konnivartha.com; കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപെടുത്താൻ 2 തവണ ശ്രമം നടത്തിയത് സംബന്ധിച്ചുള്ള പരാതിയില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു .
സ്കൂളിലെ ഷെഡിൽ കിടന്ന മിനി ബസിന്റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിൽ ഇരുമ്പ് പൊടിയും സോപ്പ് ലോഷനും ഈ മാസം രണ്ടിന് ഒഴിച്ചു .പിറ്റേന്ന് രാവിലെ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചപ്പോൾ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് മെക്കാനിക്കിനെ വരുത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്.
പിന്നീട് ഓയിൽ ടാങ്ക് ഉൾപ്പെടെ മാറ്റി വച്ചു.25ന് രാത്രിയിൽ വീണ്ടും ഇതേ സംഭവമുണ്ടായി.ബസിന്റെ പമ്പിലേക്കുള്ള ഹോസ് അഴിച്ചുവിടുകയും പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു.അടുത്ത ദിവസം ഡ്രൈവർ ബസ് എടുക്കാനായി വന്നപ്പോഴാണ് ഇതു ശ്രദ്ധയിൽപെട്ടത്. അതിനാൽ ബസ് ഓടിച്ചില്ല. സംഭവം ശ്രദ്ധയില്‍പ്പെടാതെ ഓടിച്ചു എങ്കില്‍ റോഡില്‍ വലിയ അപകടം സംഭവിച്ചേനെ .
ആദ്യം ബസിനു നേരെയുണ്ടായ സംഭവം സ്കൂൾ അധികൃതർ പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അന്വേഷണമുണ്ടായില്ല.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് ചേർന്ന് വിവരം എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തുകയും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതിനും ശേഷമാണ് പോലീസ് സ്കൂളില്‍ എത്തി അന്വേഷണം നടത്തിയത് എന്ന് പരാതിയുയര്‍ന്നു .
സ്കൂൾ അധികൃതർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്ത ശേഷമാണ് കേസെടുക്കുന്നത്.സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവൊന്നും ലഭിച്ചിട്ടില്ല.പരിസരങ്ങളിലെ വിവിധ സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടില്ല .പരിശോധിക്കണം എന്ന് സ്കൂള്‍ പി റ്റി എ ആവശ്യം ഉന്നയിച്ചു .
സ്കൂൾ വാഹനത്തിന്റെ യന്ത്ര ഭാഗങ്ങൾ നശിപ്പിച്ചത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന ക്രിമിനൽ കുറ്റവും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നടപടി ഉണ്ടാകാത്ത പക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് സമര പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് പഞ്ചായത്തംഗം എം.കെ.മനോജ് അറിയിച്ചു.