മുന്‍ ജില്ലാ കലക്ടര്‍ എം നന്ദകുമാര്‍ അന്തരിച്ചു

Spread the love

 

konnivartha.com: ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോളം കോമയിലായിരുന്ന തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ അന്തരിച്ചു.

അനന്തപുരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംഖ്യാശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു. ചാനലുകളിലും സോഷ്യൽ മീഡിയയിലും ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രശസ്തനായിരുന്നു. ജ്യോതിഷത്തിൽ വഴികാട്ടിയായി ‘പ്രശ്ന പരിഹാര വരിയോല’ എന്ന പുസ്തകവും നന്ദകുമാര്‍ രചിച്ചിട്ടുണ്ട്.

2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. പിന്നീട് സർക്കാരിൽ വിവിധ തസ്തികകള്‍ വഹിച്ചു.

ചികിത്സാ പിഴവിൽ നന്ദകുമാറിൻ്റെ മകൾ വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മെയ് 16നാണ് നന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം. നന്ദകുമാർ ഐഎഎസിന്റെ ഭൗതിക ശരീരം സെപ്തംബർ 10 (ബുധൻ) രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 വരെ ജവഹർ നഗറിലെ വിമൻസ് അസോസിയേഷൻ ഹാളിലും തുടർന്ന് 4 മണി വരെ വട്ടിയൂർക്കാവിലെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4.30 ന് ശാന്തികവാടത്തിൽ സംസ്‌ക്കാരം.

error: Content is protected !!