പൊതുസംഘാടക സമിതി രൂപികരിച്ചു
ഗതാഗത മേഖലയിലെ ഭാവി വികസനത്തിന്റെ മുതല്കൂട്ടായിരിക്കും ‘വിഷന്‍ 2031’ സെമിനാറെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഗതാഗത രംഗത്ത് മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന വേദിയായി സെമിനാര്‍ മാറുമെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര് സെമിനാറില്‍ പങ്കെടുക്കും. ഗതാഗത മേഖലയില്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ ആറു മാസത്തിനിടെ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്.
കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയാണ് ഇത് സാധിച്ചത്. ആധുനികവല്കരണ പാതയിലാണ് ഗതാഗത വകുപ്പ്. വാഹന്‍ ഉള്‍പ്പെടെയുള്ള സോഫ്റ്റ്വെയറുകളെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. ചലോ ആപ്പ്, പാസഞ്ചര്‍ കാര്‍ഡ് തുടങ്ങിയവ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സ്വതന്ത്ര മനോഭാവത്തോടെ എല്ലാവരുടെയും പങ്കാളിത്തം സെമിനാറില്‍ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ചരിത്രത്തിലാദ്യമായി കെഎസ്ആര്‍ടിസി നഷ്ടമില്ലാതെ ഓടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭാവി വികസന കാഴ്ചപ്പാട് രൂപീകരിക്കാന്‍ സെമിനാറിനാകുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണര്‍ നിധിന് അഗര്‍വാള്‍ പറഞ്ഞു.
സെമിനാര്‍ രൂപരേഖ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി ബി നൂഹ് അവതരിപ്പിച്ചു. രാവിലെ 8.30 ന് രജിസ്ട്രേഷന് ആരംഭിക്കും. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടം അവതരിപ്പിക്കും. ഭാവിയിലെ പ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി വിശദീകരിക്കും. തുടര്‍ന്ന് ചര്‍ച്ചയിലൂടെ ക്രോഡീകരിക്കുന്ന ആശയം ചേര്‍ത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
ഒക്ടോബര്‍ 15 ന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന സെമിനാറിന്റെ വിജയത്തിനായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചെയര്‍പേഴ്സണായുള്ള പൊതുസംഘാടക സമിതിക്ക് രൂപം നല്കി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരാണ്. കേരള റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണര്‍ നിധിന് അഗര്‍വാള്‍ രക്ഷാധികാരിയും ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി ബി നൂഹ് ജനറല്‍ കണ്‍വീനറുമാണ്. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ജോയിന്റ് കണ്‍വീനറും.
പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍
ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡിയുമായ പ്രമോജ് ശങ്കര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.