സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ സദസ് ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയാണ് ത്രിതല പഞ്ചായത്തിലെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പുസ്തക പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായി.
റിസോഴ്‌സ് പേഴ്‌സണ്‍ പ്രമോജ് കുമാര്‍ വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. സംസ്ഥാന ‘സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി എസ്.കെ ബിനു അവതരിപ്പിച്ചു.
ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 1064 പഠിതാക്കള്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിലൂടെ കുന്നന്താനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി. 38 കുടുംബങ്ങളെ അതിദരിദ്ര മുക്തമാക്കി. ലൈഫ് മിഷന്‍ വഴി 109 പേര്‍ക്ക് വീട് നല്‍കി. സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായ കുന്നന്താനത്ത് ഒരു എം സി എഫും 24 മിനി എംസിഎഫും രണ്ട് തുമ്പൂര്‍മുഴി എയറോബിക്ക് കംപോസ്റ്റ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിവര ശേഖരണത്തിനായി കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റെ സഹായത്തോടെ ഭൗമ വിവര തദ്ദേശഭരണ പദ്ധതി തയ്യാറാക്കി. റോഡ്, സ്‌കൂള്‍, അങ്കണവാടി പുനരുദ്ധാരണം, ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ സാധ്യമാക്കി. ഉല്‍പാദന മേഖലയില്‍ കൃഷി, ഉള്‍നാടന്‍ മത്സ്യകൃഷി വികസനം, വളര്‍ത്തു മൃഗങ്ങളുടെ വിതരണം, പരിപാലനം, വാക്‌സിനേഷന്‍ എന്നിവയും ഒമ്പത് സ്മാര്‍ട്ട് അങ്കണവാടികള്‍, ആയുര്‍വ്വേദ ഡിസ്‌പെന്‍സറിക്ക് കായകല്‍പ പുരസ്‌കാരം,എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍, തുടങ്ങിയവ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളാണ്.
പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. പഞ്ചായത്തിന് പൊതു ശ്മശാനം, കളിസ്ഥലം, കുന്നന്താനം ജംഗ്ഷനില്‍ ബസ് സ്റ്റാന്‍ഡ്, കോതവിളച്ചാലില്‍ ടൂറിസം, പൊതുജനങ്ങളുടെ സുരക്ഷ, മെച്ചപ്പെട്ട വരുമാനം നേടാന്‍ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ സ്‌കില്‍ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുക, മാനസിക ആരോഗ്യത്തിന് കൗണ്‍സിലിംഗ്, പ്രതിഭാശാലികളായ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഉന്നമനത്തിനായുള്ള പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശം ചര്‍ച്ചയില്‍ വന്നു.
ഹരിതകര്‍മ സേന അംഗങ്ങളെയും പഞ്ചായത്തിന് ഭൂമി സൗജന്യമായി നല്‍കിയ കുടുംബത്തെയും സദസില്‍ ആദരിച്ചു. നാല് കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ആധാരത്തിന്റെ കോപ്പി കൈമാറി. കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി നടത്തുന്ന ഹയര്‍ ദ ബെസ്റ്റ് പ്ലാറ്റ്‌ഫോമിലൂടെ തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്‌ട്രേഷന്‍ കാമ്പയിനും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം. കെ മധുസൂദനന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സി എന്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി. എസ് ഈശ്വരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ജനാര്‍ദ്ദനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കെ രാധാകൃഷ്ണക്കുറുപ്പ്, കെ. എന്‍ ഗിരീഷ് കുമാര്‍, വി. ഗീതാകുമാരി, സ്മിത വിജയരാജന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ അനിലാകുമാരി,ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.