ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി

Spread the love

 

 

ഓപ്പറേഷൻ “വനരക്ഷ”: സംസ്ഥാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി.
സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും, നിർമ്മാണ പ്രവൃത്തികൾ, റോഡ് നിർമ്മാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമ്മാണം, ജണ്ട നിർമ്മാണങ്ങൾ, സോളാർ മതിൽ നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്-ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ “ഓപ്പറേഷൻ വനരക്ഷ” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.

 

വനം വകുപ്പിൽ അഴിമതി നടന്നു വരുന്നതായി ആരോപണം ഉയർന്ന പദ്ധതികളിൽ കഴിഞ്ഞ 5 വർഷക്കാലയളവിലെ ഫയലുകളാണ് “ഓപ്പറേഷൻ വനരക്ഷ” എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് ഇന്ന് നടത്തിയ മിന്നൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്ന് അക്കൗണ്ട് മുഖാന്തിരം ഒരു കോടിയിലധികം (1,07,94,000/-) രൂപ വാങ്ങിയെടുത്തതിന്റെ രേഖകൾ വിജിലൻസ് കണ്ടെത്തുകയും. ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 11,500/- രൂപ പിടിച്ചെടുക്കുകയും ചെയ്തു.

വനം വകുപ്പിൽ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന കെട്ടിടങ്ങൾ, മൃഗങ്ങൾക്ക് വെള്ളം കുടിക്കുന്നതിനായി കാടിനുള്ളിൽ നിർമ്മിക്കുന്ന കുളങ്ങൾ, വനം വകുപ്പിന് കീഴിൽ വരുന്ന റോഡുകളുടെ ടാറിംഗ്, റീ-ടാറീഗ്, മറ്റ് അറ്റകുറ്റപണികൾ, സോളാർ ഫെൻസിംഗ് വർക്കുകൾ, വനഭൂമിയുടെ അതിർത്തി നിർണ്ണയിച്ച് അടയാളപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന ജണ്ടകൾ, വനം സംരക്ഷണത്തിനായി നടത്തപ്പെടുന്ന ഫയർ ലൈൻ തെളിക്കൽ എന്നീ പ്രവർത്തികളുടെ നടത്തിപ്പിൽ ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് അഴിമതി നടത്തുന്നതായും, നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ട് വീഴ്ച ചെയ്ത് പണം കരാറുകാരനും ഉദ്യോഗസ്ഥരുമായി വീതിച്ച് എടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. നിർമ്മാണ പ്രവർത്തികളിൽ കരാറുകാരൻ ഉദ്യോഗസ്ഥരുടെ ഏജന്റായി പ്രവർത്തിക്കുന്നതായും, ചില പ്രവർത്തികളിൽ കരാറുകാരനെ ബിനാമിയാക്കി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ ചേർന്നോ, ഉദ്യോഗസ്ഥർ ഒറ്റയ്ക്കോ കരാർ ഏറ്റെടുത്ത് പ്രവർത്തി ചെയ്യുന്നതായും, മറ്റ് കരാറുകളിൽ ഉദ്യോഗസ്ഥർ വലിയ തുകകൾ കമ്മീഷൻ ഇനത്തിൽ കൈപ്പറ്റി ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. കരാറുകാരെ ബിനാമികളാക്കി ഏറ്റെടുക്കുന്ന പ്രവർത്തികളുടെ തുക കൈമാറുന്നതിനും, കരാറുകാരിൽ നിന്നും കമ്മീഷൻ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥർ പലപ്പോഴും ഓൺലൈൻ ഇടപാടുകൾ, UPI ട്രാൻസാക്ഷനുകൾ, ബന്ധുക്കളുടെ അക്കൗണ്ടുകൾ, ഇടനിലക്കാരുടെ അക്കൗണ്ടുകൾ എന്നിവ ഉപയോഗിക്കുന്നതായും ആരോപണം ഉണ്ടായിരുന്നു.

സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിൽ, പല സ്ഥലങ്ങളിലും കെട്ടിട നിർമ്മാണങ്ങളിൽ, ബില്ലിൽ കാണിച്ച് പണം അനുവദിച്ച് നൽകിയ അളവുകളും, യഥാർത്ഥത്തിലുള്ള കെട്ടിടത്തിന്റെ അളവുകളും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിട്ടുള്ളതും, 2025 ൽ പൂർത്തിയാക്കപ്പെട്ട സോളാർ ഫെൻസിംഗ് വർക്കുകൾ പോലും പ്രവർത്തന രഹിതമായി കാണപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പല ഓഫീസുകളിലും ലേല നടപടികൾ പാലിക്കാതെ മരങ്ങൾ വിൽപ്പന നടത്തിയാതായി കാണുകയുണ്ടായി.

ഒട്ടുമിക്ക ഓഫീസുകളിലും കരാർ സംബന്ധമായ ഫയലുകളിൽ ബില്ലുകൾ, ക്വട്ടേഷൻ വിവരങ്ങൾ, ഫണ്ട് ചിലവഴിച്ചതിന്റെ വിവരങ്ങൾ, രസീതുകൾ മുതലായവ സൂക്ഷിച്ചിട്ടില്ലാത്തതും, എം. ബുക്കിലെ അളവുകളിലെ രേഖപ്പെടുത്തലുകളിൽ പൊരുത്തക്കേടുകൾ കാണപ്പെട്ടിട്ടുള്ളതുമാണ്.

വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് നടത്തുന്ന അഴിമതികളും ക്രമക്കേടുകളും വിജിലൻസ് വളരെ ഗൗരവത്തിൽ കാണുന്നുവെന്നും, കരാറുകാരിൽ നിന്നും കൈക്കൂലി പണം കൈപ്പറ്റി ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും, മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർപരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ആരോപണ വിധേയമായ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ 5 വർഷക്കാലയളവിലെ ഫയലുകളിൽ വിശദപരിശോധന ഉണ്ടാകുമെന്നും, പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും, കരാറുകാരുടേയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.

error: Content is protected !!