konnivartha.com: ഒഡീസ്സയിലെ പുരിയിൽ നിന്ന് മഹാരി നൃത്തവുമായി ഒരമ്മയും മകളും ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം വേദിയിൽ എത്തി. മഹാരി നർത്തകിയായ രൂപശ്രീ മഹാപത്രയും മകൾ ദേബരൂപ ദാസ് ഗുപ്തയുമാണ് ത്രിഭംഗിയിൽ മഹാരി നൃത്തം അവതരിപ്പിച്ചത്.
പുരി ജഗനാഥ ക്ഷേത്രത്തിലെ പരമ്പരാഗത നൃത്തമാണ് മഹാരിനൃത്തം. ഒഡീസ്സി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങൾ ഉത്ഭവിച്ചത് മഹാരി നൃത്തത്തിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. 42 വർഷമായി മഹാരി നൃത്തം ചെയ്യുന്ന രൂപശ്രീ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവദാസി നർത്തകിമാരുടെ ശിക്ഷണത്തിലാണ് താൻ മഹാരിനൃത്തം അഭ്യസിച്ചതെന്ന് രൂപശ്രീ മഹാപത്ര പറഞ്ഞു.
ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു
കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ, സൃഷ്ടി ദേസാക്ഷി സിധേന്ദ്ര ചൊക്കലിംഗം, നൃത്ത കലാഞ്ജലി എന്നിവർ യുവനർത്തക വിഭാഗത്തിൽ നൃത്തം അവതരിപ്പിച്ചു. പ്രൊഫഷണൽ നർത്തക വിഭാഗത്തിൽ രൂപശ്രീ മഹാപത്ര മഹാരി നൃത്തവും ഡോ.രതീഷ് ബാബു, ഷഫീകുദ്ദീൻ, ഷബന എന്നിവർ ഭരതനാട്യവും ദീപ കർത്ത കഥക്കും കലാമണ്ഡലം ശ്രീജ ആർ. കൃഷ്ണൻ മോഹനിയാട്ടവും ഡോ ചിന്ത രവി ബാലകൃഷ്ണ കുച്ചിപ്പുടിയും ഡോ. മോനിഷ ദേവി സാത്രിയ നൃത്തവും അവതരിപ്പിച്ചു.കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി, എറണാകുളം ജില്ല കേന്ദ്രകലാസമിതി എന്നിവരുടെ സഹകരണത്തോടെയാണ് അക്കാദമി ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം സംഘടിപ്പിച്ചത്.