വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 10) തുടക്കം

Spread the love

വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 10) തുടക്കം:ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍

നവകേരള നിര്‍മിതിയെ സംബന്ധിക്കുന്ന ജനകീയ കാഴ്ചപ്പാടുകളും ആശയങ്ങളും സമാഹരിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വികസന സദസിന് പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 10) തുടക്കം. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ സില്‍വര്‍ ജൂബിലി ഹാളില്‍ നിയസമഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷനാകും.

സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും വികസനനേട്ടം അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുകയും ഭാവിയിലേക്കുള്ള ആശയവും നിര്‍ദേശവും കണ്ടെത്തുകയുമാണ് വികസന സദസിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വികസന സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടം വീഡിയോയിലൂടെ സദസില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചകളിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും.

തദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിന് ജനപിന്തുണയും പൊതുജനാഭിപ്രായവും വികസന സദസിലൂടെ ഉറപ്പാക്കും. ആശയ സംവാദവും അതിലൂടെ വികസന പദ്ധതികളുടെ രൂപീകരണവുമാണ് ലക്ഷ്യം. സദസില്‍ ഉരുത്തിരിയുന്ന ആശയത്തിലൂന്നിയാകും തദേശ സ്ഥാപനങ്ങളുടെ തുടര്‍ പദ്ധതികള്‍. ജനകീയ ഇടപെടലിന്റെ വേദിയാകും ഓരോ വികസന സദസും. തദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളും ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതിയും സദസില്‍ ചര്‍ച്ച ചെയ്യും. പ്രാദേശിക വികസന ഭാവി വിഭാവനം ചെയ്യുകയാണ് ഉദ്ദേശ്യം. ജനകീയ ഇടപെടലുകളിലൂടെയാണ് സംസ്ഥാനം പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ സമൂഹമായി മാറിയത്. ജനകീയ ചര്‍ച്ചകളും പൊതു സംവാദങ്ങളും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായി. ജനകീയ ആസൂത്രണത്തിലൂടെ വികസനം നിര്‍ണയിക്കാനുള്ള അധികാരം അതാത് പ്രദേശവാസികള്‍ക്ക് നല്‍കി.

സമസ്ത മേഖലയിലും കേരളം മുന്നിലാണ്. സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. കിഫ്ബി രൂപീകരണം വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി. കായിക മേഖലയില്‍ 2500 കോടി രൂപയിലധികം വികസനത്തിന് കേരളം സാക്ഷ്യം വഹിച്ചു. പഞ്ചായത്തുകളിലെല്ലാം ഓരോ കളിക്കളമെന്ന ലക്ഷ്യം അവസാന ഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളടക്കം ഉന്നത നിലവാരത്തിലെത്തി. തദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ സ്മാര്‍ട്ട്. 40 ലക്ഷത്തിലധികം ഫയലുകള്‍ കെ സ്മാര്‍ട്ടിലൂടെ പൂര്‍ത്തിയാക്കി. തദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനം ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പന്തളം തെക്കേക്കരയ്ക്ക് പുറമെ മൈലപ്ര, കുളനട ഗ്രാമപഞ്ചായത്തുകളിലും വെള്ളിയാഴ്ച വികസന സദസ് അരങ്ങേറും. മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ ദിലീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുളനടയില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് സദസ് ആരംഭിക്കും.

ശ്രദ്ധേയമായി പന്തളം തെക്കേക്കരയില്‍ ചിത്ര പ്രദര്‍ശനം

വികസന സദസിന് മുന്നോടിയായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടം അക്കമിട്ട് നിരത്തിയ ചിത്ര പ്രദര്‍ശനം തദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാറും വികസന സദസിന് മുന്നോടിയായി നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷയായി.

സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍, ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, മാലിന്യ നിര്‍മാര്‍ജനവും ഹരിത സംസ്‌കാരവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്‍ തുടങ്ങിയവയിലൂടെ കൈവരിച്ച നേട്ടം പ്രദര്‍ശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധര പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, സെക്രട്ടറി സി എസ് കൃഷ്ണ കുമാര്‍, കൃഷി ഓഫീസര്‍ സി ലാലി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വികസന സദസ് സംഘടിപ്പിക്കുന്നത്.