konnivartha.com; വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടര്‍ഫ്‌കോര്‍ട്ടില്‍ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മേക്കൊഴൂരില്‍ ആധുനിക സൗകര്യത്തോടെ വോളിബോള്‍ ടര്‍ഫും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്.
വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടര്‍റഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിര്‍മിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വോളിബോള്‍ ടര്‍ഫ് നിര്‍മിക്കുന്നത്.മൈലപ്രയില്‍ നിന്നും ദേശീയ താരങ്ങള്‍ പിറന്നപ്പോഴും സ്വന്തമായി ഒരു കോര്‍ട്ടില്ല എന്നതിന് പരിഹാരവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടര്‍ഫ്.
ടര്‍ഫ് കോര്‍ട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്.
കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുക, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും കളിക്കാനായി സുരക്ഷിതമായ സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടര്‍ഫ് കോര്‍ട്ട് ഒരുക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് പറഞ്ഞു.