നിലക്കൽ പരുമല പദയാത്ര വിശേഷങ്ങള്‍

Spread the love

 

konnivartha.com; 39-മത് നിലക്കൽ പരുമല തീർഥാടന പദയാത്ര നടന്നു . പരിശുദ്ധ പരുമല തിരുമേനിയുടെ 123-മത് ഓർമ്മ പെരുനാളിനോടനുബന്ധിച്ചാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്തുവിൻ്റെ അരുമശിഷ്യൻ വി മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നുമാണ് പദയാത്ര ആരംഭിച്ചത്.

നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ പ്രഭാത നമസ്കാരത്തിനു ശേഷം അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡണ്ട് അഭി . മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം പദയാത്ര ആരംഭിച്ചു.

ആങ്ങമൂഴി സെൻറ് ജോർജ് ,നിലക്കൽ സെൻറ് തോമസ് ദേവാലയങ്ങളിലെ പദയാത്രികർ ഉൾപ്പടെ പരുമലതിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചി രിക്കുന്ന സീതത്തോട് സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ധുപപ്രാത്ഥനകൾ നടത്തി എൺപത്തിയാറു മിസ് ബഹുൽ ഉലൂം ജമാ അത്തിനു മുൻപിൽ മൗലവി ഷമ്മാസ് ബാഖവിയും ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികൾ വഞ്ചിപടിയിലും പദയാത്രക്ക് സ്വീകരണം നൽകി.

ചിറ്റാർ പഴയ ബസ്റ്റാൻഡിലെത്തിയ പദയാത്ര സംഘത്തോടൊപ്പം വയ്യാറ്റുപുഴ സെൻറ് തോമസ് ദേവാലയത്തിൽ നിന്നെത്തിയ തീർഥാടക സംഘവും പദയാത്രയോടൊപ്പം ചേർന്നു. ചിറ്റാർ സെൻറ് ജോർജ്ജ് വലിയ പള്ളിയിൽ ഉച്ചനമസ്കാരത്തിന് ശേഷം ചിറ്റാർ മാർക്കറ്റ് ജങ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ബഷീറിൻ്റെ നേതൃത്വത്തിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഭാരവാഹികളും വ്യാപാര സംഘടനാ പ്രതിനിധികളും നേർച്ച കാഴ്ചകളോടെ സ്വീകരണം നൽകി. മണിയാർ ജങ്ഷനിൽ കുടപ്പന സെൻറ് മേരീസ് പള്ളിയിൽ നിന്നുള്ള തീർഥാടകസംഘം യാത്രയ്ക്ക് ഒപ്പം ചേർന്നു. പൗരാവലിയുടെ നേതൃത്വത്തിൽ വടശേരിക്കര ഗ്രാമപഞ്ചായത്തു പ്രസിഡൻ്റെ ലതാമോഹൻ പേഴുംപാറ ജങ്ഷനിൽ പദയാത്രയെ സ്വീകരിച്ചു. വടശേരിക്കര വിശുദ്ധ മർത്തമറിയം തീർഥാടന പള്ളിയില്‍ നിന്നും ഇന്ന് തീർഥാടന യാത്ര പുനരാരംഭിച്ചു. കീക്കൊഴൂർ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ദേവാലയത്തിലെത്തി പ്രഭാത ഭക്ഷണത്തിനു ശേഷം
മാരാമൺ സെൻറ് മേരീസ് ദേവാലയ സന്ദർശിച്ചു . നെല്ലിക്കൽ എം ഡി എം പ്രാർഥന യോഗത്തിന് ശേഷം ആറാട്ടുപുഴ, പുത്തൻകാവ്, ചെങ്ങന്നൂർ, പാണ്ടനാട് വഴി പരുമല പള്ളിയിൽ എത്തിച്ചേര്‍ന്നു.

നിലക്കൽ ഉൾവനത്തിൽ നിന്നും വെട്ടിയെടുത്ത വള്ളിക്കുരിശുമായി പ്രാർഥനക്കും നേർച്ചസമർപ്പണത്തിനുമായി ദേവാലയത്തിലേക്കും കബറിങ്കലേക്കും പദയാത്രികർ പ്രവേശിക്കും. തിങ്കളാഴ്ച പരുമല പള്ളിയിലെ പെരുനാൾ കുർബാനയിലും കബറിങ്കൽ ധൂപ പ്രാർഥനയിലും നേർച്ച വിളമ്പിലും തീർത്ഥാടക സംഘം പങ്കെടുക്കും.

ആങ്ങമൂഴി സെൻറ് ജോർജ് , നിലക്കൽ സെൻറ് തോമസ്, സീതത്തോട് സെൻറ് ഗ്രീഗോറിയോസ്, വയ്യാറ്റുപുഴ സെൻറ് തോമസ്, ചിറ്റാർ സെൻറ് ജോർജ് വലിയപള്ളി, കുടപ്പന സെൻറ് മേരീസ്, വടശ്ശേരിക്കര വി മർത്തമറിയം തീർത്ഥാടനപള്ളി, എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

പദയാത്രയ്ക്ക് സംഘാടക സമിതി പ്രസിഡൻറ് ഫാ ജോബി എം വർഗീസ്, ജനറൽ കൺവീനർ ബിജു പടനിലം, മനോജ് കുളത്തുങ്കൽ, അനു വടശ്ശേരിക്കര, റവ ഫാ ബസലേൽ റമ്പാൻ, ഫാ ജോജി മാത്യു, ഫാ ഐവാൻ ജോസഫ് ഗീവർഗീസ്, ഫാ ഫിലിപ്പ് മാത്യു, ഫാ ജോബി ജോസഫ് ജോർജ്, ഫാ ജോജി ജോർജ് ഫിലിപ്പ്, ഫാ ബോബിൻ കോശി, ഫാ എബി വർഗ്ഗീസ്, ഫാ സിജു ഗീവർഗീസ്, മനോജ് പനങ്ങാട്ട്, ഷാജി സാമുവേൽ, ഫിലിപ്പ് വർഗ്ഗീസ്, ഫിലിപ്പ് തെനാലിൽ എന്നിവർ നേതൃത്വം നൽകി.