കണ്ണൂർ പൈതൃകോത്സവം ഒക്ടോബർ 15 മുതൽ

Spread the love

 

konnivartha.com; കേരള പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒക്ടോബർ 15 മുതൽ 27 വരെ നടക്കും. പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങൾ, പൈതൃക പദയാത്ര എന്നിവയാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്.

കേരളം പിന്നിട്ട ഏഴുപതിറ്റാണ്ട് എന്ന വിഷയത്തിൽ അൻപതോളം വരുന്ന ഗ്രന്ഥശാലകളിൽനടക്കുന്ന പ്രഭാഷണ പരമ്പരയോടെയാണ് പൈതൃകോത്സവ പരിപാടികളുടെ തുടക്കം. ഒക്ടോബർ 23 മുതൽ 27 വരെ ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി മുരളി ചീരോത്ത്, പി.എൻ ഗോപീകൃഷ്ണൻ എന്നിവർ ക്യുറേറ്റ് ചെയ്ത ഗാന്ധി പ്രദർശനം മഹാത്മാമന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനം ടൗൺസ്‌ക്വയറിലും നടക്കും.

മുഖ്യവേദിയായ ടൗൺസ്‌ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25ന് വൈകിട്ട് നടക്കും. മുണ്ടേരി, അറക്കൽ, ചിറക്കൽ എന്നിവിടങ്ങളിലാണ് അനുബന്ധപരിപാടികൾ നടക്കുക. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി രണ്ട് ഏകദിന സെമിനാറുകളും നടക്കും. 19ന് ചിറക്കലും 24ന് സി.എസ്.ഐ ഇംഗ്ലീഷ് ചർച്ച് അങ്കണത്തിലുമാണ് സെമിനാറുകൾ. വിവിധ വിദ്യാഭ്യാസ – സാംസ്‌കാരിക സ്ഥാപനങ്ങളും പൈതൃകോത്സവത്തിന്റെ ഭാഗമാകും.

error: Content is protected !!