പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 10/09/2025 )

Spread the love

സ്റ്റേഡിയം നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്:സിന്തറ്റിക് ട്രാക്ക് നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു:മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണം. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. സമയബന്ധിതമായി ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍മാണത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പവലിയന്‍ ഒന്നിന്റേയും രണ്ടിന്റേയും നിര്‍മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിട തട്ട് എടുത്തിട്ടുണ്ട്. പവലിയനിലെ റിഫ്രഷ്മെന്റ് റൂമുകള്‍, ടോയിലറ്റുകള്‍ എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

കിഫ്ബി വഴി 47.92 കോടി രൂപ ചിലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക് നിര്‍മാണ ജോലികള്‍, നീന്തല്‍ കുള നിര്‍മാണം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്കുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നു. ഫുട്ബോള്‍ ടര്‍ഫും ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നുണ്ട്. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പൈല്‍ ക്യാപ് പകുതിയിലധികം പൂര്‍ത്തിയായി. നീന്തല്‍ക്കുളത്തിന്റെ പൈലിങ് ക്യാപ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. നീന്തല്‍ കുളത്തിന് സമീപത്തുള്ള ബാലന്‍സിംഗ് ടാങ്ക് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. തോട് സംരക്ഷണ ഭിത്തി നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. ഇവയെല്ലാം തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ചിറമുടിച്ചിറ ടൂറിസം: 50 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം നഗരസഭയിലെ ചിറമുടിച്ചിറ ടൂറിസവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. ചിറമുടിച്ചിറ വാട്ടര്‍ ടൂറിസം വികസനാനുബന്ധമായി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ
ഏജന്‍സി  ഹാബിറ്റാറ്റാണ്. പ്രാദേശിക പരിസ്ഥിതിക്ക് പ്രതികൂലമാകാത്ത തരത്തില്‍ ചെലവ് കുറഞ്ഞ നിര്‍മാണ രീതിയിലാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.


അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 11 ന് (വ്യാഴം)

അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 11 ന് (വ്യാഴം) വൈകിട്ട് മൂന്നിന്
അരയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. പട്ടികവര്‍ഗ വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 2.69 കോടി രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ പാലം നിര്‍മിക്കുന്നത്. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ് എ നജിം റിപ്പോര്‍ട്ട് അവതരിപ്പിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ഇ വി വര്‍ക്കി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 11 ന് (വ്യാഴം)

കുരുമ്പന്‍മൂഴി പാലം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 11 ന് (വ്യാഴം) വൈകിട്ട് നാലിന് കുരുമ്പന്‍മൂഴി ഉന്നതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും.  പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. പട്ടികവര്‍ഗ വകുപ്പ് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 3.97 കോടി രൂപ ചെലവഴിച്ചാണ് സ്റ്റീല്‍ പാലം നിര്‍മിക്കുന്നത്. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ മിഥുന്‍ പ്രേംരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മനോജ്, ഇ വി വര്‍ക്കി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


നവോദയ പരീക്ഷ ലാറ്ററല്‍ എന്‍ട്രി

ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, 11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 23 ന് മുമ്പായി സമര്‍പ്പിക്കണം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ പഠിക്കുന്നവരും ജില്ലയില്‍ താമസിക്കുന്നവരുമായിരിക്കണം. ഫോണ്‍: 04735 294263. വെബ്സൈറ്റ്: ക്ലാസ് ഒമ്പത്- https://cbseitms.nic.in/2026nvsix/ ക്ലാസ് 11- https://cbseitms.nic.in/2026nvsxi11/

പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ് ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്‍സ്റ്റാളേഷന്‍ പരിശീലനം പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിച്ചു.  പ്രായപരിധി 18-50. ഫോണ്‍: 8330010232


ഗതാഗത നിരോധനം

പത്തനംതിട്ട അബാന്‍ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനായി  ടൗണ്‍ റിംഗ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുഖ്യ കവാടം  മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയുളള ഭാഗത്തെ വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു. അബാന്‍ ജംഗ്ഷനില്‍ നിന്ന് വരുന്ന  വാഹനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷന്‍ വഴി  കെഎസ്ആര്‍ടിസി ജംഗ്ഷനിലൂടെ പോകണം. ശ്രീവത്സം ഭാഗത്തുനിന്നു വരുന്ന  വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍ മിനി സിവില്‍ സ്‌റ്റേഷന്‍ വഴി തിരിഞ്ഞു പോകണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍  വഴി പോകണം. പ്രൈവറ്റ് സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ കുമ്പഴ, മൈലപ്ര, എസ് പി ഓഫീസ് ജംഗ്ഷന്‍, കെഎസ്ആര്‍ടിസി വഴി  പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണം.


റാങ്ക് പട്ടിക

ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


തെരുവ് നായകള്‍ക്ക് വാക്‌സിനേഷന്‍

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്കുളള വാക്‌സിനേഷന്‍  സെപ്റ്റംബര്‍ 12 വരെ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 252029.

error: Content is protected !!