മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍(86) അന്തരിച്ചു

Spread the love

 

konnivartha.com; മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു.

ഏറെ കാലമായി അസുഖ ബാധിതനായി  ആശുപത്രിയിലായിരുന്നു.ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു.

 

മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായിരുന്ന പി. പി. തങ്കച്ചൻ്റെ നിര്യാണം വലിയ രാഷ്ട്രീയ നഷ്ടമാണ്: കൊടിക്കുന്നിൽ സുരേഷ് എം.പി.

 

കെ.പി.സി.സി മുൻ പ്രസിഡന്റായും, കേരള നിയമസഭാ സ്പീക്കറായും, മന്ത്രിയായും, ദീർഘകാലം പെരുമ്പാവൂർ മണ്ഡലത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1991 മുതൽ 1995 വരെ നിയമസഭാ സ്പീക്കറായും, 1995-ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും, 1982 മുതൽ 1996 വരെ പെരുമ്പാവൂർ എം.എൽ.എയായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾ എന്നും സ്മരണീയമായിരിക്കും.

ജനങ്ങളോടുള്ള അടുക്കും സൗഹൃദപരമായ രാഷ്ട്രീയ ശൈലിയും അദ്ദേഹത്തെ വിശിഷ്ടനായ നേതാവാക്കി തീർത്തു.

പി. പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിച്ചു കൊള്ളുന്നു.

 

error: Content is protected !!