കാപ്പി വിളയും ഗ്രാമം:റോബസ്റ്റ കാപ്പി കൃഷിയുമായി കൊടുമണ്‍ പഞ്ചായത്ത്

Spread the love

 

konnivartha.com; കാര്‍ഷിക ഗ്രാമമായ കൊടുമണ്ണില്‍ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ്‍ മാറി. പ്ലാന്‍ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്.

കൃഷിഭവനിലൂടെ ‘റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിളവെടുക്കുന്ന അത്യുല്‍പാദന ശേഷിയുള്ള റോബസ്റ്റ ഇനത്തിലെ കാപ്പി തൈയാണ് നല്‍കിയത്. തരിശ് ഭൂമിയിലും റബര്‍, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി തിരഞ്ഞെടുത്ത 350-400 കര്‍ഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികള്‍ക്കൊപ്പം തേനീച്ച കൃഷിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്.

പന്നി ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാന്‍ തയ്യാറായത്. രുചിയിലും ഗുണമേന്മയിലും നിലവാരം പുലര്‍ത്തുന്ന റോബസ്റ്റ കാപ്പി കൃഷിയുടെ പരിചരണത്തിനായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. കൃഷിക്കൊപ്പം സംഭരണത്തിലേക്കും മൂല്യവര്‍ധിത ഉല്‍പാദനത്തിലേയ്ക്കും വളര്‍ന്നിരിക്കുകയാണ് കൊടുമണ്‍ പഞ്ചായത്ത്. 2019ല്‍ വിപണിയിലെത്തിച്ച കൊടുമണ്‍ റൈസിന് മികച്ച സ്വീകാര്യതയുണ്ട്. അപ്പം, ഇടിയപ്പപ്പൊടി, പുട്ടുപൊടി എന്നിങ്ങനെ വിവിധ ഉല്‍പന്നങ്ങളുടെ വിപണിയിലേക്കും ബ്രാന്‍ഡ് കടന്ന് കയറി.

കാപ്പി കുരു വിളവെടുത്ത് സംസ്‌കരിച്ച് ഉല്‍പ്പന്നമാക്കി കൊടുമണ്‍ ബ്രാന്‍ഡില്‍ വിപണിയിലേക്ക് എത്തിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിപിന്‍ കുമാര്‍ പറഞ്ഞു.

കൃഷി, സംഭരണം, മൂല്യവര്‍ധന ഉല്‍പന്നങ്ങളുടെ വളര്‍ച്ച കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ആളുകള്‍ക്ക് വിഷരഹിത വിഭവങ്ങള്‍ ലഭ്യമാകുകയാണ് പ്രധാനം. കാപ്പിക്ക് പുറമെ നെല്‍കൃഷി, ചെണ്ടുമല്ലി, ഏത്തവാഴ, ഇഞ്ചി, പച്ചക്കറി കൃഷി വികസന പദ്ധതികളും കൃഷിഭവനിലൂടെ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം തീര്‍ക്കാന്‍ വേലിയും സജ്ജീകരിച്ചിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ രഞ്ജിത് കുമാര്‍ പറഞ്ഞു.