സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Spread the love

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, റോഡ് തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് ഐ ടി മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 1.10 ലക്ഷം രൂപയുടെ കയറ്റുമതി നടന്നു. രാജ്യത്ത് ആദ്യത്തെ അതിദരിദ്ര്യരില്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കും. ജില്ലയില്‍ കുടുംബശ്രീയിലൂടെ നൈപുണ്യ പരിശീലനം നല്‍കി ഓണത്തിന് മുമ്പ് 5286 പേര്‍ക്ക് തൊഴില്‍ നല്‍കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്തംഗം ബിജിലി പി ഈശോ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. വികസന സദസിന്റെ ലക്ഷ്യം, പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് എന്നിവ അസിസ്റ്റന്റ് സെക്രട്ടറി പി രേണു അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 46 കുടുംബങ്ങളുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. എട്ട് വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. അതിദാരിദ്ര്യത്തില്‍ നിന്ന് 23 കുടുംബങ്ങളെ മുക്തരാക്കി.

അതിദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സ ആനുകൂല്യങ്ങളും വീട്, ഉജ്ജീവനം പദ്ധതിയിലൂടെ സംരംഭം തുടങ്ങുന്നതിന് തിരിച്ചടവില്ലാത്ത ലോണ്‍ തുടങ്ങിയവയും നല്‍കി. ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 547 പഠിതാക്കളുടെ പരിശീലനം പൂര്‍ത്തിയാക്കി. പഞ്ചായത്തിലെ ഗ്രാമീണറോഡുകളുടെ പരിപാലനത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 2.63 കോടി രൂപയും പുതിയ റോഡുകള്‍ക്കായി 1.06 കോടി രൂപയും ചെലവഴിച്ചു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കി.

സദസിന്റെ ഭാഗമായി കെ സ്മാര്‍ട്ട് ക്ലിനിക്ക് സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടം അവതരിപ്പിക്കുന്നതിനും വികസന പദ്ധതികളെ പറ്റി അവലോകനം നടത്തുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച കര്‍ഷകര്‍, തൊഴിലുറപ്പ് , ഹരിത കര്‍മ സേന, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ആദരിച്ചു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ല പഞ്ചായത്തംഗം സാറ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ബി അന്നമ്മ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജോ പി മാത്യു, അംഗങ്ങളായ റോയി ഫിലിപ്പ്, മിനി സുരേഷ്, സി ടി എസ് ചെയര്‍പേഴ്സണ്‍ സുധ ശിവദാസ്, ആസൂത്രണ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ജോര്‍ജ് തബു, ചെറുകിട വ്യവസായ സംരംഭകന്‍ ഷാജി മാത്യു പുളിമൂട്ടില്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!