കേന്ദ്ര മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ( 24/09/2025 )

Spread the love

 

 

രാജ്യത്ത് മെഡിക്കൽ ബിരുദാനന്തര, ബിരുദ വിദ്യാഭ്യാസ ശേഷി വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഈ പദ്ധതികൾ ഇനി പറയുന്നവയ്ക്ക് സഹായകമാകും:

ബിരുദ തലത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും.

കൂടുതൽ പി.ജി. സീറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കും.

ഗവണ്മെന്റ് മെഡിക്കൽ സ്ഥാപനങ്ങളിൽ പുതിയ സ്പെഷ്യാലിറ്റികൾ തുടങ്ങാൻ ഇത് വഴിയൊരുക്കും.

രാജ്യത്ത് ഡോക്ടർമാരുടെ മൊത്തത്തിലുള്ള ലഭ്യത വർദ്ധിപ്പിക്കും.

ഈ രണ്ട് പദ്ധതികൾക്കുമായി 2025-26 മുതൽ 2028-29 വരെയുള്ള കാലയളവിൽ 15,034.50 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 10,303.20 കോടി രൂപയും സംസ്ഥാനങ്ങളുടെ വിഹിതം 4,731.30 കോടി രൂപയുമായിരിക്കും.

പ്രയോജനങ്ങൾ:

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഈ പദ്ധതികൾ, രാജ്യത്ത് ഡോക്ടർമാരുടെയും വിദഗ്ധരുടെയും ലഭ്യത കൂട്ടാൻ സഹായിക്കും. ഇത് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, പ്രത്യേകിച്ച് പിന്നാക്ക പ്രദേശങ്ങളിൽ, ലഭ്യമാക്കാൻ ഉപകരിക്കും. പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ നിർണായക വിഷയങ്ങളിൽ വിദഗ്ധരുടെ ലഭ്യത ഉറപ്പാക്കാൻ സാധിക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും കുറഞ്ഞ ചെലവിൽ തൃതീയ തലത്തിലുള്ള ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കും. നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ ആരോഗ്യ വിഭവങ്ങളുടെ പ്രാദേശിക വിതരണം സന്തുലിതമാക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാക്കും.

പദ്ധതികളുടെ സ്വാധീനം, തൊഴിൽ സൃഷ്ടി എന്നിവ:

ഈ പദ്ധതികളിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രധാന നേട്ടങ്ങൾ/ഫലങ്ങൾ ഇനിപ്പറയുന്നവയാണ്:

i. ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.

ii. ലോകോത്തര നിലവാരത്തിനനുസരിച്ച് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും നിലവാരം ഉയർത്തും.

iii. ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിലൂടെ, ഇന്ത്യയെ മിതമായ നിരക്കിൽ ആരോഗ്യപരിരക്ഷ ഒരുക്കുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും, അതുവഴി വിദേശനാണ്യം വർദ്ധിപ്പിക്കാനും കഴിയും.

iv. ആരോഗ്യസേവന ലഭ്യതയിലുള്ള വിടവ് നികത്താൻ സഹായിക്കും, പ്രത്യേകിച്ച് വിദൂര, ഗ്രാമീണ മേഖലകളിൽ.

v. ഡോക്ടർമാർ, അധ്യാപകർ, പാരാമെഡിക്കൽ ജീവനക്കാർ, ഗവേഷകർ, ഭരണകർത്താക്കൾ, മറ്റ് സഹായ ജീവനക്കാർ എന്നിങ്ങനെ നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

vi. ആരോഗ്യസംവിധാനത്തിന്റെ കാര്യശേഷി ശക്തിപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനും ഇത് സഹായിക്കും.

vii. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തുല്യമായ വിതരണം പ്രോത്സാഹിപ്പിക്കും.

നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

2028-2029 ഓടെ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 5,000 പി.ജി. സീറ്റുകളും 5,023 യു.ജി. സീറ്റുകളും വർദ്ധിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ഇത് നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoH&FW) പുറത്തിറക്കും.

പശ്ചാത്തലം

140 കോടി ജനങ്ങൾക്ക് സാർവത്രിക ആരോഗ്യ പരിരക്ഷ (Universal Health Coverage – UHC) യാഥാർത്ഥ്യമാക്കുന്നത്, എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് ഗ്രാമീണ, ഗോത്ര, എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ സമയബന്ധിതവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകാൻ കഴിവുള്ള ശക്തമായൊരു ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശക്തമായ ആരോഗ്യ സംവിധാനത്തിന് വൈദഗ്ദ്ധ്യവും മതിയായ എണ്ണത്തിലുമുള്ള ആരോഗ്യപ്രവർത്തക രെ ആവശ്യമാണ്‌.

ഇന്ത്യയുടെ ആരോഗ്യ വിദ്യാഭ്യാസവും തൊഴിൽ ശക്തിയുടെ അടിസ്ഥാന സൗകര്യങ്ങളും സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. ഇത് ആരോഗ്യസേവന ലഭ്യത വർദ്ധിപ്പിക്കുന്നതിലും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. നിലവിൽ, ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്. 808 മെഡിക്കൽ കോളേജുകളിലായി 1,23,700 എം.ബി.ബി.എസ്. സീറ്റുകളുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, 69,352 പുതിയ എം.ബി.ബി.എസ്. സീറ്റുകൾ വർദ്ധിച്ചു, ഇത് 127% വളർച്ചയാണ്. ഇതേ കാലയളവിൽ 43,041 പി.ജി. സീറ്റുകൾ വർദ്ധിച്ചു, 143% വളർച്ചയാണ് ഇതിലുണ്ടായത്. മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിലുണ്ടായ ഈ വളർച്ച ശ്രദ്ധേയമാണെങ്കിലും, ചില മേഖലകളിൽ ആരോഗ്യപരിരക്ഷയുടെ ആവശ്യകത, ലഭ്യത, താങ്ങാനാവുന്ന ചെലവ് എന്നിവ ഉറപ്പാക്കാൻ ശേഷി ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്.

ഇതിനുപുറമെ, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പ്രകാരം അംഗീകാരം ലഭിച്ച 22 പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) തൃതീയ തലത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനോടൊപ്പം, ഏറ്റവും ഉയർന്ന വൈദ്യശാസ്ത്ര നിലവാരമുള്ള ആരോഗ്യ വിദഗ്ധരെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

യോഗ്യതയുള്ള അധ്യാപകരുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി, പുതിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ (ഫാക്കൽറ്റി യോഗ്യത) ചട്ടങ്ങൾ 2025 പുറത്തിറക്കി. അധ്യാപകരുടെ യോഗ്യതയും നിയമനവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈദഗ്ദ്ധ്യാധിഷ്ഠിതവുമാക്കിയാണ് ഇത് നടപ്പാക്കുന്നത്. ഈ മാറ്റങ്ങൾ അധ്യാപകരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അക്കാദമിക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിടുന്നു.

ആരോഗ്യ മേഖലയിലെ യോഗ്യതയുള്ള മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുന്നതിനായി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഈ പദ്ധതികൾ നടപ്പാക്കി വരുന്നു. പദ്ധതികളുടെ തുടർന്നുള്ള വിപുലീകരണം കൂടുതൽ ആരോഗ്യ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും, ആരോഗ്യ മേഖലയിലെ മാനവ വിഭവശേഷി ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത അടിവരയിടുന്നു.
——————————————

ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പി‌ന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം

ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പി‌ന്റെ “ശേഷിവർധനയും മാ​നവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ (DSIR/CSIR) സമർപ്പിച്ച പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2021-22 മുതൽ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ ആകെ 2277.397 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുക.

CSIR ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തുടനീളമുള്ള ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ പരീക്ഷണ-ഗവേഷണശാലകൾ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ ഇതിൽ ഉൾപ്പെടും. സർവകലാശാലകൾ, വ്യവസായം, ദേശീയ ഗവേഷണ-വികസന പരീക്ഷണശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ ജീവി​തം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉത്സാഹഭരിതരായ യുവഗവേഷകർക്ക് ഈ സംരംഭം വിശാലമായ വേദിയൊരുക്കും. പ്രഗത്ഭ ശാസ്ത്രജ്ഞരുടെയും പ്രൊഫസർമാരുടെയും മാർഗനിർദേശത്തോടെ, ഈ പദ്ധതി ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം (STEMM) എന്നീ മേഖലകളിൽ വളർച്ചയ്ക്കും പുരോഗതിക്കും സഹായകമാകും.

ശേഷിവികസന-മാനവവിഭവശേഷി വികസന പദ്ധതി, ദശലക്ഷംപേർക്ക് എത്ര ഗവേഷകർ എന്ന കണക്കു വർധിപ്പിച്ച്, ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഉയർന്ന നിലവാരമുള്ള മാനവവിഭവശേഷിയുടെ ശേഖരം വർധിപ്പിക്കുന്നതിലൂടെയും വിപുലീകരിക്കുന്നതിലൂടെയും ഈ പദ്ധതി അതിന്റെ പ്രസക്തി തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യാഗവൺമെന്റ് ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണ വികസനത്തിൽ നടത്തിയ ഏകീകൃത ശ്രമങ്ങളുടെ ഫലമായി, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) റാങ്കിങ് പ്രകാരം 2024-ൽ ആഗോള നൂതനാശയ സൂചികയിൽ (GII) ഇന്ത്യ 39-ാം സ്ഥാനത്തേക്കുയർന്നു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള മാർഗനിർദേശത്താൽ സമീപഭാവിയിൽ ഇതു കൂടുതൽ മെച്ചപ്പെടും. ഗവണ്മെന്റിന്റെ ഗവേഷണ വികസനത്തിനുള്ള പിന്തുണയുടെ ഫലമായി, അമേരിക്കയിലെ NSF ഡേറ്റ പ്രകാരം, ശാസ്ത്രീയ പ്രബന്ധ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ മികച്ച മൂന്നു രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾക്കു ഗണ്യമായ സംഭാവന നൽകിയ ആയിരക്കണക്കിനു ഗവേഷകരെയും ശാസ്ത്രജ്ഞരെയും DSIR പദ്ധതി പിന്തുണയ്ക്കുന്നു.

ഈ അംഗീകാരം, CSIR-ന് ഇന്ത്യൻ ശാസ്ത്ര-വ്യാവസായിക ഗവേഷണത്തിനുള്ള 84 വർഷത്തെ സേവനത്തിൽ ചരിത്രപരമായ നാഴികക്കല്ലു സൃഷ്ടിക്കുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ, രാജ്യത്തിന്റെ ഗവേഷണ-വികസന പുരോഗതിക്ക് ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്കുവേണ്ടി വേഗം വർധിപ്പിക്കാനാകും. വിവിധ പദ്ധതികൾ ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന CSIR പദ്ധതിയായ “ശേഷി വികസനവും മാനവവിഭവശേഷി വികസനവും (CBHRD)” ഇനി പറയുന്ന ഉപപദ്ധതികൾ ഉൾക്കൊള്ളുന്നു.

(i) ഡോക്ടറൽ, പോസ്റ്റ് ​ഡോക്ടറൽ ഫെലോഷിപ്പുകൾ

(ii) എക്സ്ട്രാ മ്യൂറൽ ഗവേഷണ പദ്ധതി, എമെറിറ്റസ് സയന്റിസ്റ്റ് സ്കീം, ഭട്‌നാഗർ ഫെലോഷിപ്പ് പരിപാടി

(iii) പുരസ്കാരപദ്ധതിയിലൂടെ മികവിന്റെ പ്രോത്സാഹനവും അംഗീകാരവും

(iv) ട്രാവൽ ആൻഡ് സിമ്പോസിയ ഗ്രാന്റ് സ്കീമിലൂടെ അറിവ് പങ്കിടൽ പ്രോത്സാഹിപ്പിക്കൽ

കരുത്തുറ്റ ഗവേഷണ-വികസന നവീകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും 21-ാം നൂറ്റാണ്ടിൽ ആഗോള നേതൃത്വത്തിനായി ഇന്ത്യൻ ശാസ്ത്രത്തെ തയ്യാറാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം.

———————————
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസിന് (PLB) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയിൽ, 10,91,146 റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസ് (PLB) ആയി 1865.68 കോടി രൂപ നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി.

ഓരോ വർഷവും ദുർഗ്ഗാ പൂജ/ ദസറ അവധി ദിവസങ്ങൾക്ക് മുമ്പായാണ് യോഗ്യരായ റെയിൽവേ ജീവനക്കാർക്ക് PLB നൽകുന്നത്. ഈ വർഷം ഏകദേശം 10.91 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ PLB തുക നൽകുന്നു. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ, റെയിൽവേ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് PLB നല്‍കുന്നത്.

യോഗ്യരായ ഓരോ റെയിൽവേ ജീവനക്കാരനും 78 ദിവസത്തെ വേതനത്തിന് തുല്യമായ പരമാവധി PLB തുക 17,951/- രൂപയാണ്. ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡ്), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ ഹെൽപ്പർമാർ, പോയിന്റ്സ്മാൻ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ റെയിൽവേ ജീവനക്കാർക്കാണ് മുകളിൽ പറഞ്ഞ തുക നൽകുന്നത്.

2024-25 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. റെക്കോർഡ് എണ്ണത്തിൽ 1614.90 ദശലക്ഷം ടൺ കാർഗോകൾ കയറ്റി അയക്കാനും ഏകദേശം 7.3 ബില്യൺ യാത്രക്കാരെ വഹിക്കാനും റെയിൽവേയ്ക്ക് സാധിച്ചു.

—————————–

ബീഹാറിലെ ദേശീയ പാത-139W യിൽ 78.942 കിലോമീറ്റർ ദൈർഘ്യമുള്ള നാലു വരി സാഹെബ്ഗഞ്ച്-അരേരാജ്-ബെട്ടയ്യ സെക്ഷൻ 3,822.31 കോടി രൂപ ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.

ബീഹാറിലെ ദേശീയ പാത-139W യിൽ 78.942 കിലോമീറ്റർ ദൈർഘ്യമുളള നാലു വരി സാഹെബ്ഗഞ്ച്-അരേരാജ്-ബെട്ടയ്യ സെക്ഷൻ 3,822.31 കോടി രൂപ മൂലധന ചെലവിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) നിർമ്മിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

സംസ്ഥാന തലസ്ഥാനമായ പട്നയിൽ നിന്ന് വടക്കൻ ബീഹാർ ജില്ലകളായ വൈശാലി, സരൺ, സിവാൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പ്രദേശങ്ങൾ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് ബെട്ടിയയുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതാണ് നിർദ്ദിഷ്ട നാല് വരി ഗ്രീൻഫീൽഡ് പദ്ധതി. ദീർഘദൂര ചരക്ക് ഗതാഗത നീക്കത്തെ പിന്തുണയ്ക്കുന്നതിനും, കാർഷിക മേഖലകൾ, വ്യാവസായിക മേഖലകൾ, അതിർത്തി കടന്നുള്ള വ്യാപാര റൂട്ടുകൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

കേസരിയ ബുദ്ധ സ്തൂപം (സാഹെബ്ഗഞ്ച്), സോമേശ്വരനാഥ് ക്ഷേത്രം (അരേരാജ്), ജൈന ക്ഷേത്രം, വിശ്വ ശാന്തി സ്തൂപം (വൈശാലി), മഹാവീർ ക്ഷേത്രം (പട്‌ന) എന്നിവയുൾപ്പെടെയുള്ള പ്രധാന പൈതൃക, ബുദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ ഏഴ് പിഎം ഗതി ശക്തി സാമ്പത്തിക നോഡുകൾ, ആറ് സോഷ്യൽ നോഡുകൾ, എട്ട് ലോജിസ്റ്റിക് നോഡുകൾ, ഒമ്പത് പ്രധാന ടൂറിസം, മത കേന്ദ്രങ്ങൾ എന്നിവയെ പദ്ധതി ബന്ധിപ്പിക്കും. അതുവഴി ബീഹാറിന്റെ ബുദ്ധ സർക്യൂട്ടും അന്താരാഷ്ട്ര ടൂറിസം സാധ്യതകളും ശക്തിപ്പെടുത്തും.

നിലവിൽ തിരക്കേറിയതും ജ്യാമിതീയമായി കുറവുള്ളതുമായ ഇതര റൂട്ടുകളിലേക്കും, അന്തർനിർമ്മിതമായ പ്രദേശങ്ങളിലേക്കും അതിവേഗ കണക്റ്റിവിറ്റി നൽകുന്നതിനാണ് NH-139W ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ NH-31, NH-722, NH-727, NH-27, NH-227A എന്നിവയിലേക്കുള്ള ഒരു പ്രധാന ലിങ്കായി ഇത് പ്രവർത്തിക്കും.

നിർദ്ദിഷ്ട ഗ്രീൻഫീൽഡ് അലൈൻമെന്റ്, വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും; എന്നാൽ ഡിസൈൻ വേഗത മണിക്കൂറിൽ 100 ​​കിലോമീറ്ററാണ്. ഇത് സാഹെബ്ഗഞ്ചിനും ബെട്ടിയയ്ക്കും ഇടയിലുള്ള മൊത്തത്തിലുള്ള യാത്രാ സമയം 2.5 മണിക്കൂറിൽ നിന്ന് 1 മണിക്കൂറായി കുറയ്ക്കും, അതേസമയം നിലവിലുള്ള ബദലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും സുരക്ഷിതവും വേഗതയേറിയതും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യും.

78.94 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പദ്ധതി 14.22 ലക്ഷം നേരിട്ടുള്ള മനുഷ്യദിന തൊഴിലും 17.69 ലക്ഷം പരോക്ഷ മനുഷ്യദിന തൊഴിലും സൃഷ്ടിക്കും. നിർദ്ദിഷ്ട ഇടനാഴിക്ക് സമീപമുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലെ വർദ്ധനവ് കാരണം ഈ പദ്ധതി അധിക തൊഴിലവസരങ്ങൾക്കും കാരണമാകും.

———————

2,192 കോടി രൂപ മൊത്ത ചെലവിൽ, ബീഹാറിലെ ഭക്തിയാർപൂർ – രാജ്ഗിർ – തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ(104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ബീഹാറിലെ ഭക്തിയാർപൂർ – രാജ്ഗിർ – തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ (104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി.പദ്ധതിക്ക്,ആകെ 2,192 കോടി രൂപ (ഏകദേശം) ചെലവ് വരും.

ബീഹാർ സംസ്ഥാനത്തെ നാല് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയെ ഏകദേശം 104 കിലോമീറ്റർ വർദ്ധിപ്പിക്കും.

രാജ്ഗിർ (ശാന്തി സ്തൂപം), നളന്ദ, പാവപുരി തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്ക് റെയിൽ കണക്റ്റിവിറ്റിയും പദ്ധതി വിഭാവനം ചെയ്യുന്നു . ഇത് രാജ്യത്തുടനീളമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കും .

മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഇവിടെയുള്ള 1,434 ഗ്രാമങ്ങളും ഏകദേശം 13.46 ലക്ഷം ജനസംഖ്യയും രണ്ട് ആസ്പിറേഷണൽ ജില്ലകളും(ഗയ, നവാഡ) തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.

കൽക്കരി, സിമൻറ്, ക്ലിങ്കർ, ഫ്ലൈ ആഷ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് ഇത് ഒരു അത്യാവശ്യ പാതയാണ്. ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ 26 MTPA (പ്രതിവർഷം ദശലക്ഷം ടൺ) അധിക ചരക്ക് ഗതാഗതത്തിന് കാരണമാകും. പരിസ്ഥിതി സൗഹൃദവും ഊർജ്ജ കാര്യക്ഷമവുമായ ഗതാഗത മാർഗ്ഗമെന്ന നിലയിൽ റെയിൽവേകൾ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി (5 കോടി ലിറ്റർ) കുറയ്ക്കുന്നതിനും CO2 ഉദ്‌വമനം (24 കോടി കിലോഗ്രാം) കുറയ്ക്കുന്നതിനും സഹായിക്കും, ഇത് 1 (ഒരു) കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

ലൈൻ ശേഷി വർദ്ധിപ്പിക്കുന്നത് മൊബിലിറ്റി മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയ്ക്ക് മെച്ചപ്പെട്ട കാര്യക്ഷമതയും സേവന വിശ്വാസ്യതയും നൽകുകയും ചെയ്യും. മൾട്ടി-ട്രാക്കിംഗ് ശിപാർശകൾ പ്രവർത്തനങ്ങൾ ലഘൂകരിക്കുകയും തിരക്ക് കുറയ്ക്കുകയും ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം നൽകുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യ എന്ന ദർശനവുമായി പൊരുത്തപ്പെടുന്നതാണ് പദ്ധതികൾ. മേഖലയിലെ ജനങ്ങളെ സമഗ്രമായ വികസനത്തിലൂടെ “ആത്മനിർഭർ” ആക്കി അവരുടെ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കും.

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളി കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പിഎം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഈ പദ്ധതികൾ നൽകും.