
konnivartha.com: തിരുവനന്തപുരം മലയിൻകീഴിന്‍റെ വീഥികളിലൂടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലേക്ക് അൻപത് വർഷത്തിലേറെയായി സർവീസ് നടത്തുന്ന കാട്ടാക്കട – മൂഴിയാർ കെ എസ് ആര്‍ ടി സി ബസ് സർവീസിന് ആദരവ് നല്‍കുന്നു .
അൻപത് വർഷം മുൻപ് നടന്ന മൂഴിയാർ ഡാം നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച ഈ ബസ് സർവീസ് അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടർന്നു വരുന്നു.
മലയിൻകീഴിലൂടെ കടന്ന് പോകുന്ന ഈ ബസിനെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്യത്തിൽ ചൊവ്വാഴ്ച (9-9-2025) പുലർച്ചെ 5 ന് മലയിൻകീഴ് ജംഗ്ഷനിൽ ആദരിക്കുകയാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു . അതോടൊപ്പം അതേ ബസിൽ മൂഴിയാറിലേക്ക് യാത്രയും പുറപ്പെടും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു .
കാട്ടാക്കട മൂഴിയാര്‍ ബസ്സ്
കാടും കണ്ട് കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കോടമഞ്ഞ് വഴി മറയ്ക്കുന്ന യാത്രകളിൽ ചിലപ്പോൾ അപ്രതീക്ഷിതമായി കൺമൂന്നിൽ കാട്ടുമൃഗങ്ങൾ എത്തിയേക്കാം. കാടിന്‍റെ കാഴ്ചകൾ കണ്ട്, ആളും ബഹളങ്ങളും ഇല്ലാത്ത റൂട്ടിലൂടെ ഒരു ബസ് യാത്ര ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനു പറ്റിയ ഒരു റൂട്ട് ആണ് മൂഴിയാര്‍ .പത്തനംതിട്ടയുടെ മലയോര മേഖലയായ മൂഴിയാർ വനത്തിലൂടെ കാട്ടാക്കട- തിരുവനന്തപുരം റൂട്ടിലൂടെയുള്ള ബസ് യാത്രയാണിത്.കെ എസ് ആര്‍ ടി സി ആണ് കാട്ടാക്കട മൂഴിയാര്‍ ബസ്സ് സര്‍വീസ് നടത്തുന്നത് .
കാട്ടാക്കടയിൽ തുടങ്ങി മലയിൻകീഴ് – പേയാട് – തിരുമല – പൂജപ്പുര – ജഗതി – വഴുതക്കാട് ,ബേക്കറി – തിരുവനന്തപുരം – പാളയം – കേശവദാസപുരം – വട്ടപ്പാറ – വെമ്പായം – വെഞ്ഞാറമൂട് – കിളിമാനൂർ – നിലമേൽ – ചടയമംഗലം, ആയൂർ – അഞ്ചൽ – പുനലൂർ – പത്തനാപുരം – കോന്നി – കുമ്പഴ – പത്തനംതിട്ട – മണ്ണാറക്കുളഞ്ഞി – വടശ്ശേരിക്കര – സീതത്തോട് – ആങ്ങമൂഴി – മൂഴിയാർ ഡാം എന്നിങ്ങനെയാണ് റൂട്ട്.എല്ലാ ദിവസവും പുലർച്ചെ 4.00 മണിക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് 05:30 ന് തിരുവനന്തപുരം, 07:30 ന് പുനലൂർ, 07:50 ന് പത്തനാപുരം,8.35കോന്നി 09:00 മണിക്ക് പത്തനംതിട്ട, 11:00 ന് മൂഴിയാർ എന്നിങ്ങനെയാണ് സമയക്രമം.
തിരികെ മൂഴിയാറിൽ നിന്നും ഉച്ചകഴിഞ്ഞ് 02:45 ന് മൂഴിയാർ , 05:00 ന് പത്തനംതിട്ട,5.25 കോന്നി 05:50 ന് പത്തനാപുരം ,06:15 ന് പുനലൂര്‍, 08:20 ന് തിരുവനന്തപുരം , രാത്രി 09:05 ന് കാട്ടാക്കട എന്നിങ്ങനെയാണ് സമയക്രമം.