ഗ്രാമപഞ്ചായത്തുകള്‍ വികസന സദസ് സംഘടിപ്പിച്ചു ( 17/10/2025)

Spread the love

കലഞ്ഞൂരില്‍ സമസ്ത മേഖലകളിലും സമഗ്ര വികസനം:  കെ യു ജനീഷ് കുമാര്‍ എംഎല്‍എ

കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, റോഡ്  തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ്   നടപ്പാക്കിയതെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ.  കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് പൗര്‍ണമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
പഞ്ചായത്തിലെ വിവിധ റോഡുകള്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്‌കൂള്‍, ആശുപത്രി, സബ് സെന്റര്‍ തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗതിയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് വികസന സദസ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നാടിന്റെ വികസനം സാധ്യമാക്കിയതെന്നും എം എല്‍ എ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അധ്യക്ഷയായി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ എസ് നവാസ് വിശദീകരിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടം സെക്രട്ടറി സുരേഷ് ബാബു അവതരിപ്പിച്ചു. പഞ്ചായത്തിലെ  23 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. 21 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ  മരുന്ന് വിതരണം ചെയ്യുന്നു.  തൊഴിലുറപ്പ് പദ്ധതി പ്രകാരം കിണര്‍,  സോക് പിറ്റ് എന്നിവയുടെ നിര്‍മാണത്തിന് ധനസഹായം നല്‍കി. ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ  472 കുടുംബങ്ങളുടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി.  ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 5688 പഠിതാക്കളുടെ പരിശീലനം പൂര്‍ത്തിയാക്കി.  കുട്ടികള്‍ക്കുള്ള ലഹരിമുക്ത കാമ്പയിന്‍ ഉണര്‍വ്, ശുചിത്വ കാമ്പയിന്‍ കാന്തിയോടെ കലഞ്ഞൂര്‍, ജലസ്രോതസുകളുടെ പുനരുദ്ധാരണം ഇനി ഞാന്‍ ഒഴുകട്ടെ തുടങ്ങിയ തനത് പദ്ധതികള്‍ നടപ്പാക്കി.

പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 3.2 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി 2.3 ലക്ഷം രൂപയും  റീഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തിപ്പിനായി 22.58 ലക്ഷം രൂപയും വിനിയോഗിച്ചു. അങ്കണവാടിയില്‍ പോഷകാഹാരം നല്‍കുന്നതിനായി 1.53 കോടി രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായമായി 75 ലക്ഷം രൂപയും വനിതകള്‍ക്കും കുട്ടികള്‍ക്കും കരാട്ടെ പരിശീലനത്തിനായി 4.71 ലക്ഷം രൂപയും നല്‍കി.

കൂടല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം കൂടല്‍ ഫിഷ് മാര്‍ക്കറ്റ് കലഞ്ഞൂര്‍, മാങ്കോട് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം, കലഞ്ഞൂര്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഇലവുന്താനം കീച്ചേരി പാലം, ഇടത്തരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുടങ്ങിയ പശ്ചാത്തല വികസനവും പഞ്ചായത്തില്‍ സാധ്യമാക്കി.

2021- 25 കാലഘട്ടത്തിലെ പശ്ചാത്തല മേഖലയില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 1.34 കോടി രൂപയും കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് 1.4 6 കോടി രൂപയും കുടിവെള്ള പദ്ധതിക്കായി 36 ലക്ഷം രൂപയും റോഡ് കോണ്‍ക്രീറ്റിനായി 3.10 കോടി രൂപയും  ചെലവഴിച്ചു. പാലിയേറ്റീവ് കെയറിനായി ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായവും രോഗികള്‍ക്ക് വൈദ്യ ഉപകരണവും ലഭ്യമാക്കി. മാലിന്യ സംസ്‌കരണം മേഖലയില്‍ വാതില്‍പടി ശേഖരണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ചു.

സംസ്ഥാന  സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. ചടങ്ങില്‍ ഹരിത കര്‍മ സേനാംഗങ്ങള്‍,  പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്തിലെ വികസന പ്രവര്‍ത്തനത്തിന് ഭൂമി നല്‍കിയവരെയും  എം എല്‍ എ ആദരിച്ചു.
വിഷന്‍ 2031മായി ബന്ധപ്പെട്ട പൊതുജന അഭിപ്രായം ചര്‍ച്ചയില്‍ സ്വീകരിച്ചു. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും തൊഴില്‍മേളയും കുട്ടികളുടെ കൈകൊട്ടി കളിയും സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം.പി മണിയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാന്‍ ഹുസൈന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍,  ആശാവര്‍ക്കര്‍മാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുറമറ്റം ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി

പുറമറ്റം ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഊര്‍ശ്ലേം ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സദസില്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഒ കെ മോഹന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് റിസോഴ്‌സ് പേഴ്‌സണ്‍ എസ് ഗിരീഷ് കുമാറും ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ടി ബിനോയിയും അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്തില്‍ കണ്ടെത്തിയ രണ്ട് അതിദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സ ആനുകൂല്യങ്ങളും ലൈഫിലൂടെ ഭൂമി, വീട്,  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍,  ഉജ്ജീവനം പദ്ധതിയിലൂടെ   സംരംഭം തുടങ്ങുന്നതിന് തിരിച്ചടവില്ലാത്ത ലോണ്‍ എന്നീ ആനുകൂല്യങ്ങളും നല്‍കി.

ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 2221 പഠിതാക്കള്‍ക്ക് പരിശീലനം നല്‍കി 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ചു. ലൈഫ് ഭവന പദ്ധതിയില്‍  17 കുടുംബങ്ങള്‍ക്ക് ഭൂമിയും 133 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനവും നല്‍കി. 101 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.  32 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.  പി എം എ വൈ ഭവന പദ്ധതിയില്‍ ഒമ്പത് വീടുകള്‍ പൂര്‍ത്തിയാക്കി. 15 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ലൈഫ് ഭവന പദ്ധതിക്ക്  അഞ്ച് കോടി രൂപ ചെലവഴിച്ചു.

ജൈവമാലിന്യ സംസ്‌കരണത്തിന് ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ബയോബിന്‍, ജി ബിന്‍ എന്നിവ വിതരണം ചെയ്തു.  പാലിയേറ്റീവ് കെയറിലൂടെ  133 രോഗികള്‍ക്ക് സേവനം നല്‍കി .

പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി  2.52 കോടി രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകള്‍, അംഗണവാടി കെട്ടിടം, എന്‍സിഎഫ് കെട്ടിടം, ആയുര്‍വേദ ആശുപത്രി കെട്ടിടം, ആയുര്‍വേദ സബ് സെന്റര്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

സംസ്ഥാന  സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും തൊഴില്‍മേളയും കുട്ടികളുടെ കൈകൊട്ടി കളിയും സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ചടങ്ങില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും മികച്ച സംരംഭകരെയും സിഡിഎസ് അംഗങ്ങളെയും ആദരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ബിജു, അംഗങ്ങളായ ഷിജു പി കുരുവിള, ശോഭിക ഗോപി, സാബു ബഹനാന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍  എം ബി ഓമനകുമാരി, അസിസ്റ്റന്റ് സെക്രട്ടറി രചനി രവീന്ദ്രന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി കെ ലതാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷയായി.

 

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു പഞ്ചായത്തിനെ അതിദാരിദ്ര പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ  പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി സി ബിന്ദു അവതരിപ്പിച്ചു.

 

അതിദാരിദ്രത്തിന്‍ നിന്ന് 15 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, വരുമാനം, മരുന്ന് എന്നിവ ലഭ്യമാക്കി.  ലൈഫ് മിഷന്‍ വഴി 103 പേര്‍ക്ക് വീട് നല്‍കി.  വീട് വാസയോഗ്യമാക്കുന്നതിന് 156 കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കി. റോഡ്, സ്‌കൂള്‍, അങ്കണവാടി, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം മേഖലയില്‍ പദ്ധതി നടപ്പാക്കി. തുല്യതാ തുടര്‍ വിദ്യാഭ്യാസപരിപാടിയിലൂടെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിച്ചു. തുല്യത പരിപാടിയിലൂടെ 88 പേര്‍ സാക്ഷരത നേടി. വയോജന ക്ഷേമം, ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും ഉപജീവനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കി. വിവിധ മേഖലകളില്‍ മികവ് നേടിയവരെ സദസില്‍ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗംകെ.എസ് രാജലക്ഷ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍,സ്ഥിരം സമിതി അധ്യക്ഷരായ എന്‍.ടി എബ്രഹാം, ശ്രീജ ആര്‍ നായര്‍, പഞ്ചായത്തംഗം കെ.ജി സഞ്ചു,  ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏനാദിമംഗലം പഞ്ചായത്തില്‍ വികസന സദസ് നടത്തി

ഏനാദിമംഗലം പഞ്ചായത്തിന്റെ വികസന സദസ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാം വാഴോട് അധ്യക്ഷനായി.

 

വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ ശിവദാസ് വിശദീകരിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി കെ ഷൈലജ അവതരിപ്പിച്ചു.  സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ പഞ്ചായത്തിലെ  316 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം നല്‍കി. 286 വീടുകള്‍ പൂര്‍ത്തീകരിച്ചു. 30 വീടുകള്‍ നിര്‍മാണ പുരോഗതിയിലാണ്. പദ്ധതിക്കായി 8.79 കോടി  രൂപ ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 61 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി വാങ്ങുന്നതിന് 1.27 കോടി രൂപ വിനിയോഗിച്ചു.  അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി  ഒമ്പത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനും ആറ് കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപണികള്‍ക്കുമുള്ള ധനസഹായം നല്‍കി. 41 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നു. ജല്‍ജീവന്‍ മിഷന്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് 5.24 ലക്ഷം രൂപ നല്‍കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള പൈപ്പ്ലൈന്‍ എക്സ്റ്റന്‍ഷനായി 4.78 കോടി രൂപ ചിലവഴിച്ചു.

പുതിയ കുടിവെള്ള കിണര്‍ നിര്‍മിക്കാന്‍ 12 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. സാന്ത്വന പരിചരണ പദ്ധതിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തിലെ  165 പേര്‍ക്ക് മാസംതോറും ഗൃഹകേന്ദ്രീകൃത പരിചരണം നല്‍കുന്നു.

 

കിടപ്പു രോഗികള്‍ക്ക് ആവശ്യമായ വിലകൂടിയ മരുന്നുകള്‍, ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ ഡയലൈസര്‍, അനുബന്ധ ഉപകരണങ്ങള്‍, കാന്‍സര്‍ രോഗികള്‍ക്കാവശ്യമായ മരുന്ന് എന്നിവ
നല്‍കുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നിവയ്ക്കായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പാക്കി.
സംസ്ഥാന  സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. ഹരിത കര്‍മ സേന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളുടെ എക്‌സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും തൊഴില്‍മേളയും സദസിന്റെ ഭാഗമായി സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടം അവതരിപ്പിക്കുന്നതിനും വികസന പദ്ധതികളെ പറ്റി അവലോകനം നടത്തുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ജില്ലാ പഞ്ചായത്തംഗം സി കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി  അധ്യക്ഷരായ പി രാജഗോപാലന്‍ നായര്‍, ശങ്കര്‍ മാരൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മഞ്ജു, തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനൂപ് വേങ്ങവിളയില്‍, ലക്ഷ്മി ജി നായര്‍, ജീന ഷിബു, അരുണ്‍ രാജ്, വകുപ്പുദ്യോഗസ്ഥര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മനുഭായി മോഹന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ അവതരിപ്പിച്ചു.

ഡിജികേരളം വഴി കണ്ടെത്തിയ 1703 പഠിതാക്കളുടെയും പരിശീലനം പൂര്‍ത്തിയാക്കി കല്ലൂപ്പാറ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി.അതിദാരിദ്രത്തിന്‍ നിന്ന് 13 കുടുംബങ്ങളെ മുക്തരാക്കി വാസസ്ഥലം, ഉപജീവനമാര്‍ഗം, ചികിത്സ, ഭക്ഷണം എന്നിവ ലഭ്യമാക്കി. ലൈഫ് മിഷന്‍ വഴി 53 പേര്‍ക്ക് വീട് നല്‍കി.22 വീട് നിര്‍മാണം പുരോഗമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും  ക്ഷേമം ഉറപ്പിക്കാന്‍  പദ്ധതികള്‍ നടപ്പാക്കി. റോഡ്, കുടിവെള്ള വിതരണം, വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ കെട്ടിട നിര്‍മാണം, മാലിന്യ സംസ്‌കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഞ്ചായത്ത് പ്രവര്‍ത്തിച്ചു.

ഗ്രാമപഞ്ചായത്തംഗം രതീഷ് പീറ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി എം. ജ്യോതി, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാലപ്പുഴയില്‍ ആധുനിക ബസ്റ്റാന്റ് ഉടന്‍ സാധ്യമാകും :കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

മലയാലപ്പുഴയ്ക്കായി ആധുനികവല്‍ക്കരിച്ച ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ജനീഷ് കുമാര്‍ എംഎല്‍എ. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ 23ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  പുതിയ ബസ്റ്റാന്‍ഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ മേഖലയിലും വികസനം സാധ്യമാക്കാന്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞു. നാടിന്റെ മുഖച്ഛായ മാറ്റി റോഡുകള്‍ ആധുനികവല്‍ക്കരിച്ചു. ആരോഗ്യമേഖലയ്ക്കായി പുതിയ ആശുപത്രി കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. സ്‌കൂളിനായി പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യ വികസനം ഒരുക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചു

.  മലയാലപ്പുഴ ആഗ്രഹിച്ച വികസനങ്ങളാണ് പുരോഗമിക്കുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.പഞ്ചായത്ത് പ്രോഗ്രസ് റിപ്പോര്‍ട്ട്   എം എല്‍ എ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ  റിസോഴ്‌സ് പേഴ്‌സണ്‍
എന്‍ പ്രകാശ് അവതരിപ്പിച്ചു . മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി എസ് പ്രവീണ്‍ വിശദീകരിച്ചു. തുടര്‍ന്ന് ഭാവി വികസന ആശയം പങ്കുവച്ച് പൊതു ചര്‍ച്ച നടന്നു. മികച്ച പ്രവര്‍ത്തനം നടത്തിയ ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍ നാടിനായി പ്രവര്‍ത്തിച്ചവര്‍,  ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ എംഎല്‍എ ആദരിച്ചു.
7.62 കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം നിര്‍മാണം വൈകാതെ പൂര്‍ത്തിയാകും. 1.20 കോടി രൂപയ്ക്ക് മലയാലപ്പുഴയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി.  ഗാന്ധി സ്മാരക ഉന്നതിയില്‍ ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നേടി. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെട്ടൂര്‍ ഏലായിലേക്ക് ലിഫ്റ്റ് ഇറിഗേഷന്‍ വഴി ചെറിയ കനാലുകള്‍ നവീകരിച്ചു. അച്ചന്‍കോവില്‍ ആറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വെട്ടൂര്‍ എലായിലെക്ക് കൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ച നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. പുതുക്കുളത്ത് ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഓപ്പണ്‍ ജിം സ്ഥാപിച്ചതായും വികസന രേഖ ചൂണ്ടികാട്ടി.

ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി,  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീലാകുമാരി ചാങ്ങയില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍ വളര്‍മതി, അംഗങ്ങളായ എം ഇ രജനീഷ്, വി മഞ്ചേഷ് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജലജ  കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

തോട്ടപ്പുഴശേരി വികസന സദസ്

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വികസന സദസ് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി എസ് ബിനോയ് അധ്യക്ഷനായി. റിസോഴ്സ് പേഴ്സണ്‍ എം കെ വാസു വികസന സദസിന്റെ പ്രാധാന്യം വിശദീകരിച്ചു. പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടം സെക്രട്ടറി സി ജി സുരേഷ് അവതരിപ്പിച്ചു. വെള്ളങ്ങൂരില്‍ വെറ്ററിനറി സബ് സെന്റര്‍ നിര്‍മിച്ചു. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന രഹിതര്‍ക്കും ഭൂരഹിതര്‍ക്കും വീട് നല്‍കി. ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കി. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി. ഫ്രൂട്ട് ഫെസ്റ്റ് മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മുഖേനെ ഹരിതകര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് വാഹനം ലഭ്യമാക്കി. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കാനായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് ശോഭ നന്ദി പറഞ്ഞു.

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്  സംഘടിപ്പിച്ചു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. കെ ജെ സിനി അധ്യക്ഷയായി.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി.  റിസോഴ്‌സ് പേഴ്‌സണ്‍ കെജി ബഷീര്‍ വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച്   സെക്രെട്ടറി സന്ദീപ് ജേക്കബ് വീഡിയോ പ്രദര്‍ശനവും അവതരണവും നടത്തി. ഭാവി വികസനത്തെ കുറിച്ച് നിര്‍ദേശം പങ്കുവച്ച് ചര്‍ച്ചയും നടന്നു.  ഓപ്പണ്‍ ഫോറം ചര്‍ച്ചയ്ക്ക്  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റ്റി കെ സുനില്‍  നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ്  സദസ് സംഘടിപ്പിച്ചത്.

ലൈഫ് ഭവന പദ്ധതിയുടെ വിവിധ ഘട്ടങ്ങളായി 117 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് സാധിച്ചതായും വികസന രേഖയില്‍ പറഞ്ഞു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ സദാശിവന്‍ സജി തെക്കുംകര  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ സദാശിവന്‍,  സജി തെക്കുംകര, ഗ്രേസി സാമുവല്‍, സീനിയര്‍ ക്ലര്‍ക്ക് ജ്യോതി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!