പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌കാരം

Spread the love

 

ആരോഗ്യ അനുബന്ധ മേഖലകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌കാരം. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.

അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ പ്രവര്‍ത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ ഒരുക്കിയ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ നല്‍കല്‍, സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെയിന്റിങ് മെഷീന്‍, വാട്ടര്‍ പ്യൂരിഫയര്‍, ഷീ ടോയ്‌ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പണ്‍ ജിം, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനായുള്ള പദ്ധതികള്‍, വയോജന രംഗത്ത് നടപ്പാക്കിയ വീല്‍സ് ഓണ്‍ മീല്‍സ് എന്നിവയാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹമാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, വൈസ് പ്രസിഡന്റ് ബീന പ്രഭ , സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. അജയ കുമാര്‍, ജിജി മാത്യു, സി.കെ ലതാ കുമാരി, ലേഖ സുരേഷ്, അംഗങ്ങളായ സി. കൃഷ്ണകുമാര്‍, ജസി അലക്സ് , മായ അനില്‍കുമാര്‍. രാജി പി. രാജപ്പന്‍, ജിജോ മോഡി, അജോമോന്‍, സൂപ്രണ്ട് ഡോ. നിധീഷ് ഐസക്ക് സമുവേല്‍, ഡോ . സാറ നന്ദന മാത്യു, ഡോ. ഗോപകുമാര്‍, പി. ആര്‍.ഒ ലെയ സി. ചാക്കോ, അനു തോമസ്, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ലഭിച്ച എംബിഎഫ്എച്ച്ഐ സര്‍ട്ടിഫിക്കറ്റും ഭരണസമിതി ഏറ്റുവാങ്ങി.