konnivartha.com; സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഇടുക്കിയിൽ ആരംഭിക്കുന്നു.
ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ഇടുക്കി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളിൽ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന്റേയും ഉദ്ഘാടനം ഇന്ന് ( ഒക്ടോബർ 26ന്) 2.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
അതോടൊപ്പം നാഷണൽ ആയുഷ് മിഷന്റെ 66 നിർമ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂർത്തിയാക്കിയ 7 നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനവും നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി. എന്നിവർ മുഖ്യാതിഥിയാകും. എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പുതിയ ആയുർവേദ കോളേജ് ആശുപത്രി നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെ ആശുപത്രിയുടെ ഭാഗമായുള്ള ഒ.പി സേവനങ്ങളും ആരംഭിക്കും. ആദ്യഘട്ടത്തിൽ ‘പ്രസൂതിതന്ത്ര-സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓർത്തോപീഡിക്സ്, കായ ചികിത്സ ജനറൽ മെഡിസിൻ’ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുക. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ എല്ലാ സ്പെഷ്യാലിറ്റികളും പ്രവർത്തിക്കും. വിവിധ ജില്ലകളിലായി മൊത്തം 73 നിർമ്മാണ പ്രവർത്തനങ്ങളാണ് അന്നേ ദിവസം ഉദ്ഘാടനം ചെയ്യുക.