konnivartha.com; ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം എംപിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ എം.പി. വിശദമായി വിലയിരുത്തി.
തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ എം.പി.യുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകന യോഗം നടന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ, ശൗചാലയങ്ങൾ, വിരി വെക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ തീർത്ഥാടനം ആരംഭിക്കുന്ന ആദ്യ ദിനം മുതൽ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അടിയന്തിരമായി നിലവിൽ പൂട്ടിക്കിടക്കുന്ന വെജിറ്റേറിയൻ ഭക്ഷണശാല അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
യാത്രക്കാരുടെയും അയ്യപ്പഭക്തരുടെയും സുരക്ഷയ്ക്കായി അധിക ആർപിഎഫ് ഉദ്യോഗസ്ഥരും നിരീക്ഷണ ക്യാമറകളും വിന്യസിക്കണമെന്നും, തിരക്ക് നിയന്ത്രണം, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്ന് ഏകോപിത പ്രവർത്തനം നടത്തണമെന്നും എം.പി. ഡിവിഷനൽ റെയിൽവേ മാനേജർക്ക് നിർദ്ദേശം നൽകി.
ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് സൗകര്യം ചെങ്ങന്നൂരിൽ തന്നെ ആരംഭിക്കണമെന്ന് എം.പി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധിയോട് ആവശ്യപ്പെട്ടു.
ഈ വർഷം 415 സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്നും മുൻവർഷങ്ങളിലെ പോലെ ഇത്തവണയും സ്പെഷ്യൽ ട്രെയിനുകൾ കോട്ടയത്ത് അവസാനിപ്പിക്കാതെ തിരുവനന്തപുരം നോർത്ത് അല്ലെങ്കിൽ കൊല്ലം ജംഗ്ഷൻ വരെ നീട്ടണമെന്ന് എം.പി. ഡിവിഷനൽ റെയിൽവേ മാനേജർക്ക് നിർദ്ദേശം നൽകി.
പുനലൂർ വഴി വരുന്ന ട്രെയിനുകൾ കോട്ടയം വരെ സർവീസ് നടത്തുകയും, എല്ലാ ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്കും കോട്ടയത്തിനും കൊല്ലത്തിനും ഇടയിൽ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഏർപ്പെടുത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.
ഇത്തവണത്തെ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ കോട്ടയം വഴിയും പുനലൂർ വഴിയും ഉണ്ടാകുമെന്ന് എം.പി. കൂട്ടിച്ചേർത്തു. ട്രെയിനുകൾ പ്രധാനമായും ചെന്നൈ, ബാംഗ്ലൂർ, മംഗലാപുരം, തിരുപ്പതി, വിശാഖപട്ടണം, സെക്കന്ദരാബാദ്, മച്ചിലിപ്പട്ടണം, നന്ദേഡ്, ലോകമാന്യതിലക്, ഹുബ്ലി, താമ്പരം എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ മാനേജർ, ഓപ്പറേഷൻസ്, കൊമേർഷ്യൽ, ഇലക്ട്രിക്കൽ, കൺസ്ട്രക്ഷൻ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ, ചെങ്ങന്നൂർ ആർ.ഡി.ഒ., ഡിവൈഎസ്പി, നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരും ഫയർഫോഴ്സ്, കെ.എസ്.ആർ.ടി.സി., എക്സൈസ്, കെ.എസ്.ഇ.ബി., ആർ.പി.എഫ്., തിരുവിതാംകൂർ ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സമാജം, അയ്യപ്പ സേവാ സംഘം, ചെങ്ങന്നൂർ പ്രസ് ക്ലബ് എന്നിവിടങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
അവലോകന യോഗത്തിന്റെ ലക്ഷ്യം, ആഗോള തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിൽ കുറ്റമറ്റ രീതിയിലുള്ള മറ്റൊരു തീർത്ഥാടനകാലം ഒരുക്കുക എന്നതാണെന്ന് എം.പി. വ്യക്തമാക്കി