
konnivartha.com: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കാട്ടുകൊമ്പൻമാരെ മെരുക്കുന്ന നാട്ടിലെത്തിയത് എട്ട് കൊമ്പൻമാർ. കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം നാടിനാകെ ആവേശമായി.
പത്തനംതിട്ട ജില്ലാ വടംവലി അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോന്നിയിൽ ആദ്യമായാണ് അഖില കേരള അടിസ്ഥാനത്തിൽ വടംവലി മത്സരം നടക്കുന്നത്. കരിയാട്ടം ഗ്രൗണ്ടായ കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് മത്സരം നടന്നത്.
കോന്നി വിക്ടറിയുടെ ടീമായി മത്സരിച്ച കോട്ടയം യുവമൈത്രി കരികാട്ടൂരാണ് ഒന്നാം സ്ഥാനം നേടിയത്. കോട്ടാത്തല ഫൈൻ ആർട്സ് ടീം രണ്ടാം സ്ഥാനവും, പെരുനാട് ആജ്ഞനേയ ടീം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ക്യാഷ് പ്രൈസും, കരിയാട്ടം ട്രോഫിയുമാണ് സമ്മാനമായി നൽകിയത് .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരം കരിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംലാൽ ഉത്ഘാടനം ചെയ്തു. നിബിൻ, ടിനു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും, ട്രോഫികളും സംഘാടക സമിതി രക്ഷാധികാരി പി ജെ അജയകുമാർ വിതരണം ചെയ്തു. എം എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.