എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ പരീക്ഷിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

Spread the love

ഉദ്യോഗാര്‍ഥി പരിശോധനയ്ക്കായി എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ പരീക്ഷിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

എന്‍.ഡി.എ, എന്‍.എ 2, സി.ഡി.എസ് 2 പരീക്ഷകള്‍ക്കിടെ ദ്രുതഗതിയിലും സുരക്ഷിതമായും ഉദ്യോഗാര്‍ഥി സ്ഥിരീകരണം നടത്താന്‍ എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള പരീക്ഷണ പദ്ധതി (പൈലറ്റ് പ്രൊജക്ട്) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) വിജയകരമായി നടത്തി.

ദേശീയ ഇ-ഗവേണന്‍സ് ഡിവിഷനുമായി (എന്‍ഇ ജി.ഡി) സഹകരിച്ച് നടത്തുന്ന ഈ സംരംഭം, പരീക്ഷാ പ്രക്രിയയുടെ സമഗ്രത ശക്തിപ്പെടുത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമാണ് ശ്രമിക്കുന്നത്.

ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടപ്പാക്കിയ ഈ പരീക്ഷണ പദ്ധതിയില്‍ അവിടത്തെ ഉദ്യോഗാര്‍ത്ഥികളുടെ മുഖചിത്രങ്ങള്‍ അവരുടെ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ സമര്‍പ്പിക്കപ്പെട്ട ഫോട്ടോകളുമായി ഡിജിറ്റലായി പൊരുത്തപ്പെടുത്തി. പുതിയ സംവിധാനം ഒരോ ഉദ്യോഗാര്‍ഥിയുടെയും സ്ഥിരീകരണ സമയം ശരാശരി 8 മുതല്‍ 10 വരെ സെക്കന്‍ഡായി കുറയ്ക്കുകയും, സുരക്ഷയുടെ ഒരു അധികതലം ചേര്‍ത്ത് പ്രവേശന പ്രക്രിയ ഗണ്യമായി കാര്യക്ഷമമാക്കുകയും ചെയ്തു.

പരീക്ഷണ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ സ്ഥലങ്ങളിലുടനീളം, വിവിധ സെഷനുകളിലായി 1,129 ഉദ്യോഗാര്‍ഥികള്‍ക്ക് വിജയകരമായ 2,700 സൂക്ഷ്മപരിശോധനകള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ മികച്ചതും സുരക്ഷിതവും കാര്യക്ഷമവുമായ പരീക്ഷകള്‍ക്കായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെയാണ് ഈ വിജയകരമായ പരീക്ഷണം അടയാളപ്പെടുത്തുന്നത്.

നീതിയുടെയും സുതാര്യതയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ അവലംബിക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യു.പി.എസ്.സി ചെയര്‍മാന്‍ ഡോ. അജയ് കുമാര്‍ പറഞ്ഞു. എ.ഐ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയലിനുള്ള ഈ പരീക്ഷണ പദ്ധതി, മികച്ചതും സുരക്ഷിതവും കാര്യക്ഷമവുമായ പരീക്ഷാ പ്രക്രിയയിലേക്കുള്ള ഞങ്ങളുടെ ശ്രമത്തിലെ സുപ്രധാന ചുവടുവെയ്പാണ്. യു.പി.എസ്.സി അതിന്റെ രീതികള്‍ ആധുനികവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ, പ്രക്രിയകളുടെ സമഗ്രത സംരക്ഷിക്കുന്നതിന് പരമാവധി ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ പരീക്ഷണ പദ്ധതിയെക്കുറിച്ച് ഡോ. അജയ് കുമാര്‍ ട്വീറ്റും ചെയ്തു.