
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. ഇടതൂർന്ന കാനന ഭംഗിയും വന്യമൃഗങ്ങളും പുഴയും മലയുമുള്ള ഇവിടം പ്രകൃതി ഒരുക്കിയ സുന്ദര പ്രദേശമാണ്. മാമലക്കണ്ടത്തെ മുനിപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും കുട്ടമ്പുഴയിലെ ഇടമലയാർ പുഴയിലൂടെയുള്ള തോണി യാത്രയും എല്ലാം സാഹസിക യാത്രികര്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട ഇടമാണ് .
ഗ്രാമീണ മേഖലയില്‍ പുറം ലോകം അറിയാത്ത അനേക കാഴ്ചകള്‍ നല്കുന്ന ഹരിതാഭമായ നിരവധി സ്ഥലങ്ങള്‍ ഉണ്ട് . എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി മാമലക്കണ്ടം ഗ്രാമത്തിലെത്താവുന്നതാണ്.
എറണാകുളത്ത് നിന്നും ഏകദേശം 80 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. മുനിയറ, കോയിനിപ്പറ ഹില്‍സ്, കല്ലടി വെള്ളച്ചാട്ടം, ഞണ്ടുകുളം ഹില്‍സ്, ആവാറുകുട്ടി എന്നിവയും ഇതിനടുത്ത് സന്ദര്‍ശിക്കാം. മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും കുന്നിന്‍പുറങ്ങളും ഒക്കെയായി നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഗ്രാമമാണ് മാമലക്കണ്ടം. മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലക്കണ്ടം ഇപ്പോള്‍ എറണാകുളം ജില്ലയുടെ ഭാഗമാണ്.
കൊടുംകാടിന് നടുവിലുള്ള ഗ്രാമമായതിനാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. നാലുപാടും മലകൾ നിറഞ്ഞു നിൽക്കുന്ന, കിടിലൻ യാത്രാനുഭവം നല്കുന്ന മാമലക്കണ്ടം സഞ്ചാരികൾക്കിടയിലെ പ്രത്യേകിച്ച് ബൈക്ക് റൈഡേഴ്സിന്റെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്.
കാടും മഴയും ഓഫ്റോഡും മാതമല്ല കേരളത്തിലെ ഏറ്റവും വൈറലായ സ്കൂൾ മാമലക്കണ്ടം ഗവ. സ്കൂൾ കൂടി കാണാനാണ് ആളുകൾ ഇവിടെയെത്തുന്നത്. സ്കൂളിനു മുന്നിലും പിന്നിലും ഒക്കെയായി വെള്ളച്ചാട്ടങ്ങൾ ഉള്ള സ്കൂൾ ഒരത്ഭുത കാഴ്ച തന്നെയാണ്.പെരുവര മലയുടെ താഴ്വാരത്തുള്ള സ്കൂൾ ഇത്രയും പേരുകേട്ടത് അതിനു മുന്നിലെ കാഴ്ചകൾ കൊണ്ടാണ്.
എളംബ്ലാശ്ശേരി വെള്ളച്ചാട്ടം ആണ് ഇതിനടുത്തുകൂടി ഒഴുകുന്നത്. കോടമഞ്ഞിറങ്ങുന്ന , വെള്ളച്ചാട്ടമുള്ള സ്കൂൾ വളരെ രസകരമായ ഒരു കാഴ്ചയാണ്.ആദ്ധ്യാത്മിക സ്മാരകങ്ങൾ പോലെ പാറക്കെട്ടുകളെ അലങ്കരിച്ചു നിൽക്കുന്ന മുനിയറകളും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. കാനന ഭൂമിയിലെ പച്ചപ്പും മലയോരങ്ങളിലെ വെള്ളച്ചാട്ടങ്ങളും കാട്ടാനകളുടെ സഞ്ചാരവും ഈ യാത്രയിലെ മറക്കാനാവാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക.