കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടണം : കൊടിക്കുന്നിൽ സുരേഷ് എംപി

Spread the love

 

konnivartha.com: തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഓടുന്ന കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള 20 കോച്ചുകളിൽ നിന്ന് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്നും, ദിനംപ്രതി വളരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായി മാറിക്കൊണ്ടിരിക്കുകയാണെന്നും, തിരുവനന്തപുരം – കോട്ടയം – എറണാകുളം – തൃശ്ശൂർ – കോഴിക്കോട് – കാസർഗോഡ് റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ മുഴുവൻ കേരളത്തിനും വൻ ഗുണമാണ് ലഭിക്കുന്നതെന്നും എംപി അഭിപ്രായപ്പെട്ടു. എന്നാൽ ദിനംപ്രതി യാത്രക്കാർക്ക്‌ സീറ്റുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മംഗലാപുരം വരെ സർവീസ് നീട്ടുകയാണെങ്കിൽ കേരള – കർണാടക അതിർത്തി മേഖലയിലെ ജനങ്ങൾക്കും വലിയ ഗുണം ലഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി കേരളം-കർണാടക മേഖലയിൽ സ്ഥിരമായി സഞ്ചരിക്കുന്ന യാത്രക്കാരുടെ ദുരിതങ്ങൾ ഇതിലൂടെ കുറയ്ക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നിലവിലുള്ള 16 കോച്ചുകളിൽ നിന്ന് 20 ആയി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത എംപി ട്രെയിനിന് കായംകുളം സ്റ്റേഷനിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ കിഴക്കൻ മേഖലകളിൽ താമസിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗപ്പെടുത്തന്ന സ്റ്റേഷനാണ് കായംകുളം.

കേരളത്തിന്റെ മദ്ധ്യ-തെക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന ഗതാഗത കവാടമായ കായംകുളം സ്റ്റോപ്പില്ലാതെ വന്ദേ ഭാരത് സർവീസ് നടത്തുന്നത്, ജനങ്ങളുടെ യാത്ര സൗകര്യത്തെ ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ആവശ്യങ്ങൾ അടങ്ങിയ കത്തുകൾ റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനുമാനും നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

error: Content is protected !!