പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/10/2025 )

Spread the love

മലയാളദിനം, ഭരണഭാഷാവാരാഘോഷം നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ

പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.

 

എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും.

 

ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ആര്‍ ശ്രീലത, മിനി തോമസ്, കെ എച്ച് മുഹമ്മദ് നവാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

നവംബര്‍ ഒന്നിന് പ്രശ്നോത്തരി

ഭരണഭാഷാവാരോഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വിവര പൊതുജന സമ്പര്‍ക്ക  വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നവംബര്‍ ഒന്നിന് പ്രശ്നോത്തരി സംഘടിപ്പിക്കും. രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കുന്ന പ്രശ്നോത്തരിയില്‍ ഒരു ഓഫീസില്‍ നിന്ന് രണ്ട് ജീവനക്കാരുള്ള ടീമിന് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ നേരിട്ട് എത്തി രജിസ്ട്രേഷന്‍ ചെയ്യണം. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ചാണ് പ്രശ്നോത്തരി. വിജയികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.


ചുരുക്കപട്ടിക

ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)  ആംഡ് പോലീസ് ബറ്റാലിയന്‍ (കാറ്റഗറി നം. 740/2024) കേരള പോലീസ് സര്‍വീസ് വകുപ്പ് തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


ചുരുക്കപട്ടിക

ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)  (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ് സി /എസ് റ്റി) ആംഡ് പോലീസ് ബറ്റാലിയന്‍ (കാറ്റഗറി നം. 484/2024) കേരള പോലീസ് സര്‍വീസ് വകുപ്പ് തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


ചുരുക്കപട്ടിക

ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)  (എന്‍സിഎ – എസ് സി സി സി) ആംഡ് പോലീസ് ബറ്റാലിയന്‍ (കാറ്റഗറി നം. 803/2024) കേരള പോലീസ് സര്‍വീസ് വകുപ്പ് തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


തൊഴില്‍ മേള സംഘാടക സമിതി രൂപീകരിച്ചു

വിജ്ഞാന കേരളം പദ്ധതിയുടെയും വളളിക്കോട് പഞ്ചായത്തിന്റെയും  സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണായി വളളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായരെ തിരഞ്ഞെടുത്തു. കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ ഒന്നിന് തൊഴില്‍മേള നടക്കും.


ക്ലിനിക്കല്‍ ലാബ് ഉദ്ഘാടനം ഒക്ടോബര്‍ 31 ന്

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന  ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10ന് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകുന്ന യോഗത്തില്‍  പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.


ദര്‍ഘാസ്

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ, അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് മോട്ടര്‍ വാഹന വകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രൊജക്ടിന്റെ 2025-26 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ഒരു ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കുന്നതിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് ശേഷം 2.30. ഫോണ്‍ : 0468 2222426.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന് രാവിലെ 10.30ന് പത്തനംതിട്ട മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


ഫിസിയോതെറാപ്പിസ്റ്റ് നിയമനം

അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍  ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. ബിപിറ്റി യോഗ്യതയും പ്രവൃത്തി പരിചയമുളള 45 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ  സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 231900.


ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്്്പിറ്റല്‍ അഡ്്്മിനിസ്‌ട്രേഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ പ്ലസ്ടു മുതല്‍ യോഗ്യതയുളളവര്‍ക്ക് ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്്്പിറ്റല്‍ അഡ്്്മിനിസ്‌ട്രേഷന്‍ (6 മാസം) കോഴ്‌സിലേക്ക്  പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 0479 2457498.


അറിയിപ്പ്

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെ തകര്‍ക്കുന്ന ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന ജീവനക്കാരോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മെഡിക്കല്‍ കോളജ് ദിനംപ്രതി വികസനപാതയിലാണ്. ദിവസേന ആയിരത്തോളം വരുന്ന ഒ.പി കളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഇതോടൊപ്പം മേജര്‍, മൈനര്‍ ശസ്ത്രക്രിയകള്‍ തിങ്കള്‍ മുതല്‍ ശനി വരെ നടത്തുന്നുമുണ്ട്.