
നഗരറോഡുകളുടെ നിലവാരം ഉയര്‍ത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നഗര റോഡുകളുടെ മുഖഛായ മാറ്റി നവീകരിക്കും.
മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകള്‍ മാറണം. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് ബൈപ്പാസ്, ഫ്‌ളൈ ഓവര്‍, ജംഗ്ഷന്‍ വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റര്‍ നിര്‍മിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു. പത്തനംതിട്ട നഗരത്തില്‍ ശബരിമല നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു.
6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവല്‍ക്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബി.സി ഓവര്‍ലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാന്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലി മൂട്ടില്‍ കടവ് പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായ കുമ്പഴ-പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍-പത്തനംതിട്ട, പത്തനംതിട്ട-മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട-താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍-കാത്തോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല-കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, പത്തനംതിട്ട നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ റ്റി സക്കീര്‍ ഹുസൈന്‍, നഗരസഭാംഗം അഡ്വ എ സുരേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി സഞ്ജു, മനോജ് മാധവശേരില്‍, ഡി ഹരിദാസ്, എം സജികുമാര്‍, നൗഷാദ് കണ്ണങ്കര,, മുഹമ്മദ് സാലി, നിസാര്‍ നൂര്‍മഹല്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേര്‍ന്ന് തയ്യാറാക്കിയ റിസ്‌ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷര്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിദ്ധ്യത്തില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ടൗണ്‍പ്ലാനര്‍ ജി അരുണ്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.