പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/10/2025 )

Spread the love

വിളപരിപാലന കേന്ദ്രമൊരുക്കി പ്രമാടം ഗ്രാമപഞ്ചായത്ത്

കര്‍ഷകര്‍ക്ക് കരുതലായി പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ വിള ആരോഗ്യപരിപാലന കേന്ദ്രം. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം ആരംഭിച്ചത്.

 

വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തി ശാസ്ത്രീയ പരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള സജീകരണങ്ങളാണുള്ളത്.
വിള രോഗങ്ങള്‍, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആവശ്യമെങ്കില്‍ ജൈവരാസ കീടനാശിനികളും സൗജന്യമായി നല്‍കും. എല്ലാ വെള്ളിയാഴ്ചയുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മറ്റു ദിവസങ്ങളില്‍ വിളകളുടെ പ്രശ്‌നങ്ങളുമായി സമീപിക്കുന്ന കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കും.

 

ജൈവ കീടനാശിനികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വിളകള്‍ക്ക് ചികിത്സ നല്‍കുന്നത്.

കര്‍ഷകര്‍ക്ക് വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും വരുമാനം കൂട്ടാനും വിളപരിപാലന കേന്ദ്രം സഹായമാകും. വിളകളുടെ ക്രമീകരണം, തിരഞ്ഞെടുപ്പ്, വിത്ത് പരിപാലനം, ജലസേചനം, വളപ്രയോഗം, കള നിയന്ത്രണം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിലൂടെ ബോധവല്‍കരണം നല്‍കും. മണ്ണ് സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കും. വിളകളുടെ രോഗലക്ഷണങ്ങളുമായി എത്തുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ കാരണം കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കാത്ത വിഷയങ്ങള്‍ ജില്ലാതലത്തില്‍ അറിയിക്കാനും സൗകര്യമുണ്ട്.

അഭിമുഖം 14ന്

പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുളള ചെറുകോല്‍ ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കണം അപേക്ഷകര്‍.  യോഗ്യത  : പ്ലസ് ടു. പ്രായപരിധി :40 വയസ്. ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 14 രാവിലെ 11ന്  ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ :  0468 2322712.


സീറ്റ് ഒഴിവ്

അടൂര്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് സീറ്റ് ഒഴിവുണ്ട്.  ബിരുദക്കാര്‍ക്ക് ഒരു വര്‍ഷത്തെ  കേന്ദ്രസര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, പ്ലസ് ടു യോഗ്യതയുളളവര്‍ക്ക്  ആറുമാസത്തെ ഡിസിഎ (എസ്), എസ് എസ് എല്‍ സി പാസായവര്‍ക്ക് ഒരുവര്‍ഷ ഡിസിഎ കോഴ്സുകള്‍ക്കാണ് പ്രവേശനം. എസ് സി /എസ് റ്റി /ഒഇസി കുട്ടികള്‍ക്ക് ഫീസില്ല.  ഫോണ്‍ : 9947123177, www.lbscentre.kerala.gov.in

ഇന്റേണല്‍ കമ്മിറ്റി

തൊഴിലിടങ്ങളില്‍  സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന  ലൈംഗിക അതിക്രമം തടയുന്നതിന്  സുപ്രീം കോടതിയുടെ  വിധിന്യായ പ്രകാരം ജില്ലയിലെ പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ച് പോഷ് പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തപക്ഷം  സ്ഥാപന ഉടമകളില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ  വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു.


ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒന്ന്, മൂന്ന്, ആറ് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍  തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക്  ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍, പാര്‍ടൈം ബാചുകളിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7994926081


ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി)  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314


സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14 ന്

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കുളള ജില്ലാ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

റെഡിമിക്സ് കോണ്‍ക്രീറ്റ് പ്ലാന്റ് ഓപ്പറേറ്റര്‍ സൗജന്യ കോഴ്സ്

കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ആരംഭിക്കുന്ന റെഡിമിക്സ് കോണ്‍ക്രീറ്റ് പ്ലാന്റ് ഓപ്പറേറ്റര്‍ കോഴ്സ് സൗജന്യമായി പഠിക്കാം.  യോഗ്യത പ്ലസ് ടു /ഐടിഐ.  കാലാവധി രണ്ട് മാസം. ഫോണ്‍ : 9188910571.

ക്വട്ടേഷന്‍

പത്തനംതിട്ട ടിബി റോഡ് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തിലുളള കാന്റീന്‍ 2025 നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ നടത്തുന്നതിന് മുന്‍പരിചയമുളള വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 16 പകല്‍ മൂന്നുവരെ. വിലാസം:  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട. ഫോണ്‍: 0468 2325270.

error: Content is protected !!