
konnivartha.com: കൊട്ടാരക്കരയിൽ തന്റെ ശ്രമഫലമായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യായന വർഷം പ്രവർത്തനമാരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി ആരംഭിക്കുന്നതിനായി കൊട്ടാരക്കരയിൽ കണ്ടെത്തിയ ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി.
കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി കേന്ദ്രീയ വിദ്യാലയം സംഘതൻ ചുമതലപ്പെടുത്തിയതനുസരിച്ച് കൊല്ലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ, പുനലൂർ ആർഡിഒ, സി പിഡബ്ല്യുഡി എൻജിനീയർ, ആർക്കിടെക്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് എംപിയുടെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ എത്തിയത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര ഇടിസിയിൽ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നതിനുള്ള കെട്ടിടം ലഭ്യമാകാത്തത് മൂലവും നിലയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ സാങ്കേതിക പ്രശ്നങ്ങളാലും നിർമ്മാണം നീണ്ടു പോകുകയായിരുന്നു. തുടർന്ന് വിവിധ സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നതിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും താൽക്കാലിക സൗകര്യമെന്ന നിലയിൽ കെട്ടിടങ്ങൾ സർക്കാർ ലഭ്യമാക്കിയിരുന്നില്ല. തുടർന്നാണ് റവ. സഖറിയ റമ്പാനോട് എംപി നടത്തിയ അഭ്യർത്ഥന പ്രകാരം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ അനുവാദത്തോടുകൂടി സ്കൂളിന്റെ കെട്ടിടം കേന്ദ്രീയ വിദ്യാലയത്തിനായി സൗജന്യമായി നൽകുവാൻ തീരുമാനമായത്.
കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ സന്ദർശനത്തിൽ കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, വൈസ് ചെയർമാൻ ബിജി ഷാജി, ഡിസിസി ജനറൽ സെക്രട്ടറി പി ഹരികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെജി അലക്സ്, സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി ജോൺസൺ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.