
വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ശബരിമലയില്‍ വെച്ചാണ് മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്.
നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.നിലവിൽ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി.
ശബരിമല മേൽശാന്തിയാവാനുള്ള പട്ടികയിൽ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്. തുലാമാസ പൂജകൾക്കായി ഇന്നലെ നട തുറന്നത് മുതൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ. സ്പോട് ബുക്കിങ് വഴി മുപ്പത്തിനായിരത്തിൽപരം പേരാണ് ഇന്നലെ ദർശനത്തിന് എത്തിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഇന്നലെ ഘടിപ്പിച്ചിരുന്നു. 22നാണ് രാഷ്ട്രപതിയുടെ സന്ദർശനം. അന്ന് തീർത്ഥടകർക്ക് നിയന്ത്രണമുണ്ടാകും.