുന്നതിനും ആയി സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികളെയും അധ്യാപകരെയും സംഘടിപ്പിച്ചുകൊണ്ട് ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. ഈ സംവാദത്തിൽ കുട്ടികളിൽ നിന്നും ഒരു പരാതി ഉയർന്നുവന്നു. തങ്ങളുടെ കലാകായിക പീരീഡുകൾ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ കവർന്നെടുക്കുന്നു എന്നതായിരുന്നു പരാതി. ഈ പരാതി ശ്രദ്ധയിൽപ്പെട്ട ബാലാവകാശ കമ്മീഷൻ അംഗം കൂടിയായ റെനി ആന്റണി സാർ ഇത് പരാതിയായി നൽകുവാൻ ട്രസ്റ്റ് ചെയർമാനായ സുഗതൻ മാഷിനോട് ആവശ്യപ്പെട്ടു. തുടർന്ന് കമ്മീഷൻ ഇതിൽ ഇടപെടുകയും ഇനിമുതൽ കുട്ടികളുടെ കലാകായിക പീരീഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് സർക്കാർതലത്തിൽ ഉത്തരവാകുകയും ചെയ്തു.നല്ല വിദ്യാഭ്യാസം പോലെ തന്നെ പ്രധാമാണ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം. അതിലൂടെ മാത്രമേ ഒരു നല്ല വ്യക്തി രൂപപ്പെടുകയുള്ളൂ എന്ന ആശയമാണ് ഇതിന് പിന്നിലുള്ളതെന്ന് മാഷ് അഭിപ്രായപ്പെട്ടു. ഈ ഉത്തരവ് ഇറങ്ങിയതിനു ശേഷം മാഷ് എവിടെയെത്തിയാലും കുട്ടികൾക്ക് അദ്ദേഹത്തോട് പ്രത്യേക താല്പര്യം ആണ്.

ക്ലാസിലൊരു പുസ്തകപ്പെട്ടി

സമൂഹത്തിൽ സോഷ്യൽ മീഡിയയുടെ വരവോടുകൂടി ആബാലവൃദ്ധ ജനങ്ങളുടെയും വായന അന്യം നിന്നുപോയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ അവസരത്തിലാണ് സുഗതൻ മാഷ് 2018ൽ കുട്ടികളിലും സമൂഹത്തിലും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അവരെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് വേണ്ടി ക്ലാസ് റൂം ലൈബ്രറി എന്ന ആശയം തുടങ്ങിയത്.

 

മനസ്സിൽ ഇങ്ങനെയൊരു ആശയം വന്നപ്പോൾ തന്നെ ഇതെങ്ങനെ പ്രാവർത്തികമാക്കാം എന്ന് ചിന്ത വന്നു. പിന്നെ മടിച്ചില്ല സ്കൂളിലെയും പുറത്തെയും ഓർമ്മയിലാണ്ട് പോയ ബന്ധുജനങ്ങളുടെ സ്മരണാർത്ഥം എല്ലാ ക്ലാസ് മുറികളിലും പുസ്തക പെട്ടി വെക്കണമെന്ന് ആഗ്രഹം അദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നീട് സുമനസ്സുകളായ സ്കൂളിലെ അധ്യാപകരുടെയും പുറത്തുള്ളവരുടെയും സഹായത്തോടെ 16 ക്ലാസ് മുറികളിൽ അടച്ചുപൂട്ടുള്ള പുസ്തക പെട്ടികൾ തയ്യാറായി. അങ്ങനെ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. പിന്നീട് ഇതിൽ നിറക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച് ചർച്ച നടന്നു. ഓരോ ക്ലാസിലെയും എല്ലാ കുട്ടികളും അവരവരുടെ ബർത്ത് ഡേ മറ്റ് വീട്ടിലെ മംഗള കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അതിന്റെ പൈസ ഉപയോഗിച്ച് ഓരോ ബുക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. അത് വലിയ വിജയമായിരുന്നു.

 

ഈ പദ്ധതിയുടെ നിരവധി കുട്ടികൾ ആണ് വായനയുടെ ലോകത്തേക്ക് തിരിച്ചുവന്നത്. ഈ സമയത്ത് നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ആയിരുന്നു. ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് നിവേദനം സമർപ്പിച്ചു. ഈ അഭ്യർത്ഥനയും സർക്കാരിന്റെ പരിഗണനയിലാണ്. പത്രത്തിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇതിന്റെ പ്രചാരണം വളരെ കാര്യമാത്ര പ്രസക്തമായി ചെയ്തുവന്നു. വിദ്യാഭ്യാസ മന്ത്രി ഒരു വേദിയിൽ ഇക്കാര്യം തുറന്നുപറയുകയും അത് വിദ്യാഭ്യാസ വകുപ്പ് ഉടനെ നടപ്പാക്കുമെന്നും ഉറപ്പു നൽകി. ഫയൽ ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണ്. ഒരു പൈസയും ചെലവില്ലാതെ കേരളത്തിലെ എല്ലാ സ്കൂളുകളിലും നടപ്പാക്കാൻ പറ്റുന്ന ഒരു പദ്ധതിയാണ് ഇതെന്ന് മാഷ് സാക്ഷ്യപ്പെടുത്തുന്നു.

. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും വിശേഷ ദിവസങ്ങളും അവരുടെ ഉറ്റവരുടെ ഓർമ്മ ദിവസങ്ങളും, സ്മരിക്കപ്പെടുന്ന തരത്തിൽ ഈ പദ്ധതി ഓരോ സ്കൂളിലും നടപ്പാക്കാൻ പറ്റും..

മാത്രവുമല്ല പകൽ മുഴുവൻ തന്റെ ക്ലാസിന്റെ മുൻപിൽ അലമാരയിൽ ഇരിക്കുന്ന പുസ്തകം കാണുമ്പോൾ വായിക്കണം എന്ന് ആഗ്രഹം കുട്ടികൾക്ക് തനിയെ ഉണ്ടാകുന്നു.. സോഷ്യൽ മീഡിയയിൽ നിന്നും മറ്റ് ലഹരിപദാർത്ഥങ്ങളിൽ നിന്നും ഒഴിവാകുന്നതോടൊപ്പം കുട്ടികളിൽ അറിവും ഏകാഗ്രതയും ക്ഷമയും ലക്ഷ്യബോധവും ഒക്കെ ഉണ്ടാകുവാൻ ഈ പ്രവർത്തി കൊണ്ട് അവർക്ക് സാധിച്ചിട്ടുണ്ട്.

പള്ളിക്കൂടം ടി വി

തന്റെ സ്കൂളിലെ ഉൾപ്പെടെ കേരളത്തിലെ മറ്റ് സ്കൂളുകളിലെയും പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും വിദ്യാലയങ്ങളുടെ മികവിനെയും ലോക ജനതയ്ക്ക് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022 ൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ് ഈ വിദ്യാഭ്യാസ ചാനൽ ഉദ്ഘാടനം ചെയ്യുന്നത്.

 

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 30000 ഫോളോവേഴ്സ് ആണ് ഈ ചാനലിന് ഉണ്ടായത്. ഇതിലൂടെ നിരവധി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കഴിവുകൾ പുറം ലോകത്ത് എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ സംഗീതമേഖലയിൽ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അവരെ ഒരു കുടക്കീഴിൽ അണി നിരത്തിക്കൊണ്ട് “പള്ളിക്കൂടം ടിവി മ്യൂസിക് ബാൻഡ് “എന്ന പ്രൊഫഷണൽ ഗാനമേള ട്രൂപ്പും പ്രവർത്തിച്ചുവരുന്നു. കൂടാതെ എഴുത്തുകാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 35 കുട്ടികളുടെ കഥകൾ ചേർത്തുവച്ചുകൊണ്ടുള്ള ഒരു കഥാസമാഹാരം പള്ളിക്കൂടം ടി വി യുടെ നേതൃത്വത്തിൽ ഉടൻ പുറത്തിറങ്ങുമെന്ന് മാഷ് പറഞ്ഞു.

പാഠ്യപ്രവർത്തനങ്ങൾക്ക് മുഖ്യ സ്ഥാനം

ആരോഗ്യമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കുന്ന ലക്ഷ്യത്തോടൊപ്പം
പാഠ്യ പ്രവർത്തനങ്ങളും വളരെ പ്രാധാന്യത്തോടെ ആണ് അദ്ദേഹം ചെയ്തു വരുന്നത്. എല്ലാ പീരീയിഡുകളിലും തന്റെ ആദ്യത്തെ അഞ്ച് നിമിഷങ്ങൾ  അന്നത്തെ ദിനത്തിന്റെ പ്രത്യേകതയോ മറ്റ് ജീവിത മൂല്യങ്ങളോ പ്രതിപാദിച്ചിരിക്കും. അത് മാഷിന് മസ്റ്റാണ്. അവിടെയാണ് കുട്ടികൾക്ക് ഇദ്ദേഹം വേറിട്ട മാഷ് ആകുന്നത്.

 

ഒരു ഗണിതശാസ്ത്ര അധ്യാപകനായ ഇദ്ദേഹം ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗണിത പഠനത്തോടൊപ്പം പസിലിലൂടെയും ഗെയിമിലൂടെയും ഉള്ള പഠനത്തിന് മുൻതൂക്കം കൊടുക്കുന്നതിനാൽ തന്നെ കുട്ടികൾക്ക് ഏറെ പ്രിയങ്കരനാണ് . പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഗണിത മോഡലുകൾ ഉണ്ടാക്കുകയും കുട്ടികളെക്കൊണ്ട് അത് നിർമ്മിക്കുകയും ചെയ്യുന്നത് കുട്ടികളിൽ കൂടുതൽ ക്രിയാത്മകത വളർത്തുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജീവിത ചരിത്രത്തെ ആസ്പദമാക്കി നിർമിച്ച” ശ്രീനിവാസ രാമാനുജൻ “എന്ന ഡോക്യുമെന്ററിക്ക്
കുട്ടികളുടെ സംസ്ഥാന ചലച്ചിത്രമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒരു പരിശീലകൻ കൂടിയായ ഇദ്ദേഹം സ്‌കൂളുകളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്‌ളാസും പേരെന്റിങ് ക്‌ളാസും എടുത്തു വരുന്നു.

മറ്റധ്യാപകരെ ചേർത്ത് നിർത്തിയുള്ള പ്രവർത്തനം

അധ്യാപനത്തിലും മറ്റു പ്രവർത്തനങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന മറ്റ് അധ്യാപകരേയും
നമ്മൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് അതിന്റേതായ മെച്ചം ഉണ്ടാകും എന്നുള്ള ചിന്തയാണ്  സുഗതൻ മാഷ് ” ഗുരുജ്യോതി പുരസ്കാരം “എന്ന പദ്ധതിക്ക് ആരംഭം കുറിച്ചത്. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷമാണ് സംസ്ഥാനത്തെ മികവുപുലർത്തുന്ന 18 അധ്യാപകർക്ക് പ്രഥമ ഗുരുജ്യോതി പുരസ്കാരം നൽകിയത്. ഈ വർഷവും അധ്യാപകരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തി വരുന്ന ഒരു സ്കൂളിന് അക്ഷരജ്യോതി എന്ന പുരസ്കാരവും നൽകി വരുന്നുണ്ട്.

കുട്ടിജനസമ്പർക്ക പരിപാടി

കുട്ടികളിൽ പാരിസ്ഥിതിക അവബോധവും സഹജീവി സ്നേഹവും സാമൂഹ്യ അവബോധവും പ്രാവർത്തികമാക്കുവാൻ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനമാണ് 2015 സംഘടിപ്പിച്ച കുട്ടി ജനസമ്പർക്ക പരിപാടി.

 

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ താലൂക്ക് തല മാതൃകയായിരുന്നു അത്. താലൂക്കിലെ എല്ലാ വകുപ്പുകളുടെയും അധ്യക്ഷന്മാരെ സംഘടിപ്പിച്ചുകൊണ്ട് താലൂക്കിലെ കുട്ടികളുടെയും സ്കൂളുകളുടെയും വിഷയങ്ങൾ ചർച്ചചെയ്ത് പരിഹാരമുണ്ടാക്കുന്ന ഒരു പദ്ധതിയായിരുന്നു അത്. അന്നത്തെ എംഎൽഎ ആർ രാജേഷ് ആയിരുന്നു ഇത് നയിച്ചത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് സുഗതൻ മാഷിന് നടപ്പാക്കാൻ കഴിഞ്ഞത്.

45 കുട്ടികളുടെ അസുഖബാധിതരായ രക്ഷിതാക്കൾക്ക് 295,000 രൂപ വാങ്ങി നൽകിയതും, സംസ്ഥാന പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ സഹകരണത്തോടെ 290000 രൂപയുടെ കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി നടപ്പാക്കി 750 കുട്ടികൾക്ക് മൂന്നു കോഴിക്കുഞ്ഞുങ്ങളെ വീതം ലഭിച്ചു.

മൂന്ന് കുട്ടികളുടെ വീട് വൈദ്യുതീകരിച്ചതും 15 കുടുംബങ്ങൾക്ക് ടോയ്ലറ്റ് സംവിധാനം ഒരുക്കിക്കൊടുത്തതും ഈ പദ്ധതിയിലൂടെയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 255000 രൂപയുടെ മഴവെള്ള സംഭരണിയും 75000 രൂപയുടെ ബയോഗ്യാസ് പ്ലാന്റും സ്കൂളിൽ നിർമ്മിക്കാൻ ഇടയായി. സ്കൂൾ ക്യാമ്പസിൽ നക്ഷത്രവനവും ഫലവൃക്ഷത്തോട്ടവും കുട്ടിവനവും ബട്ടർഫ്ലൈ ഗാർഡനും ഉൾപ്പെടെ നിരവധി പദ്ധതികൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. 40 അധ്യാപകരുടെ അവയവദാന സമ്മതപത്രം ഇദ്ദേഹം ശേഖരിച്ചത് സഹജീവി സ്നേഹത്തിന്റെ മറ്റൊരു മാതൃകയാണ്.

സംസ്ഥാന അധ്യാപക അവാർഡ് വനം വകുപ്പിന്റെ സംസ്ഥാന വനമിത്ര അവാർഡ്, മികച്ച അധ്യാപകനുള്ള ഡോ. എപിജെ അബ്ദുൽ കലാം പുരസ്കാരം, ഗ്ലോബൽ ടീച്ചർ അവാർഡ്, എലിസ്റ്റർ പുരസ്കാരം, മികച്ച സാമൂഹിക പ്രവർത്തകനുള്ള ജെസി ഐ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. റവന്യൂ ജീവനക്കാരിയായ വിഎസ് അനൂപ ഭാര്യയും വിദ്യാർത്ഥികളായ ഭവിൻ സുഗതൻ ഭവികാലക്ഷ്മി എന്നിവർ മക്കളുമാണ്.

error: Content is protected !!