
സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് നിയമനം
മല്ലപ്പളളി ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ 18-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനെയോ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 28 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ :9746488492, 9567043513.
ചുരുക്കപട്ടിക
ജില്ലയില്‍ കേരള എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
നഷാ മുക്ത് ഭാരത് അഭിയാന്‍
നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ കിടങ്ങന്നൂര്‍ നവദര്‍ശന്‍ ലഹരി വിമുക്ത ചികത്സാ കേന്ദ്രം സന്ദര്‍ശിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ജോസഫ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശിവദാസ്, ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സലര്‍മാരായ സതീഷ് തങ്കച്ചന്‍, നിറ്റിന്‍ സക്കറിയ, നവദര്‍ശന്‍ ലഹരിവിമുക്ത ചികിത്സകേന്ദ്രം വോളണ്ടിയര്‍ ഡോ. ജീവ്, ഫാ. വിപിന്‍, കോളജ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: ആറന്മുളയില്‍ പ്രാദേശിക കേന്ദ്രം
കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെജില്ലയിലെ പ്രാദേശികകേന്ദ്രമായി ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ആവശ്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തില്‍ ഉപരിപഠനം നടത്താം. ടിസി നിര്‍ബന്ധമല്ല. ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ 16 ബിരുദകോഴ്‌സുകളും 12 ബിരുദാനന്തര കോഴ്‌സുകളുമുണ്ട്.
യുജിസി മാനദണ്ഡപ്രകാരമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്.2025-26 അധ്യയനവര്‍ഷത്തില്‍ 141 പഠിതാക്കള്‍ പ്രവേശനം നേടി. ഇവര്‍ക്കുളള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഒക്ടോബര്‍ 19 രാവിലെ 10 ന് കോളജ് സെമിനാര്‍ ഹാളില്‍ നടത്തും.
താല്‍പര്യപത്രം
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റിന്റെ ഓഫീസ് പരിധിയിലുളള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ചു പഠിക്കുന്ന 250 കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനം ഉറപ്പു വരുത്തുന്നതിനും പരിശീലനം നല്‍കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശീലന കാലയളവ് നാല് മാസം. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 04735 227703.
ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് ഹാജരാക്കണം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ 2022, 2023 വര്‍ഷങ്ങളിലെ ട്രേഡുകളില്‍ നിന്നും 2024ല്‍ കോഴ്സ് കഴിഞ്ഞവര്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ വാങ്ങുന്നതിന് ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് ഒക്ടോബര്‍ 25 നകം ഐടിഐയില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04682258710.
ക്വട്ടേഷന്‍
പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ വിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്‌മെന്റിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് 2017ലോ അതിനുശേഷമോ ഉളള ടാക്‌സി രജിസ്‌ട്രേഷനുളള വാഹന ഉടമകളില്‍ നിന്ന് പ്രതിമാസ വാടക നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 21 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ :0468 2962686, ഇ-മെയില്‍ : [email protected]
ആറന്മുള ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
ആറന്മുള ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് മാലക്കര സണ്‍ഡേ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഷിജ റ്റി റോജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ എസ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം റിസോഴ്‌സ് പേഴ്‌സണ്‍ സി എസ് കൃഷ്ണകുമാര്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടം സെക്രട്ടറി ആര്‍ രാജേഷ് അവതരിപ്പിച്ചു.
ഓപ്പണ്‍ ഫോറത്തിലൂടെ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു. ലൈഫ് ഭവന പദ്ധതി പ്രകാരം 139 വീടുകള്‍ പൂര്‍ത്തീകരിച്ചതായി പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. 42 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ 18 വാര്‍ഡുകളും ഹരിത സമൃദ്ധി ഗ്രാമം പ്രഖ്യാപനം നടത്തി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദീപ നായര്‍, അംഗങ്ങളായ സിന്ധു എബ്രഹാം, ജോസ്, ജയ വേണുഗോപാല്‍, പി എം ശിവന്‍, വില്‍സി ബാബു, ബിജു വര്‍ണശാല, ശ്രീനി ചാണ്ടിശേരി എന്നിവര്‍ പങ്കെടുത്തു.
അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി
അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭാവി വികസനങ്ങളും ചര്‍ച്ചചെയ്ത് വികസന സദസ്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോയിപ്രം ബ്ലോക്ക് അംഗം വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. പ്രാദേശികതലത്തില്‍ വികസന ആശയം അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി.
ഗ്രാമപഞ്ചായത്തിന്റെ വികസന വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ പി ബി സജി വിശദീകരിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയെന്ന് സെക്രട്ടറി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയില്‍ 56 വീടുകള്‍ പൂര്‍ത്തീകരിച്ചു. 39 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ലൈഫ് ഭവന പദ്ധതിക്കായി 3.026 കോടി രൂപ ചെലവഴിച്ചു. പഞ്ചായത്തിലെ 22 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, പാര്‍പ്പിടം എന്നിവ നല്‍കി. ആറ് പേര്‍ക്ക് ഭവനം വാസയോഗ്യമാക്കി. ഡിജി കേരളം പദ്ധതിയിലൂടെ 79 പഠിതാക്കള്‍ക്കും പരിശീലനം നല്‍കി 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണര്‍, സോക്പിറ്റ് നിര്‍മാണം എന്നിവയ്ക്ക് ധനസഹായം നല്‍കി. മാലിന്യ സംസ്‌കരണം മേഖലയില്‍ വാതില്‍പ്പടി സേവനത്തില്‍ 100 ശതമാനം കൈവരിച്ചു. പാലിയേറ്റീവ് കെയര്‍ പദ്ധതി മുഖേന രോഗി പരിചരണം, മരുന്നു വിതരണം, സഹായ ഉപകരണങ്ങള്‍ എന്നിവ നല്‍കി. സ്‌കൂള്‍, ആശുപത്രി, വയോജന ക്ലബ്ബ്, സബ് സെന്റര്‍ തുടങ്ങിയ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കി. വന്യമൃഗങ്ങളില്‍ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിന് 5.48 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണവേലി നിര്‍മിച്ചു. സമഗ്ര പാലുല്‍പാദന ലക്ഷ്യമിട്ട് പശു വളര്‍ത്തല്‍, കാലിത്തീറ്റ സബ്‌സിഡി, പാലിന് സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ക്കായി 35.90 ലക്ഷം രൂപയും മുട്ട, മാംസം ഉല്‍പാദനത്തിന് നടപ്പാക്കിയ പദ്ധതികള്‍ക്കായി 38.6 ലക്ഷം രൂപയും വിനിയോഗിച്ചു. പുതിയ റോഡ് നിര്‍മാണത്തിനും അറ്റകുറ്റ പണിക്കുമായി 4.97 കോടി രൂപ ചെലവഴിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്‍സണ്‍ പി തോമസ്, അനിതാ കുറുപ്പ്, കെ ടി സുബിന്‍, ശോഭന പ്രകാശ്, മനോജ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുറ്റൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, പുറമറ്റം, തോട്ടപ്പുഴശേരി, കല്ലൂപ്പാറ വികസന സദസ് ഒക്ടോബര്‍ 17 ന്
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി കെ ലതാകുമാരി ഉദ്ഘാടനം ചെയ്യും. കലഞ്ഞൂര്‍ പൗര്‍ണമി ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മലയാലപ്പുഴ വികസന സദസ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുറമറ്റം വികസന സദസ് രാവിലെ 10 ന് സെന്റ് മേരീസ് ഊര്‍ശ്ലേം ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ തോട്ടപ്പുഴശേരി വികസന സദസ് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലൂപ്പാറ വികസന സദസ് ഉദ്ഘാടനം രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും.
ക്ഷേമ പ്രവര്‍ത്തനങ്ങളുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്
വയോജനം, ഭിന്നശേഷി, വനിതാ ക്ഷേമത്തില്‍ മികച്ച പ്രവര്‍ത്തനവുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. വികസന സദസില്‍ വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്പഞ്ചായത്തിന്റെ ക്ഷേമ പ്രവര്‍ത്തനം അവതരിപ്പിച്ചു. വയോജനങ്ങള്‍ക്കായി ടെലിവിഷന്‍, പുസ്തകങ്ങള്‍, പത്രമാസികകള്‍, ചെസ്, കാരംസ് തുടങ്ങിയവ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ വയോജന ക്ലബ് ആരംഭിച്ചു. വയോജനങ്ങള്‍ക്ക് വോക്കിങ് സ്റ്റിക്ക്, കര്‍ക്കിടക കഞ്ഞിക്കിറ്റ് വിതരണം ചെയ്തു. വയോജനങ്ങളുടെ മാനസിക ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഹില്‍പാലസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഭിന്നശേഷി ക്ഷേമത്തിന് വിവിധ പ്രവര്‍ത്തനങ്ങളും നടത്തി. കോവിഡ് സമയത്ത് ഭിന്നശേഷി കുട്ടികള്‍ക്ക് തുടര്‍ച്ചയായി 14 മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മധുരക്കിറ്റ് വിതരണം ചെയ്തു. തിരുവല്ല ബി.ആര്‍.സി. യുടെ നിയന്ത്രണത്തിലുള്ള ഓട്ടിസം സെന്റര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. ഭിന്നശേഷി ഉപകരണങ്ങളുടെ വിതരണം, കലോത്സവം, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ പഞ്ചായത്ത് ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിച്ചു.
വനിതകള്‍ക്കായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജില്ലയിലെ ആദ്യ വനിതാ ഫിറ്റ്നെസ് സെന്റര്‍ ആരംഭിച്ചു. ജെന്റര്‍ റിസോഴ്സ് സെന്റര്‍, ജാഗ്രതാ സമിതി, വനിതകള്‍ക്കായി വനിതാസംഗമം, കൃഷി, മൃഗസംരക്ഷണ മേഖലയിലെ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പദ്ധതികളും സംഘടിപ്പിച്ചു. ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാരായി വിദ്യാര്‍ത്ഥികളെ
തിരഞ്ഞെടുത്ത് പരിശീലനം നല്‍കി കുട്ടി കെയര്‍ പദ്ധതിയും നടപ്പാക്കി.
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് അംഗം ഷൈനി രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബിനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ് സംഘടിപ്പിച്ചത്.
വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ കെ പ്രദീപ് വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോര്‍ജ് അവതരിപ്പിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം 84 വീടുകള്‍ പൂര്‍ത്തീകരിച്ചു. 24 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 7.64 കോടി രൂപ ചിലവില്‍ ഗ്രാമീണ റോഡുകളുടെ കോണ്‍ക്രീറ്റ് നടത്തി. ടാറിങ് റീങ് വര്‍ക്കുകള്‍ക്കായി 19.12 ലക്ഷം രൂപ വിനിയോഗിച്ചു. ചടങ്ങില്‍ പ്രായം കൂടിയ ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സി ചാക്കോ, അനീഷ് ഫിലിപ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നിഷ രാജീവ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്ര വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കടപ്ര ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന സദസ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി രാജേശ്വരി അധ്യക്ഷയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ വിനീത വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കടപ്ര ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ജി.എസ് ബിജി അവതരിപ്പിച്ചു.
അതിദാരിദ്രത്തിന്‍ നിന്ന് 23 കുടുംബങ്ങളെ മുക്തരാക്കി. വീട്, മരുന്ന്,ഭക്ഷണം എന്നിവ നല്‍കി. ലൈഫ് മിഷന്‍ വഴി 91 പേര്‍ക്ക് വീട് നല്‍കി. 30 വീട് നിര്‍മാണം പുരോഗമിക്കുന്നു. 21 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി വീട് പൂര്‍ത്തീകരിച്ചു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു.ഭൂപ്രദേശം കണക്കിലെടുത്ത് പദ്ധതികള്‍ തയാറാക്കുക, ജല സ്രോതസുകളുടെ പുനരുദ്ധാരണം, അനധികൃത മത്സ്യബന്ധനം നിര്‍ത്തലാക്കുക, പഞ്ചസാര ഫാക്ടറി നിര്‍മാണം, തോടിന്റെ ആഴം കൂട്ടല്‍, ആറുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ നിര്‍ദേശം ചര്‍ച്ചയില്‍ വന്നു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജി നൈനാന്‍, മറിയാമ്മ എബ്രഹാം, ബിനില്‍ കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോമോന്‍ കുരുവിള, ജോര്‍ജ് തോമസ്, സോജിത്ത് സോമന്‍, ആസൂത്രണ സമിതി അംഗം പ്രൊഫ. കെ.വി സുരേന്ദ്രനാഥ്, അസിസ്റ്റന്റ് സെക്രട്ടറി എം ആര്‍ പ്രദീപ്കുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വത്സല ഗോപാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിരണം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും നിരണം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. നിരണം വൈ എം സി എ യില്‍ സദസ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. നിരണം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ജി സന്തോഷ് കുമാര്‍ അവതരിപ്പിച്ചു.
അതിദാരിദ്രത്തിന്‍ നിന്ന് 19 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, വരുമാനം, ആരോഗ്യം എന്നിവ ലഭ്യമാക്കി. ഡിജികേരളം വഴി കണ്ടെത്തിയ 837 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ വഴി 47 പേര്‍ക്ക് വീട് നല്‍കി. ഏഴ് വീട് നിര്‍മാണം പുരോഗമിക്കുന്നു. 21 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി വീട് പൂര്‍ത്തീകരിച്ചു.
പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു.പഞ്ചായത്തിന് കളിക്കളം, തോടും പാടശേഖരം വൃത്തിയാക്കുക, പ്രളയ ഷെല്‍ട്ടര്‍ നടപ്പാക്കുക, പൊതുശ്മശാനം, കോലറയാര്‍ വൃത്തിയാക്കി നീരൊഴുക്കിന് നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശം ചര്‍ച്ചയില്‍ വന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ വി.റ്റി ബിനീഷ് കുമാര്‍, മെറീന തോമസ്, മറിയാമ്മ എബ്രഹാം, എം ബി അനീഷ്, അംഗങ്ങളായ എം ജി രവി, സാറാമ്മ വര്‍ഗീസ്, അലക്‌സ് ജോണ്‍ പൂത്തുപള്ളില്‍, സിഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു എന്‍ നായര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.