പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 31/10/2025 )

Spread the love

ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന് :മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ തിരുവല്ല വിജിഎം ഹാളില്‍  നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണ ജില്ലയായി പത്തനംതിട്ട:പ്രഖ്യാപനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 31 ന് നിര്‍വഹിക്കും

രക്ഷാകര്‍തൃ ശാക്തീകരണത്തില്‍ പുതുചരിത്രം കുറിച്ച് പത്തനംതിട്ട ജില്ല. സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ ഒക്ടോബര്‍ 31 രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിക്കും. കരുതലാകാം കരുത്തോടെ പദ്ധതി വിദ്യാലയങ്ങല്‍ നടപ്പാക്കിയതിലൂടെയാണ് ജില്ല നേട്ടം കൈവരിച്ചത്. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. കൈപുസ്തക പ്രകാശനം മന്ത്രി നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയുടെ കോര്‍ ഗ്രൂപ്പ് അംഗങ്ങളെയും പദ്ധതിയുടെ ലോഗോ തയ്യാറാക്കിയ വിദ്യാര്‍ഥിനിയേയും ഡെപ്യൂട്ടി സ്പീക്കര്‍  ആദരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇലന്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 31 ന്

ഇലന്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 31 ഉച്ചയ്ക്ക് 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം ഉദ്ഘാടനം ഒക്ടോബര്‍ 31 ന്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മല്ലപ്പള്ളി കോട്ട കുടിവെള്ള പദ്ധതി, അംബേദ്കര്‍ നഗര്‍ സാംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 ഉച്ചയ്ക്ക് 12.45 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓമല്ലൂര്‍ പറയനാലി എന്‍എസ്എസ് കരയോഗ അങ്കണത്തില്‍ നിര്‍വഹിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

വല്ലന കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി കെട്ടിട ഉദ്ഘാടനം ഒക്ടോബര്‍ 31

പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ പി കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31 വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്‌മോന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഏനാദിമംഗലം സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 31 ന്

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 46-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 31 വൈകിട്ട്  5.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചാങ്കൂര്‍ അങ്കണവാടി അങ്കണത്തില്‍ നിര്‍വഹിക്കും. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഗതാഗത നിരോധനം

റോഡുപണി നടക്കുന്നതിനാല്‍ ഏറത്ത് -വയല റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. അടൂര്‍ ഏനാത്ത് എംസി റോഡില്‍ നിന്നും ഏഴംകുളം -ഏനാത്ത്  റോഡ് വയല ജംഗ്ഷനില്‍ എത്തേണ്ടവര്‍ കിളിവയല്‍ ജംഗ്ഷനില്‍ നിന്ന് മുട്ടേകാട് പടിവഴി കാവനാല്‍പടി ജംഗ്ഷനിലും ഏഴംകുളം – ഏനാത്ത് റോഡില്‍ വയലായില്‍ നിന്ന് അടൂര്‍-ഏനാത്ത് എംസി റോഡില്‍ എത്തേണ്ടവര്‍ വയല പെട്രോള്‍ പമ്പിന് സമീപം കാവനാല്‍പടി ജംഗ്ഷനില്‍ നിന്ന് മുട്ടേകാട് പടി വഴി കിളിവയല്‍ ജംഗ്ഷനിലും എത്തണം.

 

നഴ്സിങ് അസിസ്റ്റന്റ്

അസാപ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18- 40.  അവസാന തീയതി നവംബര്‍ ഏഴ്. ഫോണ്‍ :9495999688, 9496085912.

 

വിമുക്തഭടന്മാര്‍ക്ക് അവസരം

കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2026 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെ ഒഴിവ് വരുന്ന സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നിവയിലേക്ക് സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പറേഷന്‍ (കെക്‌സ്‌കോണ്‍) രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാന്‍മാര്‍ക്കും ആശ്രിതര്‍ക്കും അപേക്ഷിക്കാം.  WWW.KEXCON.IN ലൂടെ ഡിസംബര്‍ 10 വൈകിട്ട്  അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെക്‌സ്‌കോണ്‍, ടി സി 25/838, വിമല്‍ മന്ദിര്‍, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695 014  വിലാസത്തിലോ 0471-2320771  ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വായ്പ

ജില്ലയിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ആറുവര്‍ഷം സര്‍വീസ് കാലാവധി ബാക്കിയുള്ളവര്‍ക്ക്  ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി നാല് ലക്ഷം രൂപ വരെ 10 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഫോണ്‍ : 9400068503. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം പോസ്റ്റ് ഓഫീസിന് സമീപം അഞ്ജലി ബില്‍ഡിംഗ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.


ദര്‍ഘാസ്

കോഴഞ്ചേരി ജില്ലാ ആശുപത്രി കെട്ടിട മേല്‍ക്കൂര അറ്റകുറ്റപണി ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി  ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2214108.


ക്വട്ടേഷന്‍

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘സുധീരം’ സ്വയം പ്രതിരോധ പരിശീലനത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള പരിശീലകരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ നാല് വൈകിട്ട് മൂന്നിന് മുമ്പ് പന്തളം -2, ശിശു വികസന പദ്ധതി ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 04734 292620.


റീ ടെന്‍ഡര്‍

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 9744987307


ലൈഫ് സര്‍ട്ടിഫിക്കറ്റ്

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍െൈ കപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും  പെന്‍ഷന്‍ ബുക്ക്/ കാര്‍ഡ് ,  ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കണം. വിലാസം: ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് , താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ആശുപത്രിക്ക് സമീപം, പത്തനംതിട്ട – 689 645.


ഓവര്‍സിയര്‍ നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിക്കായി ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് / അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം   തയാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 12 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 0468 2242215, 0468 2240175.


സ്വകാര്യവ്യക്തികള്‍ പുരയിടങ്ങളിലെ കാടുകള്‍ വെട്ടിതെളിക്കണം

വടശേരിക്കര ഗ്രാമപഞ്ചായത്ത് ഒന്നു മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള സ്ഥലങ്ങളിലെ കാട്ടുചെടികളും പാഴ്ചെടികളും ഉടമകള്‍/കൈവശക്കാര്‍  അടിയന്തരമായി വെട്ടി മാറ്റണം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായ സാഹചര്യത്തില്‍ സ്ഥല ഉടമകള്‍ വേണ്ടത്ര ജാഗ്രത കാണിക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ കേരള പഞ്ചായത്ത് രാജ് ആക്ട്  പ്രകാരം നടപടി സ്വീകരിക്കും.