konnivartha.com: ദീപനാളങ്ങള്‍ ദേവീസ്വരൂപങ്ങളുടെ നവ ഭാവങ്ങള്‍ വര്‍ണ്ണിക്കുന്ന നവ രാത്രി പൂജകള്‍ക്ക് ഇന്ന് ആരംഭം കുറിക്കുന്നു . ഒന്‍പതു ദിന രാത്രങ്ങള്‍ പ്രകൃതിയുടെ ചലനം നിയന്ത്രിയ്ക്കുന്ന ഒന്‍പതു ദേവീ ഭാവങ്ങള്‍ക്ക് പൂജകള്‍ . തുടര്‍ന്ന് പൂജ വെപ്പും ആയുധ പൂജയും വിദ്യാരംഭം ചടങ്ങും ഉള്ള വിശേഷാല്‍ ചടങ്ങുകള്‍ നടക്കും .
ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്ക്കാണു നവരാത്രി ആരംഭം.ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും കഥകളുമാണ് നവരാത്രിയുടെ ആധാരം.അസുരശക്തികളെ നിഗ്രഹിക്കാൻ പരാശക്തി അമ്മ വിവിധ അവതാരങ്ങൾ കൈക്കൊണ്ടുവെന്നാണ് ഐതീഹ്യം .
അക്ഷരമാകുന്ന അഗ്നിയെ ജ്വലിപ്പിച്ചു അറിവ് എന്ന മഹാ പ്രപഞ്ചത്തിലേക്ക് മനസ്സിനെ അഴിച്ചു വിടുന്ന വലിയൊരു സത്യം ആണ് മാനവ കുലം ഇന്നും ആഘോഷിക്കുന്നത് ആചരിക്കുന്നത് .ആചാരവും അനുഷ്ടാനവും നിലപാട് തറകളില്‍ കുടിയിരിക്കുന്നു . ഇവിടെ ദേവിയുടെ നവ ഭാവങ്ങള്‍ വിവിധ ആഗമന ഉദേശത്തോടെ വിവിധ രൂപങ്ങളായി പരിണമിക്കുന്നു . എല്ലാ ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി ആണ് അവതരിച്ചത് . ശത്രു സംഹാരം പൂര്‍ത്തിയാക്കി ലോകത്തിനു വെളിച്ചം വീശുന്ന അറിവ് മനസ്സില്‍ കുടിയിരുത്തുന്ന വിജയ ദശമി വരെ ഉള്ള ആത്മ പ്രയാണം . ദേവീ മാഹാത്മ്യ ചരിതങ്ങള്‍ ഇതള്‍ വിടര്‍ത്തി സത്യത്തിന്‍റെ ധര്‍മ്മത്തിന്‍റെ പാതയില്‍ ചരിക്കാന്‍ മാനവവരെ നേര്‍ വഴിക്ക് നടത്തുവാന്‍ ആണ് കഥകളും ഉപ കഥകളും രൂപം കൊണ്ടത് . വിശ്വാസികള്‍ക്ക് ഇത് വ്രത ശുദ്ധിയുടെ നാളുകള്‍ . ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിൽ ആദിശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ. നവരാത്രിയിൽ നവദുർഗകളെയാണ് ആരാധിക്കുന്നത്.ദേവീ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ദേവി ക്ഷേത്രങ്ങളിലും വിദ്യാരംഭം, ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, ശ്രീചക്രപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ, ലളിതാ സഹസ്രനാമ പാരായണം, കനകധാരാ സ്തോത്രം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.