മൊസാംബിക് ബോട്ടപകടത്തിൽപ്പെട്ട ശ്രീരാഗിന്‍റെ മൃതദേഹം കണ്ടെത്തി

Spread the love

 

konnivartha.com; ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലംതേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി.പി.പി.രാധാകൃഷ്ണൻ ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി (5), അനശ്വര (9).

കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്.ഏഴു വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വർഷം മുൻപാണ് മൊസാംബിക്കിൽ ജോലിക്ക് എത്തുന്നത്.ആറുമാസം മുൻപ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാൻ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് തിരിച്ചു പോയത് .ഈ മാസം 16ന് രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു . ഇലക്ട്രിക്കൽ എൻജിനീയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസറായിരുന്നു. 17 ന് പുലർച്ചെയാണ് അപകടം. മൊസാംബിക്കിൽ ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്ന എംടി സീ ക്വസ്റ്റ് എന്ന എണ്ണടാങ്കറിലേക്കു ജീവനക്കാരെ എത്തിക്കുന്ന ബോട്ടാണു മുങ്ങിയത്. ബോട്ടിലെ ജോലിക്കാരും കപ്പലിൽ ജോലിക്കു കയറേണ്ടവരും ഉൾപ്പെടെ 21 പേരാണു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽനിന്ന് 13 പേരെ രക്ഷപ്പെടുത്തി.

error: Content is protected !!