നോര്‍ക്ക റൂട്ട്സ് :സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന്

Spread the love

 

പ്രവാസികള്‍ക്കായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വഴിയും. ഔദ്യോഗിക പ്രഖ്യാപനവും സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്ത്

konnivartha.com; പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 17 ന് ഒപ്പുവച്ച നോര്‍ക്ക റൂട്ട്സ്-ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും ഒക്ടോബര്‍ 29 ന് പാലക്കാട് ഒറ്റപ്പാലത്ത്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റുമായി (സി.എം.‍ഡി) സഹകരിച്ചാണ് ശില്പശാല. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ (മുന്‍സിപ്പല്‍ സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന ശില്പശാലയുടേയും വായ്പാനിര്‍ണ്ണയ ക്യാമ്പിന്റെയും ഉദ്ഘാടനം രാവിലെ 9.30 ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഒറ്റപ്പാലം എം.എല്‍.എ അഡ്വ കെ. പ്രേംകുമാര്‍ മുഖ്യാതിഥിയാകും. ബാങ്ക് ചെയര്‍മാന്‍ യു. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സംരംഭകത്വ ശില്പശാലയിലും വായ്പാ നിര്‍ണ്ണയക്യാമ്പിലും പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ടോ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വേദിയില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.

പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും 30 ലക്ഷം രൂപ വരെയുളള സംരംഭകവായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതി. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.

error: Content is protected !!