
തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും . രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് . ശബരിമല ,പമ്പ ,നിലയ്ക്കല്‍ എന്നിവിടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഈ മാസം 22നു വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും . രാഷ്ട്രപതി ഭവന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നു.സുരക്ഷാ പ്രശ്നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17നു മാത്രമാണു തീർഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്.സുരക്ഷ മുന്‍നിര്‍ത്തി 21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ല എന്ന് പോലീസ് വിഭാഗം പറയുന്നു .
ക്രൈംബ്രാഞ്ച് എസ്. പി. കെ. വി. വേണുഗോപാലിനാണ് പമ്പയിലെ സുരക്ഷാ ചുമതല, ബറ്റാലിയൻ എ. ഐ. ജി. അരുൾ ബി. കൃഷ്ണയ്ക്കാണ് സന്നിധാനത്തിന്റെ ചുമതല. ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.