ഇന്ന് മഹാനവമി: ആയുധ പൂജ

Spread the love

 

അറിവിലൂടെ സമാധാനം ഭക്തിയിലൂടെ സന്തോഷം അധ്വാനത്തിലൂടെ വിജയം കൈവരിക്കാം എന്നുള്ള മഹത്തായ സന്ദേശത്തോടെ ഇന്ന് മഹാനവമി . നവരാത്രി ആഘോഷങ്ങളില്‍ സുപ്രധാനമാണ് മഹാനവമി. ഈ ദിനത്തിലാണ് ആയുധ പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും വിശ്വാസികള്‍ അവരുടെ പണിയായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നു.അറിവും അധ്വാനവും ആഘോഷിക്കപ്പെടുന്ന പുണ്യദിനം.

അറിവ് എന്ന കരുത്തുറ്റ ആയുധത്തെ ജീവിത വിജയത്തിന് വേണ്ടി ഉപയോഗപ്പെടുത്തി സാമൂഹിക നന്മയിലേക്ക് മാനവരെ കൈപിടിച്ച് ഉയര്‍ത്തുന്ന വലിയൊരു സന്ദേശം ആണ് പകര്‍ന്നു നല്‍കുന്നത് . തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയമായി കണക്കാക്കുന്നു . അറിവിനും മികവിനും മൂര്‍ച്ചയുള്ളപ്പോള്‍ അത് ലോകത്തിനു മുന്നില്‍ വലിയൊരു വിജയം ആണ് . ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്‍റെ കഥയുമായി മഹാനവമി ബന്ധിക്കപ്പെട്ടിരിക്കുന്നു .

ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഈ ദിനം ഭാരതത്തിൽ ഉടനീളം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. പഞ്ചപാണ്ഡവന്മാര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധപൂജ എന്നും അറിയപ്പെടുന്നു.വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് ഇന്ന് നവരാത്രി വ്രതം നോല്‍ക്കുന്നത്.പഠിച്ച വിദ്യകള്‍ ഫലവത്താകാന്‍ വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാകണം. അതിന് നവരാത്രി വ്രതം നോല്‍ക്കുന്നത് ഉത്തമമായി കരുതുന്നു

മഹാനവമിയുടെ വിജയം നാളെ വിജയ ദശമി ദിനത്തോടെ ആണ് പൂര്‍ണ്ണമാകുന്നത് .അത് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങോടെ തുടങ്ങും . വിജയദശമി ദിവസം വിദ്യാരംഭത്തോടെ വ്രതാനുഷ്ഠാനം അവസാനിക്കുകയും ചെയ്യും.ജ്ഞാനത്തിന്‍റേയും പ്രകാശത്തിന്‍റേയും വിജയത്തിലേക്ക് തുറക്കുന്ന ദിവസമാണ് വിജയദശമി.നാളെ വാദ്യനൃത്തൃ സംഗീത കലകളുടേയും അരങ്ങേറ്റം നടക്കും .വിജയ ദശമിയ്ക്ക് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി .

error: Content is protected !!