സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു പദ്ധതി ചെലവ് 120 കോടി രൂപ

Spread the love

 

konnivartha.com: മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടര്‍ക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്.

നബാര്‍ഡ് ഫണ്ടിനൊപ്പം ജല്‍ ജീവന്‍ മിഷനിലും ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവിലാണ് പദ്ധതി. മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും ജല വിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാധ്യതയ്ക്കും പദ്ധതിയിലൂടെ പരിഹാരമാകും.

മൂന്ന് സമ്പ് കം പമ്പ് ഹൗസുകളും ഒരു ഉപരിതല ജലസംഭരണിയും പ്രവര്‍ത്തനക്ഷമമായി. പദ്ധതിയിലൂടെ മണ്ഡലകാല തീര്‍ഥാടനത്തിന് ടാങ്കര്‍ വഴിയുളള ജല വിതരണം പരമാവധി ഒഴിവാക്കുന്നതിനും ആവശ്യമായ കുടിവെളള വിതരണം ഉറപ്പാക്കാനും സാധിക്കും.
13 മില്യണ്‍ ലിറ്റര്‍ പ്രതിദിനം ശേഷിയുളള ജലശുദ്ധീകരണശാല, ആറ് ലക്ഷം ലിറ്റര്‍ ശേഷിയുളള മൂന്ന് സമ്പ് കം പമ്പ് ഹൗസ്, 508 എം.എം വ്യാസമുളള എം.എസ് പൈപ്പുകള്‍ ഉപയോഗിച്ചുളള 20,151 മീറ്റര്‍ നീളമുള്ള ലൈനുകള്‍ , നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ വീതം ശേഷിയുളള മൂന്ന് ഓവര്‍ ഹെഡ് സ്റ്റോറേജ് റിസര്‍വോയറുകള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.
കക്കാട്ടാറ് കേന്ദ്രീകരിച്ച് നിലയ്ക്കല്‍-സീതത്തോട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം 2016 ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണം ഒമ്പത് കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തികള്‍ ജലജീവന്‍ മിഷനിലൂടെ നടപ്പാക്കി.

ആറ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മൂന്ന് സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള മൂന്ന് ഉന്നതതല ജലസംഭരണി, 22.17കി.മീ 500 എം.എം എം.എസ് ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍, പമ്പ് ഹൗസുകളിലും ശുദ്ധീകരണശാലയിലും പമ്പ് സെറ്റ്, ട്രാന്‍സ്‌ഫോമര്‍ എന്നിവയാണ് അവസാനഘട്ടത്തിലുള്ളത്. തത്തയ്ക്കാമണിയിലെയും എസ് കര്‍വിന് സമീപവും പ്ലാപ്പളളിയിലുമുളള ആറ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സമ്പ് കം ബൂസ്റ്റര്‍ പമ്പ് ഹൗസുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ബി.എസ്.എന്‍.എല്‍ ടവറിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയും തയ്യാറായി. ഗോശാലയ്ക്കും പളളിയറക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണികളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ മണ്ഡലക്കാലത്ത് നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള താല്‍ക്കാലിക സ്റ്റീല്‍ ടാങ്കില്‍ നിന്നും ട്രയല്‍ റണ്‍ വഴി ജലവിതരണം നടത്തിയിരുന്നു.

error: Content is protected !!