
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പ് വിലയിരുത്തി
konnivartha.com; ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നു വരെ നടക്കുന്ന പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. 9188933746 ആണ് നമ്പര്‍. തീര്‍ത്ഥാടകര്‍ക്കായി രാത്രിയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസ് ഉണ്ടാകും. പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പരുമലപള്ളി സെമിനാരി ഹാളില്‍ വിലയിരുത്തി.
തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരുവല്ല, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാരോട് മന്ത്രി ആവശ്യപ്പെട്ടു. 10 സെക്ടറായി തിരിച്ച് സുരക്ഷയ്ക്കായി വിശദമായ പദ്ധതി പൊലിസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലിസ് സേവനം ഉണ്ടാകും. 25 കേന്ദ്രങ്ങളില്‍ പൊലിസ് ട്രാഫിക് നിയന്ത്രിക്കും. വാഹനങ്ങള്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.
അനധികൃത കച്ചവടം ഒഴിപ്പിക്കും. യാചക നിരോധന മേഖലയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കും. ഹോട്ടലില്‍ ഭക്ഷണ വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് മന്ത്രി പറഞ്ഞു. പദയാത്രയ്ക്കിടെ 24 മണിക്കൂറും ആംബുലന്‍സ് സര്‍വീസുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുന്നത് പരിശോധിക്കും.
ഹരിത ചട്ടം കൃത്യമായി പാലിക്കും. ശുദ്ധജലം പരമാവധി സ്റ്റീല്‍ ഗ്ലാസുകളില്‍ നല്‍കും. ഹരിതകര്‍മ സേനയുടെ സേവനം ഉപയോഗിക്കും. വഴിയോരങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ‘ടെയ്ക്ക് എ ബ്രേക്ക്’ സംവിധാനം കാര്യക്ഷമമാക്കാന്‍ കടപ്ര, മാന്നാര്‍, പാണ്ടനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ഫയര്‍ ഫോഴ്സിന്റെ കീഴില്‍ സ്‌കൂബ ടീമുണ്ടാകും. ആയുര്‍വേദ, ഹോമിയോ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും.
മൊബൈല്‍ ലാബിന്റെ സേവനമുണ്ടാകും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ള വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിക്കാന്‍ സൗകര്യമുണ്ട്. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. സിപിആര്‍ പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.
മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കടപ്ര, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകന്‍, അമ്മാളുക്കുട്ടി സണ്ണി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.