വേറിട്ട കൃഷി രീതിയുമായി ഫിഷറീസ് വകുപ്പ്:മത്സ്യോല്‍പാദനം 3636 മെട്രിക് ടണ്‍

Spread the love

 

konnivartha.com; ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോല്‍പാദനം വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെ പത്തനംതിട്ട ജില്ലയിലെ മത്സ്യോല്‍പാദനം 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു.

മലിനീകരണത്തിന് പുറമെ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്‌ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും റാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്.

പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തി തൊഴില്‍ സൃഷ്ടിക്കാന്‍ വകുപ്പിനായി.
ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി പൊതുജലാശയങ്ങളില്‍ നടപ്പാക്കുന്ന തനത് മത്സ്യവിത്ത് നിക്ഷേപം ജില്ലയിലെ ആറന്മുള സത്രകടവിലും കുറ്റൂര്‍ തോണ്ടറ കടവിലും സജീവമാണ്. ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെ തനത് ഉള്‍നാടന്‍ മത്സ്യ സംരക്ഷണ പദ്ധതിയും നടപ്പാക്കുന്നു.
അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസ പദ്ധതികളിലൂടെ ആനുകൂല്യങ്ങളും വകുപ്പ് നല്‍കുന്നു.

പദ്ധതിയിലൂടെ ജില്ലയില്‍ 22.98 ലക്ഷം രൂപ 848 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഒമ്പത് വര്‍ഷത്തിനുള്ളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 913 കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യവും വകുപ്പ് നല്‍കി. വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ മത്സ്യമേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുകയാണ് വകുപ്പ്.

 

error: Content is protected !!