ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ബസ്സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ശാസിച്ചതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് ഇന്ന് മുതൽ എല്ലാ ജില്ലകളിലും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ പരിശോധന നടത്തും.
കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാർ മുൻവശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമർശിച്ചിരുന്നു. ബസിന്റെ ഉൾവശത്തെ വൃത്തി, ബസ് കഴുകിയിട്ടുണ്ടോ, മുൻവശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ എന്നിവയാണ് പരിശോധിക്കുന്നത് . ഓടിക്കൊണ്ട് ഇരുന്ന കെ എസ് ആര്‍ ടി സി ബസ്സ് പൊതു നിരത്തില്‍ തടഞ്ഞു നിര്‍ത്തി മന്ത്രി ഡ്രൈവറെ ശാസിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു .
കൊല്ലം ആയൂരിൽ വെച്ചായിരുന്നു സംഭവം. ബസിൻ്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി. ബസിൻ്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു.
ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആര്‍ടിസി ബസ് വളരെ വൃത്തിയായി പരിപാലിക്കണമെന്ന് മന്ത്രി ഇടയ്ക്കിടെ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കാറുണ്ട്. ആയൂരിൽ വെച്ച് ബസിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിവെച്ചിരിക്കുന്നത് കണ്ട മന്ത്രി ബസിന് പിന്നാലെയെത്തി ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.
കണ്ടക്ടറെയും ഡ്രൈവറെയും വിളിച്ച് പുറത്തിറക്കി പരസ്യമായി ശകാരിച്ചു. മാലിന്യങ്ങള്‍ അപ്പപ്പോള്‍ തന്നെ നീക്കം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.