
konnivartha.com; കരിയാട്ടം സമാപനം:ഒരു ലക്ഷം ആളുകളെത്തിച്ചേരുമെന്ന് സംഘാടക സമിതി.സമാപന സമ്മേളനത്തിൽ 25000 ആളുകൾക്ക് മാത്രം കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ പ്രവേശനം:ജനബാഹുല്യം അപകടത്തിലെത്താതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.
konnivartha.com; കോന്നികരിയാട്ടവുമായി ബന്ധപ്പെട്ട് കോന്നിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം, വാഹന പാർക്കിംഗ്, ഗതാഗതം തുടങ്ങിയ കാര്യങ്ങളിലാണ് ക്രമീകരണം ഏർപ്പെടുത്തുക.
കരിയാട്ട സമാപനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയും, രാത്രി 7.30 മുതൽ നടക്കുന്ന വേടൻ്റെ റാപ്പ് സംഗീത പരിപാടിയും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്ക് 25000 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് പ്രവേശനം നിയന്ത്രിക്കുക.
എത്തിച്ചേരുന്ന എല്ലാവർക്കും പരിപാടി വീക്ഷിക്കുന്നതിതായി കോന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിലൂടെ തിരക്കില്ലാതെ പരിപാടികൾ കാണാൻ കഴിയും.
പാർക്കിംഗിന് മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കണം. ഉച്ചയ്ക്ക് ശേഷം മെയിൻ റോഡിൽ പുനലൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വകയാർ കോട്ടയം ജംഗ്ഷനിലും, പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മല്ലശ്ശേരി ഭാഗത്തു നിന്നും വഴിതിരിച്ചുവിടും.
വെട്ടൂർ, അട്ടച്ചാക്കൽ റൂട്ടിൽ വരുന്ന വാഹനങ്ങൾ അട്ടച്ചാക്കൽ നിന്നും, പൂങ്കാവ് – കോന്നി റോഡിൽ വരുന്ന വാഹനങ്ങൾ മരങ്ങാട്ട് മുക്കിൽ നിന്നും വഴിതിരിച്ചുവിടും.
ജനബാഹുല്യം അപകടത്തിലെത്താതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പരമാവധി ആളുകളെ പരിപാടികളുടെ ഭാഗമാക്കാനുള്ള ക്രമീകരണമാണ് ചെയ്തിട്ടുള്ളതെന്നും എം.എൽ.എ പറഞ്ഞു.
കരിയാട്ട സമാപനം: ( 8/9/25) റാപ് സംഗീതവുമായി വേടൻ എത്തും.
കോന്നി:കരിയാട്ട സമാപനത്തിൽ 7.30 ന് വേടൻ റാപ്പ് സംഗീതം അവതരിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ തന്നെ ആദ്യമായാണ് വേടൻ സംഗീത പരിപാടിയുമായി എത്തുന്നത്.
എല്ലാ സുരക്ഷാ മുൻകരുതലും പരിപാടിയുടെ ഭാഗമായി സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.കേരളത്തിലെ അതിപ്രശസ്തരായ ആളുകൾ സംഗീതത്തിലൂടെയും, നൃത്തത്തിലൂടെയും, കോമഡിയിലൂടെയും ഇളക്കിമറിച്ച കരിയാട്ടം വേദിയിൽ ഇന്ന് വേടൻ റാപ്പ് സംഗീതത്തിൽ വിസ്മയം തീർക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കോന്നി കരിയാട്ടം: ഘോഷയാത്രയോടെ (8/9/25) സമാപിക്കും.
കോന്നി : കഴിഞ്ഞ 9 ദിനങ്ങൾ കോന്നിയ്ക്ക് ഉൽസവരാവുകൾ സമ്മാനിച്ച കോന്നി കരിയാട്ടത്തിന് ഘോഷയാത്രയോടെ സമാപനം. ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാൻ കഴിയുന്ന പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ കോന്നി ഇന്ന് സ്വദേശ-വിദേശ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമാണ്. കോന്നിയുടെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി കരിയാട്ടം ആരംഭിക്കുന്നത്.
കോന്നിയുടെ പെരുമ ലോകത്തിനു മുൻപിൽ അടയാളപ്പെടുത്തിയ ആനയുടെ ചരിത്രത്തേയും, ഐതിഹ്യത്തെയും കോർത്തിണക്കിയാണ് കോന്നി കരിയാട്ടം രൂപപ്പെടുത്തായിരിക്കുന്നത്.
500 ൽ അധികം ആന വേഷങ്ങളാണ് കോന്നിയിൽ ചുവടുവയ്ക്കുക. പ്രത്യേകമായി ചിട്ടപ്പെടുത്തിയ താളത്തിനൊപ്പം ആന വേഷങ്ങൾ തെരുവിൽ അണിനിരക്കുമ്പോൾ അത് കോന്നി ലോകത്തിനു കാട്ടികൊടുക്കുന്ന ദൃശ്യചാരുത നിറഞ്ഞ ഓണക്കാഴ്ചയും, ആന കാഴ്ചയുമാകും.
ഉച്ചയ്ക്ക് ശേഷം 3ന് എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നാണ് കരിയാട്ടവും, അതിനൊപ്പമുള്ള ഘോഷയാത്രയും ആരംഭിക്കുക. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി.അമ്പിളി ഘോഷയാത്ര ഫാഗ് ഓഫ് ചെയ്യും. ഘോഷയാത്രയിൽ എലിയറയ്ക്കൽ നിന്നും അണിനിരക്കുക ഏനാദിമംഗലം, കലഞ്ഞൂർ, പ്രമാടം, അരുവാപ്പുലം,വള്ളിക്കോട്, കോന്നി പഞ്ചായത്തുകളിൽ നിന്നുള്ളവരായിരിക്കും.
ഫയർസ്റ്റേഷന് മുൻപിൽ നിന്ന് ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളും, റിപ്പബ്ലിക്കൻ സ്കുളിന് സമീപത്തുനിന്നും മലയാലപ്പുഴ, മൈലപ്ര പഞ്ചായത്തുകളും ഘോഷയാത്രയിൽ അണിനിരക്കും.
എലിയറയ്ക്കൽ നിന്നാരംഭിക്കന്ന പ്രധാന ഘോഷയാത്ര കോന്നി സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ അവിടെ കരിയാട്ട പ്രദർശനം നടത്തും. കരിയാട്ടം ഘോഷയാത്രയിൽ നാടൻ കലാരൂപങ്ങളും, വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളും, ഗജവീരന്മാരും അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കോന്നി കരിയാട്ടം:ചരിത്രത്തിൻ്റെ പുനരാവിഷ്കാരം.
കോന്നി: കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല.
ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ ിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു .
ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ ആനകളേയും കൂട്ടി പോയി കരിങ്കൊമ്പനെ വരവേൽക്കാൻ അവർ തീരുമാനിച്ചെങ്കിലും ഇത്രയധികം ദൂരം ആനകളെ നടത്താനുള്ള ബുദ്ധിമുട്ടിൽ ആ ശ്രമം ഉപേക്ഷിച്ചു.
പകരം നാട്ടുകാരെല്ലാം ആനവേഷം കെട്ടി പന്തളത്തെത്തി കൊമ്പനെ സ്വീകരിച്ച് കോന്നിയ്ക്ക് ആനയിച്ചു. ഈ ഓർമ്മപുതുക്കലിന്റെ ഭാഗമായാണ് കോന്നിയിൽ കരിയാട്ടം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ആളുകൾ ആനവേഷം കെട്ടി കോന്നിയുടെ ഐതിഹ്യം പുനർസൃഷ്ടിക്കുമ്പോൾ കോന്നിനാടൊന്നാകെ അതിനൊപ്പം ഒത്തുചേരുകയാണ്. കോന്നി കരിയാട്ടത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
ഓണക്കാലത്തു തൃശൂരിലെ പുലികളിപോലെ, കോന്നിയുടെ പാരമ്പര്യത്തിന്‍റെ പ്രതീകമായ ആനയെ പുതിയ കലാരൂപമായി അവതരിപ്പിക്കുകയാണു കരിയാട്ടത്തിലൂടെ.ആളുകൾ ആനവേഷം കെട്ടി പ്രത്യേക താളത്തിൽ മേളത്തോടു കൂടി ചുവടു വയ്ക്കുന്ന ഇത്തരമൊരു കലാരൂപം സംസ്ഥാനത്ത് കോന്നിയില്‍ മാത്രമേ ഉള്ളൂ . പ്രത്യേക പരിശീലനം നേടിയ കലാകാരന്മാരാണു കരിയാട്ടത്തിൽ ആന വേഷം കെട്ടുന്നത്. വേഷം കെട്ടിയ കലാകാരന്മാർ പ്രത്യേകം ചിട്ടപ്പെടുത്തിയ താളത്തിൽ ചുവടുവയ്ക്കും. ചെണ്ട, ചേങ്ങില, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുമായി കലാകാരന്മാരും അണിനിരക്കും .