
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍
ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ശബരിമല തന്ത്രി ബ്രഹ്‌മശ്രീ മഹേഷ് മോഹനര്, പന്തളം കൊട്ടാരം സെക്രട്ടറി എം ആര്‍ സുരേഷ് വര്‍മ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നായര്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍, കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി കെ സജീവ്, കേരള ബ്രാഹ്‌മണ സഭ പ്രതിനിധി കരിമ്പുഴ രാമന്‍, ശിവഗിരി മഠം പ്രതിനിധി സ്വാമി പ്രബോധ തീര്‍ത്ഥ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ ആറ് മുതല്‍ പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8.30 മുതല്‍ 9.30 വരെ ഭജന്‍. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. ഉച്ചയ്ക്ക് 12 മുതല്‍ തത്ത്വമസി, ശ്രീരാമ സാകേതം, ശബരി വേദികളിലായി ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളെ കുറിച്ച് ഒരേ സമയം ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി. 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് പ്രധാന വേദിയില്‍ സമാപന സമ്മേളനം. അതിനു ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കും. പാസ് വഴിയാണ് പ്രതിനിധികള്‍ക്ക് പ്രവേശനം. പ്രധാന വേദിയായ തത്ത്വമസിയിലാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ ബെജെന്‍ എസ് കോത്താരി, ഡോ. പ്രിയഞ്ജലി പ്രഭാകരന്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍. ആത്മീയ ടൂറിസം സര്‍ക്യൂട്ട് സെഷന്‍ ശ്രീരാമ സാകേതം വേദിയിലാണ്.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവല്‍മാര്‍ട്ട് സ്ഥാപകന്‍ എസ്. സ്വാമിനാഥന്‍, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബേബി മാത്യു എന്നിവരാണ് പാനലിസ്റ്റുകള്‍. മൂന്നാമത്തെ വേദിയായ ശബരിയില്‍ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തില്‍ സെഷന്‍ നടക്കും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി എസ്. ശ്രീജിത്ത്, ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ എന്നിവരാണ് പാനലിസ്റ്റുകള്‍.