പത്തനംതിട്ട ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

Spread the love

കേരള സംസ്‌കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍

ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

കേരള സംസ്‌കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്.

 

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പ്രഖാപിച്ചത് ചരിത്ര നേട്ടമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മിച്ച് നല്‍കി, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറ ഉപയോഗിക്കുന്ന ഭാഷയിലെ മാറ്റം ഏറെ പ്രാധാന്യമുള്ളത്:  ശ്രീകുമാര്‍ മുഖത്തല

മലയാളത്തിന് കാലോചിതമായ പരിണാമം ഉണ്ടാകുന്നുണ്ടെന്നും പുതുതലമുറ ഉപയോഗിക്കുന്ന ഭാഷയിലെ മാറ്റം ഏറെ പ്രാധാന്യമുള്ളതാണെന്നും കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല പറഞ്ഞു.  ജില്ലാ  ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനത്തില്‍  മുഖ്യപ്രഭാഷം നടത്തുകയായിരുന്നു അദ്ദേഹം.

 

ഭരണഭാഷ സാധാരണക്കാര്‍ക്കും മനസിലാകുന്ന രീതിയിലാകണം. ഔദ്യോഗിക ജിവിതത്തില്‍ ഭരണഭാഷയെ സമുചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തി പൊതുജനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭൂമിശാസ്ത്രം, കൃഷി, സംസ്‌കാരം തുടങ്ങി അനേകം പ്രത്യേകതകള്‍ അടിസ്ഥാനമാക്കിയാണ് തമിഴില്‍ നിന്ന് മലയാളം സ്വതന്ത്രമായത്. ഇതില്‍ പത്തനംതിട്ട ജില്ലയുടെ സ്വന്തമായ നിരണം കവികള്‍ വലിയ പങ്ക് വഹിച്ചു. തുടര്‍ന്ന് എഴുത്തച്ഛന്റെ കാലത്ത് ഭാഷ കൂടുതല്‍ പുഷ്ടി പ്രാപിച്ചു. ശബ്ദമാണ് മലയാല ഭാഷയുടെ സൗന്ദര്യം. കൃത്യമായി ഉച്ചരിച്ചാല്‍ അസാമാന്യ പ്രതീതി സൃഷ്ടിക്കാന്‍ ശക്തിയുള്ളതാണ്. മലയാളത്തിന്റെ സങ്കീര്‍ണതയാണ് മറ്റു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. സ്ഥലവ്യത്യാസങ്ങള്‍ക്ക് അനുസരിച്ച് ഭാഷയുടെ ശൈലിയില്‍ ഉണ്ടാകുന്ന മാറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

എഡിഎം ബി ജ്യോതി അധ്യക്ഷയായി. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭാഷാ പ്രതിജ്ഞ ചൊല്ലി. ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാര ജേതാവായ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് സോണി സാംസണ്‍ ഡാനിയലിന് ജില്ലാ കലക്ടര്‍ ഔദ്യോഗിക ഭരണഭാഷാ വകുപ്പിന്റെ സദ്സേവന രേഖ സമ്മാനിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ക്ക് മലയാള ഭാഷ, സംസ്‌കാരം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ശ്രീകുമാര്‍ മുഖത്തല പ്രശ്‌നോത്തരി നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍,  ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, മിനി തോമസ്, ആര്‍ രാജലക്ഷ്മി, ആര്‍ ശ്രീലത, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഭാഷാ വാരഘോഷം :  പ്രശ്നോത്തരി വിജയികള്‍

ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ ജില്ല ചരക്ക് സേവന നികുതി വകുപ്പ് ഓഫീസിലെ ബി എന്‍ ഷിബിന്‍, എ കെ അരവിന്ദകൃഷ്ണന്‍ എന്നിവരുടെ ടീം ഒന്നാം സ്ഥാനത്തെത്തി.

 

കലക്ടറേറ്റ് റവന്യൂ വകുപ്പിലെ ആര്‍ ആര്യ, എസ് അഭിറാം എന്നിവരുടെ ടീം രണ്ടാം സ്ഥാനവും സഹകരണ ഓഡിറ്റ് തിരുവല്ല ഓഫീസിലെ കെ പി അശ്വതി, അഞ്ജു രാജ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രശ്‌നോത്തരിയില്‍ ജില്ലയിലെ വിവിധ ഓഫീസുകളിലെ 24 ടീമുകള്‍ പങ്കെടുത്തു. ആദ്യ സ്ഥാനത്തെത്തിയ ആറു ടീമുകള്‍ അന്തിമ റൗണ്ടിലെത്തി. ഇതില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം വിഷയങ്ങളിലായിരുന്നു പ്രശ്‌നോത്തരി. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല പ്രശ്‌നോത്തരി നയിച്ചു.